നാടിന്റെ പ്രാർഥനകൾ വിഫലമാക്കി കൃഷ്ണൻകുട്ടി യാത്രയായി
Mail This Article
തിരൂർ ∙ ഞെട്ടലോടെ ആ ദൃശ്യങ്ങൾ കണ്ട നാട് ഒന്നാകെയാണ് കൃഷ്ണൻകുട്ടിക്കു വേണ്ടി പ്രാർഥിച്ചത്. ആശുപത്രിയിൽ നിന്ന് ശുഭവാർത്ത പുറത്തു വരുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ എല്ലാ കണ്ണുകളും ഈറനണിഞ്ഞു. ആന തുമ്പിക്കൈയിൽ വലിച്ചെടുത്തു ചുഴറ്റിയെറിഞ്ഞ കൃഷ്ണൻകുട്ടി നേർച്ച കാണാൻ കൂടിയവരുടെ ഇടയിലേക്കു തന്നെയാണു വീണത്. നേർച്ച കമ്മിറ്റി അംഗം കൂടിയായ പാറപ്പുറത്ത് ബഷീർ അടക്കമുള്ളവർ ആനയുടെ സമീപത്തുനിന്നു വലിച്ചെടുത്ത് ആളെയൊന്നു നോക്കി. തന്റെ സുഹൃത്ത് ആയിരുന്നിട്ടു കൂടി മുഖമാകെ രക്തം ഒലിച്ചു കിടക്കുന്ന കൃഷ്ണൻകുട്ടിയെ ബഷീറിനു മനസ്സിലായിരുന്നില്ല.
എല്ലാവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീട് പ്രാർഥനകളായിരുന്നു. ഈ സമയംകൊണ്ട് ആന വിരണ്ട് കൃഷ്ണൻകുട്ടിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുന്ന ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചിരുന്നു. എല്ലാവരും ഇതാരെന്നു തിരക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ബന്ധുക്കളും നാട്ടുകാരുമെല്ലാം ആശുപത്രിയിലെത്തിയിരുന്നു. പിന്നീടുള്ള ഓരോ അന്വേഷണവും കൃഷ്ണൻകുട്ടിയുടെ അവസ്ഥയെ കുറിച്ചായിരുന്നു. നാലാൾ കൂടുന്നിടത്തെല്ലാം ഇതായി ചർച്ച. അവരെല്ലാം പ്രാർഥിച്ചു. എന്നിട്ടും അവസാനം കൃഷ്ണൻകുട്ടി മരണത്തിനു കീഴടങ്ങി.
ആനയുടെ ആക്രമണവും ഇതേ തുടർന്ന് ഒരാൾ മരിക്കുന്നതുമെല്ലാം തീരദേശത്ത് അപൂർവമായ സംഭവമാണ്. 1991ൽ നേർച്ചയ്ക്കെത്തിയ കോഴിക്കോട്ടെ ഒരു ക്ഷേത്രത്തിലെ ആന വാക്കാട് വച്ച് വിരണ്ട് ഒരാളെ കുത്തിക്കൊന്നിരുന്നു. വിരണ്ടോടിയ ആനയെ അന്ന് വനം വകുപ്പും പൊലീസും ചേർന്ന് വെടി വയ്ക്കുകയായിരുന്നു. പഴയ തലമുറകളിൽ പെട്ടവർ ഇക്കാര്യവും ഇപ്പോൾ ഓർമിക്കുന്നു. അന്നത്തെ സംഭവത്തിനു ശേഷം തിരൂരിൽ ഇപ്പോഴാണ് ഒരാൾ ആനയുടെ ആക്രമണത്തിൽ മരിക്കുന്നത്.
തിരൂർ കോരങ്ങത്ത് യൂത്ത് ക്ലബ് രൂപീകരിച്ച കാലത്ത് ടീമിലെ മിന്നുന്ന ഫുട്ബോൾ താരമായിരുന്നു മരിച്ച കൃഷ്ണൻകുട്ടി. നന്നായി കളിക്കുന്ന കൃഷ്ണൻകുട്ടി പ്രാദേശിക ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നതായി അക്കാലത്തെ ഫുട്ബോൾ ആരാധകർ ഓർത്തെടുക്കുന്നു. പ്രാദേശിക ടൂർണമെന്റുകളിൽ റഫറിയായും മികവു തെളിയിച്ചു.
നന്നായി പാചകം ചെയ്യാൻ അറിയുന്ന കൃഷ്ണൻകുട്ടി ജീവിതമാർഗമായി തിരഞ്ഞെടുത്തതും ഇതുതന്നെ. കല്യാണ വീടുകളിലും മറ്റുമെത്തി പാചകം ചെയ്യുന്ന തൊഴിലായിരുന്നു. ഏഴൂർ സ്വദേശിയായ കൃഷ്ണൻകുട്ടി ദീർഘകാലമായി വാടക വീടുകളിലാണ് താമസിക്കുന്നത്. തറവാട് വീട് വിറ്റതോടെയാണ് വാടക വീട്ടിലേക്കു മാറിയത്. നിലവിൽ വിശ്വാസിനടുത്താണു താമസം. സംസ്കാരം ഇന്ന് രാവിലെ 8ന് ഏഴൂർ പിസി പടിയിലെ കുടുംബ ശ്മശാനത്തിൽ.