എടക്കരയിൽ അഗ്നിരക്ഷാ നിലയം ഉടന് അനുവദിക്കില്ല
Mail This Article
എടക്കര ∙ എടക്കരയിൽ അഗ്നിരക്ഷാ നിലയം ഉടനെയൊന്നും അനുവദിക്കാനാവില്ലെന്ന് അധികൃതർ. മലയോര മേഖലയിലെ എടക്കര, പോത്തുകല്ല്, വഴിക്കടവ്, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് എടക്കരയിൽ അഗ്നിരക്ഷാ നിലയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ വഴിക്കടവിലെ പുല്ലാണിക്കാട്ടിൽ അൻവർ ബാബു നവകേരള സദസ്സിൽ നൽകിയ അപേക്ഷയിൽ മറുപടിയായി സർക്കാരിൽ നിന്ന് ലഭിച്ച വിവരമാണിത്. ജില്ലാ ഫയർ ഓഫിസറാണ് ഇക്കാര്യം അറിയിച്ചത്. ഉള്ളൂർ, മാവുർ, ചീമേനി, പനമരം, വൈത്തിരി, ആറന്മുള, പാലോട്, നേര്യമംഗലം, തൊണ്ടർനാട് എന്നിവിടങ്ങളിൽ അഗ്നിരക്ഷാ നിലയങ്ങൾ ആരംഭിച്ചതിനു ശേഷമേ എടക്കരയിൽ പരിഹരിക്കാൻ സാധിക്കുകയുള്ളുവെന്നും വ്യക്തമാക്കുന്നുണ്ട്. എടക്കര ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നിലമ്പൂർ അഗ്നിരക്ഷാ നിലയത്തിന്റെ കീഴിലാണ്.
എന്നാൽ, പ്രളയവും മണ്ണിടിച്ചിലും കാട്ടുതീയും ഉൾപ്പെടെ അനിഷ്ടസംഭവങ്ങൾ കൂടുതൽ ഉണ്ടാകുന്നത് എടക്കര മേഖലയാണ്. കാലവർഷം ശക്തി പ്രാപിച്ചാൽ നിലമ്പൂർ നിലയത്തിൽ നിന്നു സേനയ്ക്ക് ഇവിടേക്ക് എത്തിച്ചേരാൻ പറ്റാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. നാടുകാണി ചുരം ഉൾപ്പെടെ സംസ്ഥാന അതിർത്തി പ്രദേശവും സ്ഥിതി ചെയ്യുന്നതിനാൽ പ്രത്യേക പരിഗണന നൽകി എടക്കരയിൽ മിനി അഗ്നിരക്ഷാ നിലയമെങ്കിലും അനുവദിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. അഗ്നിരക്ഷാ നിലയത്തിനു വാടകയ്ക്ക് കെട്ടിടം നൽകാൻ കാറ്റാടിയിലെ കെട്ടിട ഉടമ തയാറാണ്. ഈ കെട്ടിടം അഗ്നിരക്ഷാ വിഭാഗത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം 2 വർഷം മുൻപു വന്നു കണ്ടതാണ്. ഇതിനു സമീപത്തായി റോഡരികിൽ റവന്യു വകുപ്പിന്റെ 20 സെന്റോളം വരുന്ന റവന്യു ഭൂമി ഒഴിഞ്ഞു കിടക്കുന്നുണ്ട്. അഗ്നിരക്ഷാ നിലയം പിന്നീട് ഇവിടേക്കു മാറ്റാവുന്നതുമാണ്. ഈ സ്ഥലവും സംഘം സന്ദർശിച്ചിരുന്നു.