വെളിയങ്കോട് തീരത്ത് സൂനാമി മോക്ഡ്രിൽ
Mail This Article
വെളിയങ്കോട് ∙ തീരദേശവാസികളെ സൂനാമിയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെളിയങ്കോട് തീരത്ത് സൂനാമി മോക്ഡ്രിൽ നടത്തി. വെളിയങ്കോട് പത്തുമുറി തീരത്ത് നടന്ന മോക്ഡ്രിൽ ദുരന്ത നിവാരണ വകുപ്പ്, റവന്യു, പൊലീസ്, അഗ്നിരക്ഷാസേന ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാർഡ്, പഞ്ചായത്ത് വകുപ്പുകളുടെ സഹായത്തോടെ വിജയകരമായി പൂർത്തിയാക്കി. സൂനാമി മുന്നറിയിപ്പ് വന്നതോടെ ജനങ്ങൾക്കുള്ള മുന്നറിയിപ്പ് അനൗൺസ്മെന്റുകൾ നൽകി തുടങ്ങി.
സൂനാമി തിരമാലകൾ കരയിലേക്ക് എത്തുമെന്ന സന്ദേശം വന്നതോടെ അഗ്നിരക്ഷാസേന, തീരദേശ സേന, സിവിൽ ഡിഫൻസ് ഓഫിസർമാർ ചേർന്ന് തീരദേശത്തെ 75 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മോട്ടർ വാഹന വകുപ്പും പൊലീസും റോഡിലെ മാർഗ തടസ്സങ്ങൾ ഒഴിവാക്കി കൊടുത്തു. വിവിധ സ്ഥലങ്ങളിൽ ഉള്ളവരെ ദുരിതാശ്വാസ ക്യാംപായ അൽത്തമാം ഓഡിറ്റോറിയത്തിൽ എത്തിച്ചു. 11.15ന് സൂനാമി ജാഗ്രത നിർദേശം പിൻവലിച്ചതോടെ മോക്ക് ഡ്രിൽ അവസാനിച്ചു.
തുടർന്ന് നടന്ന അവലോകന യോഗത്തിൽ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ, വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, ദുരന്ത നിവാരണ വകുപ്പ് ഡപ്യൂട്ടി കലക്ടർ എസ്.എസ്.സരിൻ, പൊന്നാനി തഹസിൽദാർ പ്രമോദ് പി ലാസർ, ഡപ്യൂട്ടി തഹസിൽദാർ എ.കെ.പ്രവീൺ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു. തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഗണ്യമായ തീരശോഷണം നേരിടുന്നത് കണക്കിലെടുത്താണ് വെളിയങ്കോട് തീര മേഖലയെ ജില്ലയിൽ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ 12 സൂചകങ്ങൾ കടന്നാൽ വെളിയങ്കോട് തീരദേശത്തെ സൂനാമി റെഡി സാക്ഷ്യപത്രത്തിന് പരിഗണിക്കും.