ADVERTISEMENT

പെരിന്തൽമണ്ണ ∙ നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ട്രെയിനിൽ 2 ജനറൽ കോച്ചുകൾ കൂട്ട‌ിയും 2 സ്ലീപ്പർ കോച്ചുകൾ കുറച്ചും റെയിൽവേയുടെ തല്ലും തലോടലും. 14 കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ ജനറൽ കോച്ചുകളുടെയും സ്ലീപ്പർ കോച്ചുകളുടെയും എണ്ണം വർധിപ്പിക്കണമെന്നത് യാത്രക്കാരുടെ നിരന്തര ആവശ്യമായിരുന്നു. മലയാള മനോരമ സംഘടിപ്പിച്ച ‘നിലമ്പൂരിനു വേണം റൈറ്റ് ട്രാക്ക്’ വാർത്താ പരമ്പരയിലും തു‌ടർന്നു നടന്ന ആശയക്കൂട്ടായ്മയിലും ഉയർന്നു വന്ന പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. 

നിലവിൽ തിക്കിതിരക്കിയാണ് പലപ്പോഴും യാത്രക്കാർ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിൽ 2 ജനറൽ കോച്ചുകൾ കൂട്ടിയത് യാത്രക്കാർക്ക് ആശ്വാസം പകരും. അതേസമയം തിരുവനന്തപുരത്തേക്കുള്ള ഏക എക്‌സ്പ്രസ് ട്രെയിനായ രാജ്യറാണിയിൽ യാത്ര ചെയ്യുന്നവരിൽ വലിയൊരു പങ്ക് ദീർഘദൂര യാത്രക്കാരും തിരുവനന്തപുരം ആർസിസിയിലേക്കും മെഡിക്കൽ കോളജിലേക്കും ചികിത്സാ ആവശ്യാർഥം പോകുന്നവരുമാണ്. രാത്രികാല ട്രെയിനാണ് ഇത്. അതുകൊണ്ടു സ്ലീപ്പർ കോച്ചുകളാണ് യാത്രക്കാർക്ക് കൂടുതൽ ആശ്വാസം. പകൽ സമയത്തായിരുന്നെങ്കിൽ മാറ്റം ഇത്രയ്‌ക്ക് ദുരിതം നൽകില്ലായിരുന്നു. 

നിലവിൽ 8 സ്ലീപ്പർ കോച്ചുകളാണ് ഉണ്ടായിരുന്നത്. എന്നിട്ടും എല്ലാ ദിവസവും ഒട്ടേറെ യാത്രക്കാർ റിസർവേഷൻ ലഭിക്കാതെ വെയ്‌റ്റിങ് ലിസ്‌റ്റിലായിരുന്നു. പലരും ഗുരുവായൂരും ഷൊർണൂരും പോയി തിരുവനന്തപുരത്തേക്ക് യാത്രയ്ക്ക് വേറെ വഴി നോക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഈ അവസ്ഥയിലാണ് 2 കോച്ചുകൾ വെട്ടിക്കുറയ്‌ക്കുന്നത്. ഇത് യാത്രക്കാർക്ക് ഏറെ ദുരിതമാകും. 150 ഓളം പേർക്ക് സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇല്ലാതാകുന്നത്. ശേഷിച്ച 6 സ്ലീപ്പർ കോച്ചുകളിൽ സ്‌ത്രീകളും അംഗപരിമിതരും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് സംവരണം ചെയ്‌ത സീറ്റുകൾ ഒഴിവാക്കിയാൽ വളരെ കുറച്ച് സീറ്റുകളാണ് റിസർവേഷൻ വിഭാഗത്തിലുള്ളത്. 

രാജ്യറാണി എക്സ്പ്രസിൽ നിലവിലുണ്ടായിരുന്ന 14 കോച്ചുകൾ എന്ന നിലതന്നെ നിലനിർത്തിയിരിക്കുകയാണ്. രാജ്യറാണി കടന്നുപോകുന്ന ഷൊർണൂർ–നിലമ്പൂർ പാതയിലെ സ്‌റ്റേഷനുകളിലുൾപ്പെടെ നിലവിൽ 18 കോച്ചുകളുള്ള ട്രെയിനുകൾ നിർത്തിയിടാനുള്ള സാഹചര്യമുണ്ട്. മാത്രമല്ല, 18 കോച്ചുകളെങ്കിലുമുള്ളവയാണ് മറ്റ് പാതകളിൽ സർവീസ് ന‌ടത്തുന്ന ഭൂരിഭാഗം എക്‌സ്പ്രസ് ട്രെയിനുകളും. പുതിയ മാറ്റത്തോടെ നിലവിൽ രാജ്യറാണി ട്രെയിനിൽ ഒന്നു വീതം എസി ടൂ ടയർ–ത്രീ ടയർ കോച്ചുകളും 6 സ്ലീപ്പർ ക്ലാസ് കോച്ചുകളും 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2 റിസർവേഷൻ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ഉണ്ടാവുക. മലപ്പുറം, പാലക്കാട് ജില്ലകളിലെ യാത്രക്കാർക്കാണ് സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചതിന്റെ ദുരിതം കൂടുതലായി അനുഭവപ്പെടുക. 19 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും.

ഷൊർണൂർ നിലമ്പൂർ സെക്‌ഷനിലെ തിരുവനന്തപുരത്തേക്കുള്ള ഏക എക്‌സ്പ്രസ് ട്രെയിനായ രാജ്യറാണി എക്‌സ്‌പ്രസ് കോച്ചുകളുടെ എണ്ണം കൂട്ടി 18 ആക്കേണ്ടത് അത്യാവശ്യമാണ്. സ്ലീപ്പർ കുറച്ച നടപടി ഏറെ ദുരിതമാകും. സ്ലീപ്പർ കോച്ചുകൾ മാറ്റി ജനറൽ കോച്ചുകളാക്കുന്നത് യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്‌ടിക്കും. ഇക്കാര്യത്തിൽ റെയിൽവേ അടിയന്തര ഇടപെടൽ നടത്തണം. 

രാജ്യറാണി ട്രെയിൻ രാത്രിവണ്ടിയാണ്. പകൽവണ്ടിയല്ല. കൂടുതലും ആർസിസിയിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മറ്റുമുള്ള രോഗികളാണ് യാത്രക്കാരായുള്ളത്. അതുകൊണ്ടു സ്ലീപ്പർ കോച്ചുകൾ വർധിപ്പിക്കണം. റെയിൽവേയുടേത് തലതിരിഞ്ഞ നടപടിയാണ്. അടിയന്തരമായി സ്ലീപ്പർ കോച്ചുകളും വർധിപ്പിക്കാൻ നടപടി വേണം. 

രാജ്യറാണി ട്രെയിനിൽ ജനറൽ കോച്ചുകൾ കൂട്ടുന്നത് ഏറെ സ്വാഗതാർഹമാണ്. അതേസമയം സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് രാത്രിവണ്ടികളിൽ നിലവിലുള്ള സൗകര്യം നിഷേധിക്കുന്നതു ശരിയല്ല. സ്ലീപ്പർ കോച്ചുകൾ ചുരുങ്ങുമ്പോൾ യാത്രക്കാർ വലിയ പ്രയാസം നേരിടും. 

English Summary:

Nilambur Kochuveli Rajya Rani Express train schedule change: The Railways have announced a modification in the coach composition of the Nilambur Kochuveli Rajya Rani Express, adding general coaches and removing sleeper coaches. This alteration will affect passenger capacity and seating arrangements on the popular Kerala train route.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com