കോഴിക്കോട്ടുനിന്ന് ഹജ്ജിന് അമിതയാത്രാനിരക്ക്: ഹജ് കമ്മിറ്റി ചെയർമാൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെ കണ്ടു

Mail This Article
കൊണ്ടോട്ടി∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഹജ് യാത്രക്കാരിൽനിന്ന് 40,000 രൂപയിലധികം കൂടുതലായി ഈടാക്കുന്ന വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തീർഥാടകരും മലബാർ പ്രദേശത്തു നിന്നുള്ളവരായതിനാൽ കോഴിക്കോട് വിമാനത്താവളമാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിശ്വാസികൾ ദീർഘകാലത്തെ ആഗ്രഹസാഫല്യത്തിനായി സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചാണ് ഹജ്ജിനായി ഒരുങ്ങുക. ഈ സാഹചര്യത്തിൽ കേരളത്തിലെ മറ്റു പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുള്ളതിനെക്കാൾ വലിയ തുക ഈടാക്കുന്നത് അനീതിയും വിവേചനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവയാണ് കേരളത്തിലെ ഹജ് പുറപ്പെടൽ കേന്ദ്രങ്ങൾ. സൗദി അറേബ്യയിലെ ജിദ്ദ, മദീന വിമാനത്താവളത്തിലേക്കുള്ള ആകാശദൂരത്തിൽ ഇവ തമ്മിൽ വലിയ അന്തരമില്ല. കരിപ്പൂരിൽ മാത്രം 40,000 രൂപയോളം അമിതമായി ഈടാക്കാനാണ് എയർ ഇന്ത്യ എക്സ്പ്രസ് ടെൻഡറിൽ ശ്രമിക്കുന്നത്. കണ്ണൂരിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് ഹജ് സർവീസ് നടത്തുന്നുണ്ട്.
ഒരേ കാറ്റഗറി വിമാനം ഉപയോഗിക്കുമ്പോൾ തന്നെ പറക്കുന്ന ദൂരത്തിനോ സമയത്തിനോ കാര്യമായ വ്യത്യാസമില്ലാതിരുന്നിട്ടും കോഴിക്കോട്ടുനിന്ന് അമിതതുക ഈടാക്കുന്നതാണ് ടെൻഡർ. ടെൻഡറിന് അന്തിമ അംഗീകാരം നൽകുന്നതിനു മുൻപ് ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിൽനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. ഇതുസംബന്ധിച്ച് മന്ത്രിക്ക് നിവേദനവും സമർപ്പിച്ചു.