ഗ്രാമീണ മേഖലകളിൽ പുതിയ ബസ് റൂട്ട്: മലപ്പുറത്ത് പരിഗണിക്കുന്നത് 148 റൂട്ടുകൾ
Mail This Article
പെരിന്തൽമണ്ണ∙ ഗ്രാമീണ മേഖലകളിൽ പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതിന് ജില്ലയിൽ അധികൃതർ കണ്ടെത്തിയത് 148 റൂട്ടുകൾ. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈ റൂട്ടുകളുടെ സാധ്യതാപഠനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങി. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ റൂട്ടുകൾ കണ്ടെത്തി ബസ് സർവീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളെ തൊട്ടടുത്ത പ്രധാന ടൗണുമായി ബന്ധപ്പെടുത്തുന്ന തരത്തിലുള്ള റൂട്ടുകളാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാനും ലക്ഷ്യമിടുന്നു. ജില്ലാ–താലൂക്ക് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മുൻപ് ഇതിനായി മോട്ടർ വാഹന വകുപ്പ് മുൻകയ്യെടുത്ത് ജനകീയ സദസ്സുകൾ സംഘടിപ്പിച്ചിരുന്നു.
ഈ സദസ്സുകളിൽ ജനങ്ങളിൽനിന്ന് ഉയർന്നുവന്ന ബസ് റൂട്ടുകളുടെ നിർദേശങ്ങളിൽ പ്രാഥമിക പരിശോധന നടത്തി സ്ക്രീനിങ്ങിനു ശേഷമാണ് അവശേഷിച്ച റൂട്ടുകളിലെ സാധ്യതാപഠനം നടത്തുന്നത്. കെഎസ്ആർടിസി മുൻപ് സർവീസ് നടത്തിയിരുന്നതും പിന്നീട് പൂർണമായി പിന്മാറിയതുമായ റൂട്ടുകളും ഇതിലുണ്ട്. ഇതുവരെ ബസ് സർവീസ് ആരംഭിക്കാത്ത റൂട്ടുകളാണ് ഏറെയും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 943 പുതിയ റൂട്ടുകളാണ് സാധ്യതാ പഠനത്തിനായി മോട്ടർ വാഹന വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
മലപ്പുറം ജില്ലയിൽ 156 പുതിയ റൂട്ടുകളിലാണ് പുതിയ ബസ് സർവീസിന്റെ സാധ്യത പരിശോധിക്കുന്നത്. ഏറ്റവും കൂടുതൽ ബസ് റൂട്ടുകൾ പരിശോധിക്കുന്നത് പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ ഓഫിസിനു കീഴിലാണ്. 40 പുതിയ റൂട്ടുകളാണ് ഇവിടെ പരിശോധിക്കുന്നത്.3 റൂട്ടുകളുള്ള പൊന്നാനിയിലാണ് ഏറ്റവും കുറവ്. തിരൂരങ്ങാടി–21, തിരൂർ–20, മലപ്പുറം–23, നിലമ്പൂർ–34, കൊണ്ടോട്ടി–7, തിരൂരങ്ങാടി–21 എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ സാധ്യതാ റൂട്ടുകൾ.
പുതുതായി കണ്ടെത്തിയ എല്ലാ റൂട്ടുകളിലും ജിയോ ടാഗിങ് നടന്നുവരികയാണ്. റൂട്ട് മുഴുവൻ വാഹനത്തിൽ സഞ്ചരിച്ച് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ജിയോ ടാഗിങ് നടത്തുന്നത്. റൂട്ടിലെ ഓരോ കിലോമീറ്ററും കേന്ദ്രീകരിച്ചാണ് ജിയോ ടാഗിങ്. ആയിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിച്ചു വേണം ജിയോ ടാഗിങ് നടത്താൻ. ഒരു മാസത്തിനകം ഈ ജോലി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ദൈനംദിന പ്രവർത്തനങ്ങൾക്കൊപ്പം ജിയോ ടാഗിങ് കൂടിയായതോടെ ഉദ്യോഗസ്ഥർ പെടാപ്പാടിലാണ്. പലയിടങ്ങളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാത്ത പ്രതിസന്ധിയുമുണ്ട്.
പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ പരിധിയിൽ മാത്രം 900 കിലോമീറ്ററോളം ദൂരം ജിയോ ടാഗിങ് നടത്തേണ്ടതുണ്ട്. ഇതേപോലെ മറ്റു ജോയിന്റ് ആർടിഒ ഓഫിസ് പരിധികളിലുമുണ്ട്. ജിയോ ടാഗിങ് നടത്തിയ ശേഷം യോജിച്ച റൂട്ടുകളുടെ റിപ്പോർട്ട് മുൻഗണനാ ക്രമത്തിൽ മോട്ടർ വാഹന വകുപ്പ് സർക്കാരിലേക്കു സമർപ്പിക്കും. റൂട്ടിന്റെ ആവശ്യകത ബോധ്യപ്പെട്ടാൽ സർക്കാർ വിജ്ഞാപനം നടത്തി ഉടമകളിൽനിന്ന് പുതിയ ബസ് സർവീസുകൾക്ക് അപേക്ഷ ക്ഷണിക്കും. ഇത്തരമൊരു സാധ്യതാപഠനം അടുത്ത കാലത്തൊന്നും നടന്നിട്ടില്ല.
മുൻപ് ഒരു ബസ് റൂട്ടിന് ബസുടമ അപേക്ഷിച്ചാൽ കലക്‌ടർ, എസ്‌പി, ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ, ആർടിഎ എന്നിവരടങ്ങിയ ആർടിഎ ബോർഡ് പരിഗണിച്ച് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ റൂട്ട് പരിശോധിച്ച് ടൈമിങ് കോൺഫറൻസ് നടത്തി സമയനിബന്ധനയോടെ അനുവദിക്കാറാണു പതിവ്. എന്നാലിപ്പോൾ അപേക്ഷകൻ റൂട്ടിന് അപേക്ഷിക്കുന്ന പഴയരീതിക്ക് പകരം സർക്കാർ വിജ്ഞാപനം ചെയ്‌ത റൂട്ടിൽ ബസ് സർവീസ് നടത്തണം.