ദേശീയപാതയിൽ ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപെട്ടു; ചികിത്സ കിട്ടാതെ 2 പേർ മരിച്ചു
Mail This Article
മലപ്പുറം∙ ആംബുലൻസ് ഗതാഗതക്കുരുക്കിൽപെട്ടു ചികിത്സ വൈകിയതിനെത്തുടർന്നു രണ്ടു രോഗികൾ മരിച്ചു. ദേശീയപാതയിൽ കാക്കഞ്ചേരിക്കും രാമനാട്ടുകരയ്ക്കുമിടയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. എടരിക്കോട് കോളജ് പടിയിലെ കളത്തിങ്ങൽ സുലൈഖ (54), കോട്ടാശ്ശേരി സജിൽ കുമാർ (51) എന്നിവരാണു മരിച്ചത്. രോഗികളെ കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർമാർ ഇന്നലെ പുറത്തുപറഞ്ഞതോടെയാണു സംഭവം ചർച്ചയായത്.
സുലൈഖയെ കോട്ടയ്ക്കലിലെ ആശുപത്രിയിൽനിന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഐസിയു സംവിധാനമുള്ള ആംബുലൻസ് രാത്രി 7.10 മുതൽ അര മണിക്കൂറോളം ഗതാഗതക്കുരുക്കിൽപെട്ടു. ഇതിനിടെ രോഗിയുടെ നില വഷളായി. 7.50നു ചുങ്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭർത്താവ്: ഇബ്രാഹിം. മക്കൾ: ഷരീഫ്, മഹ്റൂഫ്, സാഹിറ, റഊഫ്. മരുമക്കൾ: ആയിശാബി, സമീറ, മായിൻകുട്ടി, ഷമീമ.
ഹൃദയാഘാതത്തെത്തുടർന്നു ചേളാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷജിൽ കുമാറിനെ അവിടെനിന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് ഗതാഗതക്കുരുക്കിൽപെട്ടത്. ഇതിനിടെ രോഗിയുടെ നില വഷളായതിനെ തുടർന്ന് രാത്രി 7.55നു ചുങ്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റുബീനയാണു ഭാര്യ. മക്കൾ: സാനിയ, റിനു.ദേശീയപാതയിൽ കാക്കഞ്ചേരി വളവിൽ 150 മീറ്റർ ഒഴികെ മറ്റെല്ലായിടത്തും ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയായി. ആറുവരിപ്പാതയിലൂടെ കൂട്ടത്തോടെ വരുന്ന വാഹനങ്ങൾ കാക്കഞ്ചേരി വളവിൽ വീതി കുറവുള്ള ഭാഗത്തെത്തുമ്പോൾ വൻ ഗതാഗതക്കുരുക്കിൽപെടുന്നതു പതിവാണ്.
ദേശീയപാത നിർമാണം: അപകടങ്ങളിൽ മരിച്ചത് 79 പേർ
തേഞ്ഞിപ്പലം∙ ജില്ലയിൽ ദേശീയപാതാ നിർമാണം കാരണമുണ്ടായ അപകടങ്ങളിൽ ഇതിനകം മരിച്ചത് 79 പേർ. അതിൽ 32 മരണങ്ങളും വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽപെട്ട ഭാഗത്താണു നടന്നത്. 2022 ജനുവരി മുതൽ 2024 നവംബർ വരെയുള്ള കണക്കാണിത്. ജില്ലാ വികസന സമിതി യോഗത്തിൽ പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ ചോദ്യത്തിനു ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിലാണ് ഈ കണക്ക്. ഗതാഗതക്കുരുക്കിൽ അകപ്പെട്ടു കാക്കഞ്ചേരിയിൽ ആംബുലൻസ് വൈകി ആശുപത്രിയിൽ യഥാസമയം എത്തിക്കാനാകാതെ 2 പേർ മരിച്ചതുകൂടി ചേർത്താൽ മരണസംഖ്യ 81 ആകും.
വാഹനങ്ങൾ റോഡിൽ അകപ്പെട്ടാൽ പലപ്പോഴും വഴിതിരിച്ചുവിടാൻ പോലും കഴിയില്ലെന്നതാണ് അവസ്ഥ. കാക്കഞ്ചേരിയിലെ ഗതാഗത തടസ്സം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ആംബുലൻസുകൾക്കു മറ്റു വഴികൾ തേടാമായിരുന്നു. കാക്കഞ്ചേരി വളവിൽ മാസങ്ങളായി തുടരുന്നതാണ് ഈ ദുരിതം. ഏതാണ്ട് 150 മീറ്ററിൽ ആറുവരിപ്പാത ഇനിയും പൂർത്തിയായിട്ടില്ല. സർവീസ് റോഡിന്റെ പണിയും ബാക്കിയുണ്ട്. മേഖലയിൽ മറ്റെല്ലായിടത്തും ആറുവരിപ്പാത തുറക്കുകയും കാക്കഞ്ചേരി വളവിൽ മാത്രം സൗകര്യമില്ലാത്ത വഴിയിലൂടെ വാഹനങ്ങളെ വിടുകയും ചെയ്യുന്നതാണ് അപകടക്കുരുക്കിന് ഇടയാക്കിയത്.
ഞായർ വൈകിട്ട് ആറുവരിപ്പാതയിൽ ചെട്യാർമാട് മുതൽ കാക്കഞ്ചേരി വളവ് വരെയുള്ള 3 ട്രാക്കുകളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കാക്കഞ്ചേരി വളവിൽ സുഗമ ഗതാഗതത്തിന് ഉടൻ സൗകര്യം ഏർപ്പെടുത്തണമെന്നു പി.അബ്ദുൽ ഹമീദ് എംഎൽഎ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാക്കഞ്ചേരിയിൽ ദേശീയപാതാ നിർമാണം തീരും വരെ ആംബുലൻസുകൾക്കു ബദൽ പാത ഒരുക്കണമെന്നും ട്രാഫിക് സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെ വിനിയോഗിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.