സാദിഖലി തങ്ങളെ സന്ദർശിച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ
Mail This Article
മലപ്പുറം ∙ മതസൗഹാർദത്തിന്റെയും ഒരുമയുടെയും സന്ദേശവുമായി സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി. കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെസിബിസി) പ്രസിഡന്റ് കൂടിയായ ക്ലീമീസ് ബാവ, വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനായാണു മലപ്പുറം ജില്ലയിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്കു പാണക്കാട്ടെത്തിയ ബാവായ്ക്കു സാദിഖലി തങ്ങളുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ് നൽകി. ഒരു മണിക്കൂർ നേരം പാണക്കാട്ടു ചെലവഴിച്ച ബാവാ, സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണു മടങ്ങിയത്.മതസൗഹാർദം ഊട്ടിയുറപ്പിക്കാൻ സാദിഖലി തങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കു ക്ലീമീസ് ബാവ പിന്തുണ ഉറപ്പുനൽകി. നിലവിലെ സാഹചര്യത്തിൽ സമുദായങ്ങൾ തമ്മിൽ സൗഹാർദത്തോടെയും ഒത്തിണക്കത്തോടെയും മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.
മുനമ്പം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമൂഹത്തെ ഭിന്നിപ്പിക്കാനായി ചിലർ ശ്രമിച്ചപ്പോൾ സാദിഖലി തങ്ങൾ നടത്തിയ ഇടപെടലിനെ ബാവാ അഭിനന്ദിച്ചു. മാനവ സൗഹാർദം നിലനിർത്താൻ ഇത്തരം ഇടപെടലുകൾ ഇനിയുമുണ്ടാകണമെന്നു അദ്ദേഹം പറഞ്ഞു. സാദിഖലി തങ്ങളെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും സഭാ ആസ്ഥാനത്തേക്കു ക്ഷണിച്ചാണു കർദിനാൾ മടങ്ങിയത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവർ പങ്കെടുത്തു.