പരിയാപുരത്ത് വീണ്ടും പുലിപ്പേടി; കുറുക്കന്റെ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തി
Mail This Article
പെരിന്തൽമണ്ണ ∙ അങ്ങാടിപ്പുറം പരിയാപുരം നിവാസികളുടെ ചങ്കിടിപ്പേറ്റി വീണ്ടും പുലിഭീതി. കഴിഞ്ഞദിവസം പുലിയെ കണ്ടതായി പറയപ്പെടുന്ന പ്രദേശത്തു നിന്ന് 2 കിലോമീറ്റർ മാത്രം അകലെയായി കുറുക്കന്റെ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തി. ഇന്നലെ ടാപ്പിങ് തൊഴിലാളികളാണ് കുറുക്കന്റെ അവശിഷ്‌ടങ്ങൾ കണ്ടത്. ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ എ.വി.രഞ്ജിത്ത്, നിഷാന്ത് എന്നീ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത ദിവസം ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. വിവിധ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം സംശയിക്കുന്നതാണ് ക്യാമറ സ്ഥാപിക്കുന്ന കാര്യത്തിൽ അധികൃതരെ ആശയക്കുഴപ്പത്തിലാക്കുന്നത്.
കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനായ ഏലംകുളം സ്വദേശിയും പ്രദേശവാസിയുമാണ് ചീരട്ടാമല–പരിയാപുരം റോഡിനടുത്തായി പുലിയെ കണ്ടതായി പറയുന്നത്. ചീരട്ടാമല റോഡിൽ ബൈക്കിൽ പോവുകയായിരുന്ന ഏലംകുളം സ്വദേശി രാത്രി ഒൻപതോടെയാണ് കുറ്റിക്കാട്ടിൽ രാജുവിന്റെ വീടിനു സമീപം പുലിയെ കണ്ടത്. പിന്നീട് പരിയാപുരം സ്വദേശിയായ പുത്തൻപുരയ്‌ക്കൽ ജെറിനും പുലിയെ കണ്ടതായി പറയുന്നു . 6 മാസം മുൻപ് ടാപ്പിങ് തൊഴിലാളികളും റബർ വെട്ടാൻ പോവുന്ന സമയത്ത് പുലിയെ കണ്ടതായും പ്രദേശവാസികൾ പറയുന്നുണ്ട്. ഈ അടുത്ത ദിവസങ്ങളിലായി പ്രദേശത്ത് തെരുവുനായ്‌ക്കളുടെയും കുറുക്കൻമാരുടെയും സാന്നിധ്യം കുറഞ്ഞതായും സംശയിക്കുന്നു.
ഇന്നലെ സ്ഥലം സന്ദർശിച്ച പഞ്ചായത്ത് സെക്രട്ടറി സുഹാസിനി പ്രദേശത്തെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെട്ടിത്തെളിക്കണമെന്ന് നിർദേശം നൽകി. ജനവാസ മേഖലയായ പരിയാപുരത്തെ നാട്ടുകാരുടെ ആശങ്കയും ഭീതിയും അകറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാർഡംഗം അനിൽ പുലിപ്ര ആവശ്യപ്പെട്ടു.