ഡി.കെ.ശിവകുമാറിന് എരമംഗലത്ത് ഊഷ്മള സ്വീകരണം
Mail This Article
എരമംഗലം ∙ കോൺഗ്രസ് നേതാവായിരുന്ന പി.ടി.മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിനും പുരസ്കാര സമർപ്പണത്തിനും എത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് എരമംഗലത്ത് വൻ സ്വീകരണം. കർണാടക കോൺഗ്രസിന്റെ അമരക്കാരനായ ഡി.കെ.ശിവകുമാറിനെ കാണാൻ താഴത്തേൽ തറവാട്ടിലും സമ്മേളന വേദിയിലും നൂറുകണക്കിനു പ്രവർത്തകരാണ് എത്തിച്ചേർന്നത്.
ഉച്ചയ്ക്ക് 2.30ന് വന്നേരി സ്കൂൾ ഗ്രൗണ്ടിലാണ് ശിവകുമാർ ഹെലികോപ്റ്ററിൽ എത്തിയത്. ഡികെ കീ ജയ് മുദ്രാവാക്യവുമായാണ് പ്രവർത്തകർ എതിരേറ്റത്. തുടർന്ന് കാർമാർഗം യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹന്റെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചു. തുടർന്ന് എം.കെ.രാഘവൻ, രമേശ് ചെന്നിത്തല, പി.ടി.അജയ്മോഹൻ എന്നിവരുമായി രാഷ്ട്രീയ ചർച്ച നടത്തി. പിന്നീട് മോഹനകൃഷ്ണന്റെ സ്മൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി. തുടർന്നാണു സമ്മേളന വേദിയിൽ എത്തിയത്.
താഴത്തേൽ തറവാട്ടിലും സമ്മേളന വേദിയിലും ഫോട്ടോ എടുക്കുന്നതിനും സെൽഫി എടുക്കുന്നതിനും പ്രവർത്തകരുടെ വലിയ തിരക്കായിരുന്നു. 4.30ന് വന്നേരിയിൽനിന്ന് ഹെലികോപ്റ്റർ മാർഗം ശിവകുമാർ ബെംഗളൂരുവിലേക്കു മടങ്ങി.
ഇന്ത്യാ മുന്നണി സംഗമവേദിയായി പുരസ്കാര സമർപ്പണച്ചടങ്ങ്
ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷികൾ ഒന്നിച്ച വേദിയായി പി.ടി.മോഹനകൃഷ്ണൻ പുരസ്കാര വിതരണം. കോൺഗ്രസ്, ലീഗ് നേതാക്കൾക്കു പുറമേ സിപിഎം, സിപിഐ നേതാക്കളും എത്തിയതോടെയാണ് രാഷ്ട്രീയ ഐക്യവേദി കൂടിയായി ചടങ്ങ് മാറിയത്. വിവിധ കക്ഷികളിൽ നിന്നുള്ള ആയിരങ്ങൾ ചടങ്ങിനെത്തുകയും ചെയ്തു. ഇന്ത്യാ മുന്നണിയുടെ കീഴിൽ ഡൽഹിയിൽ വിവിധ കക്ഷികൾ ഒരുമിച്ച് സമരം ചെയ്യാനെത്തുന്നത് ഓർത്തു പോയെന്ന് ചടങ്ങിൽ ആദരം നേടിയ സിപിഐ എംപി പി.പി.സുനീർ പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തു.
ഷാൾ അണിയിച്ചാണ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പി.പി.സുനീറിനെ ആദരിച്ചത്. പി.ടി.മോഹനകൃഷ്ണൻ രാഷ്ട്രീയത്തിനതീതമായി നാടിനു ചെയ്ത സേവനങ്ങളാണ് ഇത്തരത്തിൽ ഒരുമയിലേക്ക് നയിച്ചതെന്ന് പ്രസംഗകർ സൂചിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്തിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.