തെക്കേക്കെട്ട് കോൾ: ബണ്ട് ബലപ്പെടുത്തൽ വൈകുന്നു
Mail This Article
ചങ്ങരംകുളം ∙ ചെറവല്ലൂർ തെക്കേക്കെട്ട് കോൾ പടവ് ബണ്ട് ബലപ്പെടുത്തൽ വൈകുന്നു, കർഷകർ ആശങ്കയിൽ. കഴിഞ്ഞ മാസം ബണ്ട് തകർന്നു 120 ഏക്കർ നെൽക്കൃഷി നശിച്ചിരുന്നു. ഇവിടെ ബണ്ട് ബലപ്പെടുത്താൻ കൊണ്ടുവന്ന തെങ്ങ് കുറ്റികൾ ഒരു മാസമായിട്ടും സ്ഥാപിച്ചില്ല. ബണ്ട് പുനർനിർമിച്ചു പമ്പിങ് ആരംഭിച്ചെങ്കിലും തകർന്ന ഭാഗത്ത് സുരക്ഷ ഒരുക്കുന്നത് വൈകുന്നത് വീണ്ടും അപകട ഭീഷണി ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് കൃഷിഭവനിൽ നിന്നു സൗജന്യമായി ജ്യോതി വിത്ത് വിതരണം നടന്നു. വീണ്ടും കൃഷിയിറക്കുന്നതിനായുള്ള തയാറെടുപ്പിലാണു കർഷകർ.
ബണ്ട് തകർന്നതിനാൽ രണ്ടുമാസം വൈകിയാണ് കൃഷിയിറക്കുന്നത്. നേരത്തെ എത്തുന്ന മഴയും വേനൽ കടുത്താൽ വരൾച്ചയും കർഷകരെ പ്രതിസന്ധിയിലാക്കും. ഞാറിന്റെ കണ്ടം ശരിയാക്കി വിത്ത് ഇറക്കൽ കഴിഞ്ഞു. കോൾ പാടത്തിനു സമീപമാണ് ഞാറ്റടി ഒരുക്കുന്നത്. തെങ്ങ് കുറ്റികൾ സ്ഥാപിക്കാൻ വൈകുകയും വീണ്ടും ബണ്ട് തകരുകയും ചെയ്താൽ കർഷകർക്ക് വലിയ നഷ്ടമാണ് സംഭവിക്കുക. കൃഷി നശിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ വിതരണം ചെയ്താൽ അടുത്ത കൃഷിയിറക്കുന്നതിനു അൽപം ആശ്വാസമാകും. കടം വാങ്ങിയും പലിശ എടുത്തും നേരത്തെ ഇറക്കിയ കൃഷി നശിച്ചതോടെ വീണ്ടും കൃഷിയിറക്കാൻ വായ്പ തേടി അലയുകയാണ് കർഷകർ.