979 അപേക്ഷകളിൽ 386 എണ്ണം തീർപ്പാക്കി; 17 പേർക്ക് ബിപിഎൽ റേഷൻ കാർഡുകൾ വിതരണം ചെയ്തു
Mail This Article
മഞ്ചേരി ∙ കരുതലും കൈത്താങ്ങുമായി ഏറനാട് താലൂക്കിൽ നടത്തിയ അദാലത്തിൽ 386 അപേക്ഷകൾ തീർപ്പാക്കി. അദാലത്ത് ദിവസം ലഭിച്ച 459 അപേക്ഷകൾ ഉൾപ്പെടെ 979 അപേക്ഷകൾ ലഭിച്ചു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി. ആകെ 17 പേർക്ക് ബിപിഎൽ റേഷൻ കാർഡ് നൽകി. മഞ്ചേരി ചെങ്ങണ ബൈപാസ് അറ്റകുറ്റപ്പണി നടത്താൻ മന്ത്രി മരാമത്ത് വിഭാഗം എക്സി. എൻജിനീയർക്ക് നിർദേശം നൽകി. ബൈപാസ് സഞ്ചാരയോഗ്യമല്ലെന്നും അഴുക്കുചാൽ കയ്യേറ്റം നടക്കുന്നുണ്ടെന്നും സൂചിപ്പിച്ച് ആക്കൽ ഉമ്മർ നൽകിയ പരാതിയിലാണ് നിർദേശം. അരീക്കോട് മൂർക്കനാട് നടപ്പാലം ജൂലൈയിൽ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മഞ്ചേരി നഗരവൽക്കരണത്തിന്റെ ഭാഗമായി അരുകിഴായ, പുതുക്കുടി വലിയതോട് മലിനമാക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു രാജൻ പരുത്തിപ്പറ്റ പരാതി നൽകി. മെഡിക്കൽ കോളജിന് 50 ഏക്കർ ഏറ്റെടുത്ത് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംരക്ഷണ സമിതി പരാതി നൽകി.
ജില്ലാ കോടതിക്ക് സമീപം അനധികൃത നിർമാണം നിമിത്തം അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നിർദേശം നൽകി. ഭിന്നശേഷിക്കാരായ കാരക്കുന്ന് വലിയ പീടികയ്ക്കൽ മുഹമ്മദ് ഷാഹിദ്, ഭാര്യ റസിയ എന്നിവർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ ധന സഹായ പദ്ധതി കണ്ടെത്താൻ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് നിർദേശം നൽകി. മലപ്പുറം കണ്ണത്തുംപാറയിൽ ഭിന്നശേഷിക്കാരിയായ ധന്യക്ക് മുടങ്ങിയ പെൻഷൻ പുനഃസ്ഥാപിക്കാൻ നിർദേശം നൽകി.
എംഎൽഎമാരായ പി.ഉബൈദുല്ല, യു.എ.ലത്തീഫ്, കലക്ടർ വി.ആർ.വിനോദ്, സബ് കലക്ടർ അപുർ ത്രിപാഠി, എഡിഎം എൻ.എം.മെഹറലി, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. മഞ്ചേരി നഗരസഭയിലെ വയോമിത്രം പദ്ധതിക്ക് സഹായം അനുവദിക്കുക, സെയ്താലിക്കുട്ടി ബൈപാസ് ഗതാഗത യോഗ്യമാക്കുക, ജനറൽ ആശുപത്രി നിലനിർത്തുക, എസ്‌സി കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീട് വയ്ക്കാൻ തുക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നഗരസഭാധ്യക്ഷ വി.എം.സുബൈദ അദാലത്തിൽ ആവശ്യപ്പെട്ടു.
ഏറനാട് താലൂക്കിന്റെ പൗരാവകാശ രേഖ മന്ത്രി പി.എ.മുഹമ്മദ് റിയാസ് കലക്ടർ വി.ആർ.വിനോദിന് നൽകി പ്രകാശനം ചെയ്തു. താലൂക്ക് ഓഫിസിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ, ഉദ്യോഗസ്ഥരുടെ ചുമതല തുടങ്ങിയവ രേഖപ്പെടുത്തുന്ന ആധികാരിക രേഖയാണിത്.