ബിൽ കുടിശിക; വെങ്ങാട് ഗെയിംസ് വില്ലേജിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
Mail This Article
കൊളത്തൂർ∙ വൈദ്യുതി ബിൽ കുടിശികയെ തുടർന്ന്, മൂർക്കനാട് പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് വെങ്ങാട് മിനി സ്റ്റേഡിയത്തിൽ നിർമിച്ച പാറക്കൽ മരക്കാർ മെമ്മോറിയൽ ഗെയിംസ് വില്ലേജിന്റെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചു. നിലവിലെ ഭരണസമിതിയുടെ നേതൃത്വത്തിൽ മന്ത്രി വി.അബ്‌ദുറഹിമാനാണ് മുൻപ് ഗെയിംസ് വില്ലേജ് ഉദ്ഘാടനം ചെയ്‌തത്. യുവതി–യുവാക്കൾ ഷട്ടിൽ, വോളിബോൾ, ടെന്നീസ്, ഓപൺ ജിം മുതലായവയ്‌ക്ക് ഉപയോഗിച്ചിരുന്ന കളിസ്ഥലമാണിത്.
പഞ്ചായത്ത് ഭരണസമിതിയുടെ നിരുത്തരവാദപരമായ നീക്കമാണ് നിലവിലെ അവസ്ഥയ്‌ക്ക് കാരണമെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. അനാവശ്യമായി ലക്ഷങ്ങൾ ധൂർത്തടിക്കുന്ന ഭരണസമിതി 4000 രൂപ അടക്കാൻ കഴിയാതെ യുവാക്കളെ വഞ്ചിച്ചതായി മൂർക്കനാട് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതിക്ക് സംഭവിച്ച അശ്രദ്ധയിലും 'അനാസ്ഥയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കെ.പി.ഹംസ ആധ്യക്ഷ്യം വഹിച്ചു. വി.മുസക്കുട്ടി, കെ.ടി.ഹംസ, എം.ടി.ഹംസ, എം.പി.മുജിബ്, എം.ടി.റാഫി, വി.ഗഫൂർ, ടി.അലി, കെ.കുട്ടിപ്പ തുടങ്ങിയവർ പ്രസംഗിച്ചു.