ശ്രുതിമധുരം ഈ ഓർമകൾ; പി.ജയചന്ദ്രനുമായി ചേർന്നു പ്രവർത്തിച്ചവർ ഓർമകൾ പങ്കുവയ്ക്കുന്നു
Mail This Article
ആദ്യം പാടുന്നതു മനോഹരം; പിന്നെ പാടുന്നത് അതിമനോഹരം; സംഗീത സംവിധായകൻ ശിവദാസ് വാരിയർ പറയുന്നു...
തിരുനാവായ നവാമുകുന്ദ ക്ഷേത്രവുമായി ബന്ധപ്പെട്ട ഭക്തിഗാനത്തിൽ പാടിക്കാനാണ് ആദ്യമായി ജയേട്ടനെ ബന്ധപ്പെടുന്നത്. ഫോണിൽ വിളിച്ചു കാര്യമറിയിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ സമ്മതിച്ചു. എട്ടു, പത്തു വർഷം മുൻപാണ്. ഞാനും നിർമാതാവും കൂടി കാറെടുത്തു തൃശൂരിലെ വീട്ടിൽ പോയി. ഞങ്ങളെത്തുമ്പോൾ അദ്ദേഹം കാവിമുണ്ടൊക്കെ ഉടുത്തു തയാറായിരിക്കുന്നു. ഞങ്ങൾ തമ്മിൽ നേരിട്ടു പരിചയമില്ല. കണ്ടപാടെ ചോദിച്ചു. ‘പോകുകയല്ലേ?’ കാറിൽ സ്റ്റുഡിയോയിലേക്കു പോകുന്ന വഴി ഞാൻ അദ്ദേഹത്തിന്റെ നിത്യഹരിത ഗാനങ്ങൾ പലതും പാടി.
അദ്ദേഹം രസിച്ചു. ചില പാട്ടുകൾ അദ്ദേഹവും പാടി. ‘മൂർത്തി ത്രയ സംഗമ ചൈതന്യം’ എന്ന പാട്ട് മനോഹരമായി അദ്ദേഹം പാടിത്തന്നു. ഓരോ വരിയും കേട്ട് അതു പാടി റെക്കോർഡ് ചെയ്യുന്നതാണു അദ്ദേഹത്തിന്റെ പതിവ്. അദ്ദേഹം ആദ്യം പാടിയതു തന്നെ മനോഹരമായിരുന്നു. എന്നാലും, ഇനിയും നല്ലതു വരാനുണ്ടെന്ന് അറിയുന്ന ഞാൻ പറയും. ‘ജയേട്ടന്റെ സ്റ്റൈൽ വരട്ടെ’. കുറച്ചു സമയം അദ്ദേഹം ദേഷ്യമൊക്കെ അഭിനയിക്കും. എന്നാ, ഒന്നു കൂടി എടുക്കുകയല്ലേയെന്ന് അദ്ദേഹം തന്നെ കുറച്ചു കഴിഞ്ഞു ചോദിക്കും. ആ പാട്ട് സുന്ദരമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അതിനിടെ, ഗുരുവായൂപ്പ ഭക്തിഗാനത്തിന്റെ ഒരു പ്രോജക്ട് ചെയ്യാനുള്ള ഒരുക്കമുണ്ടായിരുന്നു. ജയേട്ടനുൾപ്പെടെ പല ഗായകരാണു പാടേണ്ടിയിരുന്നത്.
അതിനായി ജയേട്ടനെക്കൊണ്ട് 4 പാട്ടുകൾ പാടിച്ചു. പിന്നീട് ആ പ്രോജക്ട് നടന്നില്ല. നല്ല പാട്ടുകളായിരുന്നു. അതു പുറത്തുവന്നിട്ടില്ല. ഒരു വർഷം മുൻപു ‘പിതൃതാളം’ എന്ന കവിതയാണ് അദ്ദേഹത്തിന്റേതായി അവസാനം ഞാൻ റെക്കോർഡ് ചെയ്തത്. അച്ഛൻ മകനു നൽകുന്ന ഉപദേശ രൂപത്തിലുള്ള വരികൾ. ശാരീരികമായ അസ്വസ്ഥകളുണ്ടായിരുന്നെങ്കിലും അദ്ദേഹം അതു പാടിത്തന്നു. ഇനിയും കാണാമെന്നു പറഞ്ഞാണു യാത്ര പറഞ്ഞത്. പിന്നീട് പലതവണ ഞാനും കവിതയെഴുതിയ അനീഷ് നായരും അദ്ദേഹത്തെ കാണാൻ പോകാനൊരുങ്ങിയതാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കാരണം അതുവേണ്ടെന്നുവയ്ക്കുകയായിരുന്നു. പ്രിയ ഭാവഗായകാ, വിട...
പാട്ടുപോലെയുള്ള വർത്തമാനം; റിലീസാകാനിരിക്കുന്ന അൻപഴകൻ എന്ന ചിത്രത്തിനു വേണ്ടി 2 ഗാനങ്ങൾ പി.ജയചന്ദ്രനെക്കൊണ്ട് പാടിച്ചതിന്റെ ഓർമകൾ പങ്കുവയ്ക്കുന്നു സംഗീത സംവിധായകൻ മുഹ്‌സിൻ കുരിക്കൾ
പി.ജയചന്ദ്രൻ എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യമെത്തുന്നത് അദ്ദേഹവുമായി ചെലവഴിച്ച മനോഹരമായ ഏതാനും മണിക്കൂറുകളാണ്. 2023 മാർച്ചിലാണു അൻപഴകൻ എന്ന ചിത്രത്തിന്റെ പാട്ട് റെക്കോർഡിങ്ങുമായി ബന്ധപ്പെട്ടു തൃശൂരിലെ സ്റ്റുഡിയോയിൽ അദ്ദേഹത്തെ കാണുന്നത്. എന്റെ സംഗീത സംവിധാനത്തിൽ 2 പാട്ടുകളാണ് അദ്ദേഹം പാടിയത്. ‘മിഴി രണ്ടിലും ഇരുൾ വീണു പോയ്’, ‘ഇല്ല നിൻ വഴിയിൽ തടസ്സമായി ഞാൻ’... ആരാധനയോടെ കേട്ടിരുന്ന ഒരു ഗായകനെക്കൊണ്ടു രണ്ടു പാട്ടുകൾ പാടിക്കാനായതു സംഗീതജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു.
സിനിമയ്ക്കു വേണ്ടി പാടിക്കുന്നത് ആദ്യമാണെങ്കിലും 2022ൽ പാപ്പച്ചൻ കടമക്കുടി എഴുതി ഞാൻ ചിട്ടപ്പെടുത്തിയ ഓണപ്പാട്ട് ജയേട്ടൻ പാടിയിട്ടുണ്ട്. പി.ജയചന്ദ്രൻ എന്ന മലയാളത്തിന്റെ പ്രിയഗായകന്റെ പാട്ടിനെക്കുറിച്ച് ഞാൻ പറയേണ്ടതില്ല. പാട്ടു പോലെയോ അതിൽ കൂടുതലോ മനോഹരമായ അദ്ദേഹത്തിന്റെ വർത്തമാനത്തെക്കുറിച്ചാണു ഞാൻ ഓർക്കുന്നത്. അൻപഴകനിലെ പാട്ടുകൾ റെക്കോർഡ് ചെയ്ത ശേഷം ഒരു മണിക്കൂറിലേറെ അദ്ദേഹവുമായി സംസാരിക്കാനുള്ള സൗഭാഗ്യം ലഭിച്ചു. ശരിക്കും അതൊരു ഗാനസദസ്സും പാഠശാലയുമായിരുന്നു. റഫി സാഹിബിന്റെ, പി.സുശീലാമ്മയുടെ, ജാനകിയമ്മയുടെ ഒക്കെ മനോഹരമായ പാട്ടുകൾ അദ്ദേഹം മൂളി.
ബാബുക്കയെക്കുറിച്ചും ദേവരാജൻ മാഷിനെക്കുറിച്ചുമെല്ലാം മധുരമുള്ള ഒരുപാട് ഓർമകൾ പങ്കുവച്ചു. ഞാനൊക്കെ സിനിമയിൽ പുതുമുഖമാണ്. എന്നിട്ടും,എത്ര സ്നേഹത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. ചിട്ടപ്പെടുത്തിയ പാട്ടിനെക്കുറിച്ചു നല്ലതു പറഞ്ഞപ്പോൾ, എന്നെപ്പോലൊരാൾക്കു ലഭിക്കാവുന്ന വലിയ സന്തോഷമായി അത്. എറണാകുളം ഫിലിംസ് ക്ലബ് നിർമിച്ചു മുരളീധരൻ കാരയ്ക്കാട്ട് സംവിധാനം ചെയ്യുന്ന അൻപഴകൻ എന്ന ചിത്രം റിലീസ് ചെയ്യുന്നതിനുള്ള ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാട്ടു ചിട്ടപ്പെടുത്തുന്ന ജോലികളും ഏതാണ്ട് പൂർത്തിയായി. അതിനിടെയാണ്, പ്രിയപ്പെട്ട ഗായകൻ വിടവാങ്ങിയ ദുഃഖവാർത്തയെത്തുന്നത്. ഞങ്ങൾക്കായി അദ്ദേഹം പാടിയ പാട്ടു പോലെ ‘മിഴി രണ്ടിലും ഇരുൾ വീണു പോകുന്നു’...