നിളയോളങ്ങളിലലിഞ്ഞ്...; എംടിയുടെ പ്രിയപ്പെട്ട നിളാ നദിക്കരയിലൂടെ, കൂടല്ലൂരിലെ നാട്ടുവഴികളിലൂടെ ഒരു യാത്ര...

Mail This Article
മങ്കേരി പറമ്പത്തക്കടവിൽ റെയിൽവേ അടിപ്പാലം കടന്നു നിളയിലേക്കിറങ്ങിയപ്പോൾ എംടിയെ ഓർമവന്നു. ‘കാലം’ എന്ന നോവലിലെ സേതു, കാലങ്ങൾ കടന്നു മുന്നിൽവന്നു നിൽക്കുന്നതു പോലെ. സേതുവിലൂടെ എംടി പ്രകടിപ്പിച്ച നൊമ്പരങ്ങൾ അതേപടി ആവർത്തിച്ചാൽ നിളയുടെ ഇന്നത്തെ അവസ്ഥയായി. ‘മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ. എന്റെ പുഴ. ചോര വാർന്നു വീണ ശരീരം പോലെ ചലനമറ്റു കിടക്കുന്നു’.പുഴയുടെ അക്കരെ എംടിയുടെ കൂടല്ലൂരാണ്. പറമ്പത്തുകടവിൽ നിന്ന് ഇപ്പോൾ നീട്ടി നടന്നാൽ ഒരിടത്തും പുഴയുടെ നീരൊഴുക്കു തടസ്സമാകില്ല. വേനൽ വിരുന്നെത്തും മുൻപേ അത്രയ്ക്കു മെലിഞ്ഞിരിക്കുന്നു പുഴ. അക്കരെനിന്നു നടന്നുവന്ന സെയ്ദ് എന്ന നാട്ടുകാരൻ പറഞ്ഞു. ‘ഇപ്പോൾ തോണിയില്ല. നടന്നുതന്നെ പുഴ കടക്കാൻ കഴിയുമ്പോൾ ആരാണു കടത്തുകാരനെ കാത്തുനിൽക്കുക?’ പറഞ്ഞു വന്നപ്പോൾ സെയ്ദ് എംടിയുടെ അയൽവാസിയാണ്. നിളയെ തൊടുമ്പോൾ കണ്ടെത്തുന്നതിലെല്ലാം എംടിയുണ്ടാകും.
ജനുവരി പകുതിയാകും മുൻപേ വരണ്ടുണങ്ങിയ പുഴ സമീപ പ്രദേശങ്ങൾക്കു വരാനിരിക്കുന്ന വരൾച്ചയുടെ സൂചന കൂടിയാണ്. പുഴ സ്വപ്നം കണ്ടുറങ്ങുന്ന മലവെള്ളപ്പാച്ചിലിന് ഇനിയെത്രനാൾ കാത്തിരിക്കണം. ഭാരതപ്പുഴയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും ഇനിയുള്ള നാളുകളിൽ പമ്പിങ്ങിനു പ്രയാസപ്പെടും. ജലനിരപ്പ് ക്രമാതീതമായി ഇനിയും താഴ്ന്നാൽ ശുദ്ധജലവിതരണ പദ്ധതികളെയും ബാധിക്കും. മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലേക്കു വെള്ളം പമ്പ് ചെയ്യുന്നതു ഭാരതപ്പുഴയിൽ നിന്നാണ്. പുഴയുടെ ഇരകരകളിലുമായി വേറെയും ജലപദ്ധതികളുണ്ട്. മഴക്കാലത്തെ പുഴ ചിലമ്പണിഞ്ഞ നർത്തകിയാണെങ്കിൽ വേനലിൽ അതിനു ഗാഢനിദ്രയിലാണ്ട കുഞ്ഞിന്റെ ഭാവമാണ്. മുറുമുറുപ്പോ തേങ്ങലോ പോലുമില്ല. ഭാരതപ്പുഴയുടെ നിഴൽനോക്കി നടന്നാൽ കൂടല്ലൂരെത്താം.

തിരുവേഗപ്പുറ പാലം കഴിഞ്ഞാൽ മലപ്പുറം ജില്ല പാലക്കാടിനു വഴിമാറും. ചുറ്റുപാടും നിറഞ്ഞുനിൽക്കുന്ന പച്ചപ്പോ കാഴ്ചകളോ മാറുന്നില്ല. അക്കരെനിന്നു നിളയെ തഴുകിയെത്തുന്ന കാറ്റിനുപോലും ഒരേ താളം.തൃത്താല –കുറ്റിപ്പുറം റോഡിൽ വെള്ളിയാങ്കല്ലു കഴിഞ്ഞു മുന്നോട്ടു പോകുമ്പോൾ കൂടല്ലൂരായി. എംടിയുടെ അക്ഷരങ്ങളിലൂടെ മലയാളത്തിന്റെ സ്വന്തമായ ഗ്രാമം. റോഡിൽനിന്നു തന്നെ കാണാം ‘അശ്വതി’യെന്ന വീട്. പൂമുഖത്തിരുന്നാൽ, നിറഞ്ഞൊഴുകുന്ന സമയത്തു നിളയോടു മിണ്ടിയും പറഞ്ഞുമിരിക്കാം. മലയാളത്തിന്റെ പ്രിയ കഥാകാരൻ എത്രയോവട്ടം പുഴയുമായി മുഖാമുഖത്തിനിരുന്ന വീട്ടിൽ ഇന്നു ക്ലിനിക് പ്രവർത്തിക്കുന്നു.
കുറച്ചുമാറി നീണ്ടു കിടക്കുന്ന ഇടവഴിയിലൂടെ മുന്നോട്ടു നടന്നാൽ മാടത്ത് തെക്കേപാട്ട് തറവാട്. ഏകാകിയായിരുന്ന കുഞ്ഞുവാസു, കഥകളെയും കഥാപാത്രങ്ങളെയും കൂട്ടുകാരാക്കി നടന്നിരുന്ന മുറ്റവും പറമ്പും. വീടു പൂട്ടിക്കിടക്കുന്നു. സമീപവീടുകളിലും ആളെക്കണ്ടില്ല. തറവാട് വീട്ടിനു പിന്നിലായി താന്നിക്കുന്ന്. അവിടെനിന്നു നോക്കിയാൽ ഇപ്പോൾ നിളയൊഴുകുന്നതു കാണില്ല. നിറയെ മരങ്ങൾ, മുന്നിലെ പറമ്പിൽ വീടുകൾ. കണ്ണാന്തള്ളിപ്പൂക്കൾ ഒന്നുപോലും കണ്ടില്ല. പകരം നിളയിൽ നീർ നീങ്ങി രൂപപ്പെട്ട മണൽതിട്ടകളിൽ നിറയെ ആറ്റുവഞ്ചിപ്പൂക്കൾ. നദിയിൽനിന്ന് അവ കരയിലേക്കും അധിനിവേശം നടത്തിയിരിക്കുന്നു. പാട്ടിൽ പറഞ്ഞതു പോലെ, ‘ആറ്റു വഞ്ചിപ്പൂക്കൾ കാറ്റിലാടി ഉലയുന്നുണ്ട്’.
കാഴ്ചയ്ക്കു മനോഹരമാണെങ്കിലും നിറയെ വിടർന്നു നിൽക്കുന്ന പൂക്കൾ കടുത്ത വേനൽ വരുന്നതിന്റെ അടയാളമാണെന്നു പുഴയെ അറിയുന്നവർ പറയുന്നു.കൂടല്ലൂരിൽ നിറയെ നാട്ടിടവഴികളുണ്ട്. ഓരോന്നിലൂടെയും നടന്നാൽ എംടിയുടെ ഓരോ കഥാപാത്രത്തിലേക്ക് എത്തിച്ചേർന്നേക്കാം. ‘അസുരവിത്ത്’ അവസാനിക്കുന്നതു പോലെ, ‘നടുവിൽ, കടന്നുപോയവരുടെയെല്ലാം കാൽപാടുകളിൽ കരിഞ്ഞ പുല്ലുകൾ നിർമിച്ച ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു. പ്രിയപ്പെട്ടവരെ, തിരിച്ചുവരാൻ വേണ്ടി യാത്ര ആരംഭിക്കുകയാണ്’. എല്ലാ നദികളെയും പോലെ നിളയും നിത്യ യാത്രയിലാണ്. മെലിഞ്ഞും നിറഞ്ഞും വീണ്ടും മെലിഞ്ഞും...