ഷൊർണൂർ-നിലമ്പൂർ പാതയിൽ അമൃത് ഭാരത് സ്‌റ്റേഷൻ; ഒരു വർഷത്തിനുള്ളിൽ വികസനം പൂർത്തിയാക്കുമെന്ന് ഡിആർഎം
Mail This Article
നിലമ്പൂർ∙ ഷൊർണൂർ-നിലമ്പൂർ പാതയിൽ അമൃത് ഭാരത് സ്റ്റേഷനുകളുടെ വികസനം ഒരു വർഷം കൊണ്ടു പൂർത്തിയാക്കുമെന്നു പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി പറഞ്ഞു. പെരുമ്പിലാവ് സംസ്ഥാന പാതയിൽ നിലമ്പൂർ റെയിൽവേ സ്റ്റേഷനു സമീപം അടിപ്പാത നിർമാണം മേയ് 31നു മുൻപു തീർക്കണമെന്നു കരാറുകാരനു നിർദേശം നൽകിയതായി ഡിആർഎം അറിയിച്ചു.
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം പി.വി.അബ്ദുൽ വഹാബ് എംപി, നിലമ്പൂർ മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. എഡിആർഎം എസ്.ജയകൃഷ്ണൻ, സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ അരുൺ തോമസ് കളത്തിങ്ങൽ തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു. പ്രത്യേക ട്രെയിനിലാണ് ഇന്നലെ രാവിലെ 9.45ന് സംഘമെത്തിയത്. അടിപ്പാത നിർമാണം ആദ്യം പരിശോധിച്ചു.
റെയിൽവേയും സംസ്ഥാന സർക്കാരും 50% വീതം ചെലവു വഹിച്ചാണു നിർമിക്കുന്നത്. കെ റെയിലിനാണു ചുമതല. റെയിൽവേ മുഴുവൻ പണവും നൽകിയിട്ടും പണി ഇഴയുന്നതിന്റെ കാരണം ഡിആർഎം ആരാഞ്ഞു. സംസ്ഥാന വിഹിതം മുഴുവൻ കിട്ടിയില്ലെന്നു കരാറുകാരൻ മറുപടി നൽകി. റെയിൽവേ ഗേറ്റിൽ മണ്ണു നീക്കുമ്പോൾ ട്രെയിനുകൾക്കു കടന്നുപോകാൻ ഉരുക്കു ഗർഡറുകൾ സ്ഥാപിച്ചു താൽക്കാലിക പാതയുടെ നിർമാണം 2 ദിവസത്തിനകം പൂർത്തിയാകും. അതാേടെ അടിപ്പാതയുടെ പണിക്കു വേഗമേറുമെന്നാണു പ്രതീക്ഷ.
കോവൈ-ഷൊർണൂർ, എറണാകുളം-ഷൊർണൂർ മെമു ട്രെയിനുകൾ നിലമ്പൂർ വരെ നീട്ടുക, നിലമ്പൂർ-കോട്ടയം എക്സ്പ്രസ് മധുര വരെയാക്കുക, കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന്റെ റേക്കുകൾ ഉപയോഗിച്ചു പകൽ കോട്ടയം സർവീസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വഹാബ് എംപി നിവേദനം നൽകി. അനുകൂല ശുപാർശ നൽകിയിട്ടുണ്ടെന്നും റെയിൽവേ ബോർഡിൽ ഇടപെടൽ നടത്താനും ഡിആർഎം വഹാബ് എംപിയോടു പ്രതികരിച്ചു. കൗൺസിൽ ഭാരവാഹികളായ ഡോ.ബിജു നൈനാൻ, ജോഷ്വാ കോശി, അനസ് യൂണിയൻ, യു.നരേന്ദ്രൻ, റഹ്മത്തുല്ല മൈലാടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അമൃത് ഭാരത് പദ്ധതിയിൽ സ്റ്റേഷനിലെ ഒന്നാംഘട്ട വികസന പ്രവൃത്തികൾ ഒരു മണിക്കൂർ കൊണ്ട് ഡിആർഎം ചുറ്റിനടന്നു പരിശോധിച്ചു.
അങ്ങാടിപ്പുറത്തും സംഘമെത്തി
പെരിന്തൽമണ്ണ∙ അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ നിർമാണ പുരോഗതി വിലയിരുത്താൻ അങ്ങാടിപ്പുറത്തും സംഘം എത്തി. വാണിയമ്പലത്തും മേലാറ്റൂരിലും ക്രോസിങ് സ്‌റ്റേഷന്റെ നിർമാണവും സംഘം വിലയിരുത്തി. പ്രളയത്തിൽ തകർന്ന ഏലംകുളത്തെ ബണ്ട് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് ഭരണസമിതി റെയിൽവേ അധികൃതർക്കു നിവേദനം നൽകി. കക്കാട് തോടിന്റെ ബണ്ട് നിർമിച്ചില്ലെങ്കിൽ 50 ഹെക്‌ടർ നെൽക്കൃഷി ഇല്ലാതാകുമെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ചെറുകരയിൽ അണ്ടർ പാസ് നിർമിക്കുക, കോട്ടയം എക്‌സ്പ്രസിനു ചെറുകരയിൽ സ്‌റ്റോപ് അനുവദിക്കുക എന്നീ ആവശ്യങ്ങളും പഞ്ചായത്ത് പ്രസിഡന്റ് പി.സുധീർബാബുവിന്റെ നേതൃത്വത്തിൽ എത്തിയ സംഘം നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.
റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും കൂട്ടായ്മയായ ട്രെയിൻ ടൈം പ്രതിനിധികളായ രാകേഷ് ഇ.നായർ, കെ.സി.ലത്തീഫ് എന്നിവർ നിവേദനം നൽകി. റെയിൽവേ യാത്രക്കാരുടെ പ്രതിനിധികളും വിവിധ ആവശ്യങ്ങളുന്നയിച്ചു നിവേദനം നൽകി. പകൽ സമയത്തു കോയമ്പത്തൂർ–ഷൊർണൂർ മെമു സർവീസും രാത്രികാലത്തെ എറണാകുളം–ഷൊർണൂർ മെമു സർവീസും നിലമ്പൂരിലേക്കു നീട്ടുക, നിലമ്പൂർ–കോട്ടയം എക്‌സ്പ്രസിൽ എസി കോച്ച് ഏർപ്പെടുത്തുക, രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം 16 ആക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു വി.ബി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.