പാണക്കാട് തങ്ങൾ കുടുംബം രാജ്യത്തിന്റെ മതനിരപേക്ഷ മുഖം: ഡി.കെ.ശിവകുമാർ
Mail This Article
എരമംഗലം ∙ പാണക്കാട് തങ്ങൾ കുടുംബം രാജ്യത്തിന്റെ മതനിരപേക്ഷ മുഖമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് രാജ്യത്തു പ്രതിസന്ധിയുണ്ടായപ്പോൾ സാമുദായിക സൗഹാർദത്തിനു മുൻകയ്യെടുത്തു കേരളത്തിന്റെ അഭിമാനമായ ആ കുടുംബം ഇന്നും സമാന പ്രവർത്തനങ്ങളുമായി സമൂഹത്തെ നയിക്കുന്നു. വിജയത്തിനായി ഒന്നിച്ചുനിന്ന് പ്രവർത്തിക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ് ഇന്ത്യാസഖ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. പി.ടി.മോഹനകൃഷ്ണൻ സ്മാരക പുരസ്കാരം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കു കൈമാറി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് പ്രതിസന്ധി വന്നപ്പോൾ സഹായിച്ചത് കേരളമാണ്. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വയനാട്ടിൽ നിന്നു ജയിപ്പിച്ച് പാർലമെന്റിലെത്തിച്ചത് ഉദാഹരണം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ കേരളത്തിലെ യുഡിഎഫിനു പുറമേ എൽഡിഎഫ് പ്രവർത്തകരും കോൺഗ്രസിനു പിന്നിൽ അണിനിരന്നു. തന്നെ ഇഡി അറസ്റ്റ് ചെയ്തപ്പോൾ കേരളത്തിലെ ചെറുപ്പക്കാരാണ് ആദ്യം പ്രതിഷേധവുമായെത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിശാല മനസ്സിന്റെ ഉടമയും കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവുമാണു പി.ടി.മോഹനകൃഷ്ണൻ. 24–ാം വയസ്സിൽ തന്നെ എഐസിസി അംഗമായ അദ്ദേഹം പുതുതലമുറയ്ക്കും മാതൃകയാണെന്നും ഡി.കെ.പറഞ്ഞു.
പി.പി.സുനീർ എംപിയെ അദ്ദേഹം ആദരിച്ചു. പ്രശാന്ത് നിലമ്പൂരിന് (ഏഷ്യാനെറ്റ്) മാധ്യമ അവാർഡും അദ്ദേഹം കൈമാറി. വിവിധ മേഖലകളിൽ ചാത്തനാത്ത് അച്യുതനുണ്ണി (സാഹിത്യം), ജിയോ മാറഞ്ചേരി (നാടകം), ചിത്ര ഗോപിനാഥ് (ജീവകാരുണ്യം) മഠപ്പാട്ട് അബൂബക്കർ (വ്യവസായി) എന്നിവർക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.
വി.എം.സുധീരൻ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, എംപിമാരായ എം.പി.അബ്ദുസ്സമദ് സമദാനി, എം.കെ.രാഘവൻ, പി.പി.സുനീർ, പി.നന്ദകുമാർ എംഎൽഎ സിപിഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂർ, സി.ഹരിദാസ്, പി.ടി.മോഹന കൃഷ്ണന്റെ മകൻ കൂടിയായ പി.ടി.അജയ് മോഹൻ, സ്മാരക ട്രസ്റ്റ് ഭാരവാഹികളായ ആലങ്കോട് ലീലാ കൃഷ്ണൻ, കല്ലാട്ടേൽ ഷംസു, മുസ്തഫ വടമുക്ക് എന്നിവർ പ്രസംഗിച്ചു.