വിണ്ടുകീറിയ വീടുകളും ഭൂമിയും 3.32 കോടി രൂപയ്ക്ക് ഏറ്റെടുത്തു; മാർച്ച് 31നുള്ളിൽ ആറുവരിപ്പാത
Mail This Article
കുറ്റിപ്പുറം ∙ മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയുടെ നിർമാണം 2025 മാർച്ച് 31ന് അകം പൂർത്തിയായേക്കും. ദേശീയപാത അതോറിറ്റി നിർദേശിച്ച ഈ സമയത്തിനകം ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ കരാർ ഏറ്റെടുത്ത കെഎൻആർസിഎൽ കമ്പനിക്കു കനത്ത പിഴ അടയ്ക്കേണ്ടിവരും. ഇതുകൊണ്ടുതന്നെ നിശ്ചിത സമയത്തിനുള്ളിൽ പാതയുടെ നിർമാണം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎൻആർസിഎൽ. കരാർ പ്രകാരം 2024 ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കേണ്ട പദ്ധതിയാണ് 7 മാസം നീട്ടിയത്.
കോഴിക്കോട് ജില്ലാ അതിർത്തിയായ ഇടിമുഴിക്കലിൽ നിന്ന് തൃശൂർ ജില്ലാ അതിർത്തിയായ പുതിയിരുത്തിവരെയുള്ള 75 കിലോമീറ്റർ ദൂരത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. പാലങ്ങൾ അടക്കമുള്ള പ്രധാന നിർമാണ ജോലികൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വയഡക്ട് പാലമായ വട്ടപ്പാറ–ഓണിയൽ പാലത്തിന്റെ നിർമാണമാണ് പ്രധാനമായും അവശേഷിക്കുന്നത്. ഇതിന്റെ ജോലികൾ പുരോഗമിക്കുകയാണ്. വട്ടപ്പാറ വളവിന് മുകൾ ഭാഗത്തുനിന്ന് ആരംഭിക്കുന്ന വയഡക്ട് വളാഞ്ചേരി–കുറ്റിപ്പുറം റോഡിലെ ഓണിയൽ പാലത്തിലാണ് എത്തിച്ചേരുന്നത്.
ഈ ഭാഗത്തു ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. 2022 ജനുവരിയിൽ ആരംഭിച്ച ജോലികൾ തടസ്സമില്ലാതെയാണ് മുന്നോട്ടു പോകുന്നത്. ജില്ലയിൽ 2 റീച്ചുകളിലായാണു ജോലികൾ നടക്കുന്നത്. ജില്ലയിലെ ടോൾ പ്ലാസയും ആറുവരിപ്പാതയിലെ വിശ്രമ കേന്ദ്രം, ശുചിമുറി സംവിധാനം അടക്കമുള്ളവയും വെട്ടിച്ചിറയിലാണ് ഒരുങ്ങുന്നത്. ഇതിന്റെ ജോലികളും പുരോഗമിക്കുകയാണ്. ജില്ലയിൽ 75 കിലോമീറ്റർ ദൂരത്തിലൂടെ കടന്നുപോകുന്ന പാതയിൽ ടോൾ പ്ലാസയിൽ മാത്രമാണു വാഹനങ്ങൾക്കു നിർത്തേണ്ടി വരിക. ‘യു’ ടേണുകളും സിഗ്നൽ സംവിധാനവും ഇല്ലാത്ത പാതയിലൂടെ ജില്ല കടക്കാൻ പരമാവധി 75 മിനിറ്റ് സമയം വേണം.
വിണ്ടുകീറിയ വീടുകളും ഭൂമിയും ഏറ്റെടുത്തു
കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് കുന്നുകൾ ഇടിച്ചുതാഴ്ത്തിയ ഭാഗത്തെ വിണ്ടുകീറിയ വീടുകളും അനുബന്ധ ഭൂമിയും കരാർ കമ്പനിയായ കെഎൻആർസിഎൽ ഏറ്റെടുത്തു. കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിനു സമീപത്തെ ബംഗ്ലാംകുന്നിലെ 6 വീടുകളും ഇതോടൊപ്പമുള്ള 48 സെന്റ് ഭൂമിയുമാണ് കരാർ കമ്പനി പണം നൽകി ഏറ്റെടുത്തത്. ഇതോടെ മാസങ്ങളായി നീണ്ട അനിശ്ചിതത്വത്തിന് അറുതിയായി.വീടുകൾ താമസയോഗ്യമല്ലാതായതോടെ ബംഗ്ലാംകുന്ന് പ്രദേശത്തെ 6 കുടുംബങ്ങൾ ആശങ്കയിലായിരുന്നു. ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി ബംഗ്ലാംകുന്ന് പ്രദേശം ഇടിച്ചുതാഴ്ത്തിയതോടെയാണ് സമീപത്തെ 6 വീടുകൾക്ക് വിള്ളൽ സംഭവിച്ചത്.
പുതുതായി നിർമിച്ച വീടുകൾ അടക്കമുള്ളവയുടെ ഭിത്തികളും ഭൂമിയും വിണ്ടു കീറിയ നിലയിലായിരുന്നു. വീടുകൾ അപകട ഭീഷണിയിലായതോടെ അധികൃതർ കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിയിരുന്നു. മാറി താമസിക്കാൻ കരാർ കമ്പനിയാണ് കുടുംബങ്ങൾക്ക് വാടക നൽകിയിരുന്നത്.വീടുകൾ താമസ യോഗ്യമല്ലാതായതോടെയാണു കരാർ കമ്പനി സ്ഥലവും വീടുകളും ഏറ്റെടുക്കാൻ തയാറായത്. മാസങ്ങൾ നീണ്ട മുറവിളിക്കൾക്കൊടുവിലാണ് 6 കുടുംബങ്ങളുടെ വീടും സ്ഥലവും ന്യായവില നൽകി കെഎൻആർസിഎൽ ഏറ്റെടുത്തത്. നിസാർ പേരാഞ്ചേരി, ഷറഫുദ്ദീൻ പേരാഞ്ചേരി, സലീം പേരാഞ്ചേരി, സമീർ പേരാഞ്ചേരി, ഷൗക്കത്തിലി പേരാഞ്ചേരി, മാത വാരിയത്തുപടി എന്നിവരുടെ വീടുകളാണ് ഏറ്റെടുത്തത്. ഹംസ വെളുത്തപറമ്പിൽ, ഉഷ വാരിയത്ത് മേൽപറമ്പ് എന്നിവരുടെ ഭൂമിയും പണം നൽകി ഏറ്റെടുത്തു.
വീടുകൾക്ക് ചതുരശ്ര അടിക്ക് മരാമത്ത് വകുപ്പിന്റെ നിർമാണ ചെലവ് കണക്കാക്കിയാണ് വില നിശ്ചയിച്ചത്. ഭൂമിക്കും പരമാവധി വില നൽകി. 6 വീടുകളും അനുബന്ധ ഭൂമിയും 3.32 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. ഇതിനു പുറമേ ഈ കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമിക്കുന്നതുവരെ താമസിക്കാൻ 10 മാസത്തെ വീട്ടുവാടകയും അനുവദിക്കും.