കാക്കഞ്ചേരി വളവിൽ കലുങ്ക് കോൺക്രീറ്റിങ് തുടങ്ങി
Mail This Article
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരി വളവിൽ ആഴത്തിൽ കുഴിയൊരുക്കി ടൺ കണക്കിന് മണ്ണ് നീക്കിയ ശേഷം കലുങ്ക് നിർമാണത്തിന് കോൺക്രീറ്റിങ് തുടങ്ങി. ആറുവരിപ്പാത നിർമിക്കാനുള്ള സ്ഥലത്താണ് താഴ്‌ചയിൽ കലുങ്ക് നിർമിക്കുന്നത്. റോഡ് കഴിഞ്ഞുള്ള സ്ഥലം താഴ്ചയുള്ളതാണ്. അതു കൂടി കണക്കിലെടുത്തുള്ള നീരൊഴുക്കിന് സഹായകമായാണ് ആഴത്തിൽ കലുങ്കിന്റെ അസ്തിവാരം ഉറപ്പിച്ചത്. കലുങ്ക് നിർമാണം കഴിഞ്ഞേ ഇവിടെ എൻഎച്ചിൽ ആറുവരിപ്പാത നിർമാണം പൂർത്തിയാക്കാനാകൂ.
കലുങ്കിനുള്ള സ്ഥലത്തുനിന്ന് മാറി ആറുവരിപ്പാത നിർമാണത്തിന് മണ്ണ് നിറയ്ക്കൽ പുരോഗമിക്കുകയാണ്. ചിലയിടത്ത് അരികു ഭിത്തി കെട്ടിയിട്ടുമുണ്ട്. കലുങ്ക് നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ഇവിടെയും ആറുവരിപ്പാത നിർമാണം ത്വരിതപ്പെടുത്താനാണ് നീക്കം. ഇവിടെ 200 മീറ്ററിലാണ് ഇനി ആറുവരിപ്പാത പൂർത്തിയാക്കാനുള്ളത്. മേഖലയിൽ മറ്റെല്ലായിടത്തും പാത നിർമാണം പൂർത്തായിട്ട് മാസങ്ങളായി. കാക്കഞ്ചേരിയിലെ ഗതാഗത തടസ്സവും മറ്റും കണക്കിലെടുത്ത് ആറുവരിപ്പാത നിർമാണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട കരാർ കമ്പനിക്ക് നിർദേശമുണ്ട്.