ചെമ്പ്രയിൽ പുലിയെ നിരീക്ഷിക്കാൻ രാത്രി ആർആർടി പട്രോളിങ്
Mail This Article
എടക്കര ∙ ഭൂദാനം ചെമ്പ്രയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്താൻ നിരീക്ഷണം ഏർപ്പെടുത്തി വനപാലകർ. രാത്രിയിൽ വനപാലകരും റാപ്പിഡ് റസ്പോൺസ് ടീമും അടങ്ങുന്ന സംഘം പ്രദേശത്ത് പട്രോളിങ് നടത്തും. പുലിയെ പിടികൂടാൻ ഉടനെ കൂട് വയ്ക്കാൻ സാധിക്കില്ലെന്നും ഇതിന് ഉന്നത വനം ഉദ്യോഗസ്ഥരുടെ അനുമതി തേടണമെന്നും സ്ഥലം സന്ദർശിച്ച കാഞ്ഞിരപ്പുഴ സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഗിരീഷൻ പറഞ്ഞു. പുലി ജനവാസ കേന്ദ്രത്തിലേക്കെത്തുന്ന സഞ്ചാര പാത കണ്ടെത്താനാണ് നിരീക്ഷിക്കുന്നത്. ഇതിനുശേഷം തുടർനടപടിയെടുക്കുമെന്നാണ് അറിയിച്ചത്.
പുത്തൻവീട്ടിൽ സത്യവ്രതന്റെ വീട്ടിലാണ് ആദ്യം പുലിയെത്തിയത്. വീടിനു സമീപത്തെ നായ്ക്കൂട്ടിനരികിൽ പുലി നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. പിറ്റേദിവസം സമീപത്തെ കരിമ്പന്നൂര് വിഷണുവിന് നേരെ പുലി പാഞ്ഞടുത്ത സംഭവമുണ്ടായി. തോട്ടത്തിൽ റബർ ടാപ്പിങ് ചെയ്യുന്നതിനിടയിൽ പുലർച്ചെ നാലരയോടെയായിരുന്നു ഇത്. ടാപ്പിങ് ജോലി ചെയ്യുന്ന തൊഴിലാളികളോട് ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പി മാനുക്കുട്ടൻ, സി.എം.സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ സന്തോഷ് കുമാർ എന്നിവരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.