നേർച്ചയ്ക്കിടെ ആന വിരണ്ടു തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്ത് എറിഞ്ഞു; വീണയാൾക്ക് ഗുരുതര പരുക്ക്
Mail This Article
തിരൂർ ∙ പുതിയങ്ങാടി നേർച്ചയ്ക്കിടെ വിരണ്ട ആനയുടെ പരാക്രമത്തിൽ 29 പേർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം. ബുധനാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷമാണ് അപകടം. തിരൂർ തുവ്വക്കാട് പോത്തന്നൂരിൽനിന്ന് ജാറത്തിലെത്തിയ പെട്ടിവരവിൽ ഉണ്ടായിരുന്ന പോക്കാത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഈ വരവിൽ 5 ആനകൾ ഉണ്ടായിരുന്നു. ജാറം മൈതാനത്ത് എത്തിയ വരവ് ചടങ്ങ് പൂർത്തിയാക്കുന്നതിനിടെ ശ്രീക്കുട്ടൻ എന്ന ആന പൊടുന്നനെ മുന്നോട്ടു കുതിക്കുകയായിരുന്നു. തുടർന്ന് ഏഴൂർ സ്വദേശിയും തിരൂരിൽ താമസക്കാരനുമായ പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടി (58) യെയും തുവ്വക്കാട് പോത്തന്നൂർ ആലുക്കൽ ഹംസയെയും ആന തുമ്പിക്കൈ കൊണ്ട് പിടിച്ചു.
ഇതിനിടെ ഹംസ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണൻകുട്ടിയെ തുമ്പിക്കൈയ്ക്കും കൊമ്പിനും ഇടയിൽ തൂക്കിയെടുത്ത് ഉയർത്തിയ ആന താഴേക്ക് എറിഞ്ഞു. അടുത്തു നിന്നിരുന്ന ചിലരാണ് ഇയാളെ വലിച്ചെടുത്ത് മാറ്റിയത്. ഇതോടെ ആന ശാന്തമായി അനങ്ങാതെ നിന്നു. ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റു 4 ആനകളെ പാപ്പാന്മാർ മാറ്റി. തുടർന്ന് പാപ്പാനും മറ്റുള്ളവരും ചേർന്ന് ശ്രീക്കുട്ടൻ ആനയെ തളച്ചു.
കൃഷ്ണൻകുട്ടി അതീവ ഗുരുതരാവസ്ഥയിൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആന ഇടഞ്ഞതോടെ ആളുകൾ ചിതറി ഓടിയിരുന്നു. ഈ ഓട്ടത്തിനിടെ വീണാണ് മറ്റുള്ളവർക്കു പരുക്കേറ്റത്. ഇതിൽ ആലത്തിയൂർ പൂഴിക്കുന്ന് സ്വദേശി കെ.രാഹുലിനു (33) ഗുരുതര പരുക്കേറ്റു. ഇയാൾ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിസ്സാര പരുക്കായതിനാൽ ബാക്കിയുള്ളവർ ഇന്നലെ ആശുപത്രി വിട്ടു. സംഭവത്തെ തുടർന്ന് ജാറത്തിലെത്തിയ മറ്റു വരവുകളിൽനിന്ന് ആനകളെ ഒഴിവാക്കാൻ തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര നിർദേശം നൽകി. തിരൂർ പൊലീസ് കേസെടുത്തു.
ആനയ്ക്കും വാദ്യത്തിനും പ്രാധാന്യമുള്ള ചടങ്ങ്
∙ നേർച്ചയുടെ പ്രധാന ചടങ്ങാണു ജാറത്തിലെത്തുന്ന പെട്ടിവരവുകൾ. ഇതിൽ വാദ്യഘോഷങ്ങൾക്കും ആനകൾക്കും ഏറെ പ്രാധാന്യമുണ്ട്. നേർച്ച കമ്മിറ്റി എത്തിക്കുന്ന ആനകളെ വരവുകമ്മിറ്റികൾക്കു കൈമാറുകയാണു പതിവ്. പെട്ടിവരവുകൾ ജാറത്തിലേക്ക് എത്തുമ്പോൾ ആനകളെ ജാറം മൈതാനത്ത് ഇറക്കിനിർത്തും. വാദ്യങ്ങൾ ജാറത്തിനു മുന്നിൽനിന്നു കൊട്ടുകയും ചെയ്യും. വാദ്യഘോഷം കഴിഞ്ഞാൽ ജാറത്തിൽ പ്രാർഥിച്ച് എല്ലാവരും മടങ്ങും. പോത്തന്നൂരിൽ നിന്നെത്തിയ വരവിൽ 5 ആനകളാണ് ഉണ്ടായിരുന്നത്. രാത്രി 12നു ശേഷം മൈതാനത്തെത്തിച്ച ആനകളെ നിരത്തിനിർത്തിയിരുന്നു. വാദ്യഘോഷം അവസാനിക്കാനിരിക്കെയാണു ശ്രീക്കുട്ടൻ എന്ന ആന ഇടഞ്ഞത്.
എത്തിയത് 10 ആനകൾ
∙ ഇത്തവണ നേർച്ചയ്ക്ക് 10 ആനകളാണ് ഉണ്ടായിരുന്നത്. ഇവയെയെല്ലാം ആദ്യ ദിവസമായ ഞായറാഴ്ച തിരൂർ പൊലീസ് സ്റ്റേഷനിൽനിന്നു ജാറത്തിലേക്കു കൊടിയുമായുള്ള ഘോഷയാത്രയിൽ പങ്കെടുപ്പിച്ചിരുന്നു. ആനകളെ എഴുന്നള്ളിക്കുന്നതിനു വേണ്ട ഇൻഷുറൻസ് രേഖകളടക്കമുള്ളവ നേർച്ച കമ്മിറ്റി ലഭ്യമാക്കി.
വരവുകമ്മിറ്റികൾ ആനയെ ഉപയോഗിക്കുന്നതു മാനദണ്ഡങ്ങൾ പാലിച്ചാണെന്നതു പ്രധാന കമ്മിറ്റിയും പൊലീസും മറ്റ് അധികൃതരുമെല്ലാം ഉറപ്പാക്കിയിരുന്നു. വരവിനൊപ്പം പൊലീസും ഉണ്ടാകും. മൈതാനത്ത് എത്തിയ ശേഷം ആനയ്ക്ക് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ചു പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആനയ്ക്കു മദപ്പാടില്ല
∙ വിരണ്ട ആനയ്ക്കു മദപ്പാട് അടക്കമുള്ള മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നാണു പ്രാഥമിക വിവരം. പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്നാണ് ആന വിരണ്ടതെന്നാണു മനസ്സിലാക്കുന്നത്. ആളെ തുമ്പിക്കൈ കൊണ്ടു തൂക്കിയെറിഞ്ഞ ശേഷം ആന ശാന്തനായിരുന്നു. ഇതിനെ തളയ്ക്കാൻ പാപ്പാന്മാർക്ക് ഏറെ പ്രയാസപ്പെടേണ്ടിയും വന്നില്ല. തളയ്ക്കാൻ മറ്റു ചങ്ങലകളോ വലിയ വടമോ അടുത്തുണ്ടായിരുന്നില്ല. ആനയെ പഴവും മറ്റും കാണിച്ചു മാറ്റിയാണ് വടം ഉപയോഗിച്ചു തളച്ചതും ലോറിയിലേക്കു കയറ്റി സ്ഥലത്തുനിന്നു കൊണ്ടുപോയതും.
ഹംസയെ ഭാഗ്യം തുണച്ചു
∙ പുതിയങ്ങാടി നേർച്ചയ്ക്ക് ഇടഞ്ഞ ശ്രീക്കുട്ടൻ എന്ന ആന തുമ്പിക്കൈകൊണ്ടു കടന്നെടുത്തതു രണ്ടു പേരെയാണ്. പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടിയെയും തുവ്വക്കാട് ആലുക്കൽ ഹംസയെയും. ഇതിൽ കൃഷ്ണൻകുട്ടിയെ ആന തുമ്പിക്കൈയ്ക്കും കൊമ്പിനും ഇടയിൽ കോർത്തെടുത്തു പൊക്കി നിലത്തിട്ടു. ആനയുടെ തുമ്പിക്കൈക്കുള്ളിൽ ആദ്യം പെട്ടതു ഹംസയാണ്. എന്നാൽ, ഭാഗ്യം കൂടെയുണ്ടായിരുന്നു. പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. അപകടത്തിന്റെ ഞെട്ടലിൽനിന്നു മുക്തനായിട്ടില്ല ഹംസ.