പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ചുഴറ്റി എറിഞ്ഞയാൾ മരിച്ചു
![malappuram-krishnankutty കൃഷ്ണൻ
കുട്ടി](https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2025/1/11/malappuram-krishnankutty.jpg?w=1120&h=583)
Mail This Article
തിരൂർ (മലപ്പുറം) ∙ പുതിയങ്ങാടി നേർച്ച നടക്കുന്നതിനിടെ വിരണ്ട ആന തുമ്പിക്കൈകൊണ്ട് തൂക്കിയെടുത്ത് എറിഞ്ഞയാൾ ചികിത്സയിലിരിക്കെ മരിച്ചു. തിരൂർ ഏഴൂർ സ്വദേശിയും വിശ്വാസിനടുത്ത് താമസക്കാരനുമായ പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടി (65) ആണു മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിക്കുശേഷമാണ് അപകടമുണ്ടായത്. തുവ്വക്കാട് പോത്തന്നൂരിൽ നിന്നു പുതിയങ്ങാടി ജാറത്തിലെത്തിയ പെട്ടിവരവിൽ ഉണ്ടായിരുന്ന പോക്കാത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് നേർച്ച കാണാനെത്തിയ കൃഷ്ണൻകുട്ടിയെ ആക്രമിച്ചത്. തുമ്പിക്കൈ ഉപയോഗിച്ച് തൂക്കിയെടുത്ത ശേഷം ചുഴറ്റിയെറിയുകയായിരുന്നു.
അടുത്തുണ്ടായിരുന്ന ചിലർ കൃഷ്ണൻകുട്ടിയെ വലിച്ചെടുത്ത് ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലുമായി ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാവിലെ 11.30ന് മരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് എട്ടിന് ഏഴൂർ പിസിപ്പടിയിലെ കുടുംബ ശ്മശാനത്തിൽ. പാചകക്കാരനും മുൻ ഫുട്ബോൾ കളിക്കാരനുമാണ്. ഭാര്യ: പ്രേമ (ഡ്രൈവിങ് സ്കൂൾ പരിശീലക), മക്കൾ: അജിത്, അഭിജിത്. സഹോദരങ്ങൾ: രാജൻ, ചക്കൻ, ചേവി, ഉണ്ണി, ദാസൻ, സരോജിനി, ദേവകി, പുഷ്പ, ജയ.