ഇരുമ്പോത്തിങ്ങൽ കടവിൽ മണ്ണുപരിശോധനയ്ക്കു ഭരണാനുമതി
Mail This Article
തേഞ്ഞിപ്പലം∙ നാലു പതിറ്റാണ്ടിനിടെ പലപ്പോഴും ‘വഴുതിപ്പോയ’ പാലം പദ്ധതിക്കു പുതുപ്രതീക്ഷയേകി ഇരുമ്പോത്തിങ്ങൽ കടവിൽ മണ്ണുപരിശോധനയ്ക്കു ഭരണാനുമതിയായി. പുഴയുടെ അടിത്തട്ടിലെ കരിമ്പാറയുടെയും മണ്ണിന്റെയും ഘടന പരിശോധിച്ചു സാംപിൾ ശേഖരിക്കും. 9 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നൽകി മാർച്ചിനകം മണ്ണുപരിശോധന നടത്തി റിപ്പോർട്ട് നൽകാനാകുമെന്നു പ്രതീക്ഷിക്കുന്നതായി പി.അബ്ദുൽ ഹമീദ് എംഎൽഎ പറഞ്ഞു.
ഏതാനും വർഷം മുൻപ് ഇവിടെ റഗുലേറ്റർ കം ബ്രിജ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ പുഴയോരത്തിന് ഉയരമില്ലാത്തതിനാൽ പാലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. റഗുലേറ്റർ 3 കിലോമീറ്റർ അകലെ ആലിൻകടവിലേക്കു മാറ്റുകയും ചെയ്തു. അവിടെ റഗുലേറ്ററിനു പണം അനുവദിക്കാൻ ആകില്ലെന്ന നിലപാടിൽ കിഫ്‌ബി എത്തിയതോടെ ആലിൻകടവുമായി ബന്ധപ്പെട്ട പ്രതീക്ഷയും മങ്ങി.
ഇരുമ്പോത്തിങ്ങൽ കടവിൽ കടലുണ്ടിപ്പുഴയിൽ തേഞ്ഞിപ്പലം, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ചു പാലം നിർമിക്കാൻ 10 കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്നു. എസ്റ്റിമേറ്റിന്റെ 20% തുക അനുവദിക്കാൻ ബജറ്റ് നിർദേശം നിലവിലുള്ളതു പ്രതീക്ഷയാണ്. നടപടികൾ വേഗത്തിലായാൽ ടെൻഡർ ഉറപ്പിച്ചു ജൂണിനകം പാലം നിർമാണം തുടങ്ങാവുന്ന സാഹചര്യമാണ്. പാലം യാഥാർഥ്യമായാൽ തേഞ്ഞിപ്പലം, വള്ളിക്കുന്ന് യാത്രകൾ കൂടുതൽ എളുപ്പമാകും.
ആദ്യ വാഗ്‌ദാനം ആന്റണിയുടേത്
എ.കെ.ആന്റണി തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽനിന്നു ജയിച്ചു മുഖ്യമന്ത്രി ആയിരിക്കെ സ്ഥലം സന്ദർശിച്ചു പാലം വാഗ്‍ദാനം ചെയ്തതായിരുന്നു. നടപടി പുരോഗമിക്കവെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിയതോടെ പദ്ധതി അനിശ്ചിതത്വിലായി. പിന്നീട് മാറിവന്ന എംഎൽഎമാരും പാലത്തിനു ശ്രമിച്ചു. പ്രദേശം വള്ളിക്കുന്ന് നിയോജകമണ്ഡലത്തിന്റെ ഭാഗമായ ശേഷവും പാലത്തിനായുള്ള നീക്കം നടന്നെങ്കിലും പലപ്പോഴും പാളുകയായിരുന്നു. ഇതിനിടെ 3 വർഷമായി ഇരുമ്പോത്തിങ്ങലിൽ കടത്തുതോണി സർവീസുമില്ല.
കടത്തുതോണി സർവീസിന് അനുമതി ലഭ്യമാക്കാൻ കഴിയാത്തതാണു തടസ്സം. ലൈഫ് ജാക്കറ്റ് അടക്കം എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചേ ലൈസൻസ് ലഭിക്കൂ എന്നതും പ്രശ്നമായി. പലരും കിലോമീറ്ററുകൾ താണ്ടി മാതാപ്പുഴ, ഒലിപ്രം കടവ് പാലങ്ങൾ വഴി അക്കരെ കടക്കേണ്ട ദുരിതത്തിലാണ്. കടത്തുതോണി സർവീസ് നിലച്ചതോടെ തേഞ്ഞിപ്പലം കരയിൽനിന്നു വള്ളിക്കുന്നിലെ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളും ‘പെരുവഴിയിലായി’.
നടപടി വേഗത്തിലാക്കും
ഇരുമ്പോത്തിങ്ങൽ കടവിൽനിന്നു 100 മീറ്റർ വടക്കു മാറിയാണു പാലം പരിഗണിക്കുന്നത്. വള്ളിക്കുന്ന് കരയിൽ നിലവിൽ റോഡുണ്ടെന്നത് ആകർഷകം. പുഴയുടെ ആഴം കൂടുതലുള്ള ഭാഗമാണെങ്കിലും വീതി താരതമ്യേന കുറവാണ്. അപ്രോച്ച് റോഡിനു സ്ഥലം ഏറ്റെടുത്തു നൽകാമെന്നു വള്ളിക്കുന്ന്, തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതികൾ അറിയിച്ചതിനെ തുടർന്നു നടപടികൾ ത്വരിതപ്പെടുത്താൻ പി.അബ്ദുൽ ഹമീദ് എംഎൽഎ മരാമത്ത് പാലം ഡിവിഷൻ ചീഫ് എൻജിനീയർക്കു നിർദേശം നൽകുകയായിരുന്നു.
ദുരന്തത്തിന്റെ ഓർമയ്ക്ക്
ഇരുമ്പോത്തിങ്ങൽ കടവെന്നു പറയുമ്പോൾ പഴമക്കാരുടെ മനസിൽ ഇന്നും തെളിയുന്നത് 40 വർഷം മുൻപത്തെ ഒരു തോണി അപകടവുമായി ബന്ധപ്പെട്ട ഓർമകളാണ്. അന്നു കടത്തുതോണി പുഴയിൽ മുങ്ങി 2 പേർ മരിച്ചു. അന്നു കടവിൽ വൈദ്യുതി ഇല്ലായിരുന്നു. റോഡും ഇല്ലായിരുന്നു.
ഒരു ചായക്കടയുടെ ഓലമറ അഴിച്ചെടുത്തു കത്തിച്ചുകാണിച്ചാണു രക്ഷാപ്രവർത്തനത്തിനു വെളിച്ചം പകർന്നത്. പുലർച്ചെയായിരുന്നു തോണി അപകടം. വള്ളിക്കുന്ന് നിറംകൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിൽനിന്ന് ഉത്സവം കഴിഞ്ഞുമടങ്ങുന്നവരാണ് അന്ന് അപകടത്തിൽ പെട്ടത്. ചേളാരി സ്വദേശികളായ കളത്തിങ്ങൽ ബീരാൻ കുട്ടിയും തച്ചേടത്ത് ചന്ദ്രനുമാണ് അന്നു മരിച്ചത്.