തടിച്ചതാണ്, മെലിഞ്ഞതാണ്, പൊക്കമില്ല, പൊക്കം കൂടുതലാണ്; ശരീരത്തെ വിധിക്കരുത്: ഹൈക്കോടതി

Mail This Article
കൊച്ചി ∙ ബോഡി ഷെയ്മിങ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടുമായി ഹൈക്കോടതി. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ബോബി ചെമ്മണൂരിനു ജാമ്യം അനുവദിച്ച ഉത്തരവിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ പരാമർശം. തടിച്ചതാണ്, മെലിഞ്ഞതാണ്, പൊക്കമില്ല, പൊക്കം കൂടുതലാണ്, ഇരുണ്ടതാണ്, കറുത്തതാണ് എന്നൊക്കെ ഒരാളുടെ ശരീരത്തെക്കുറിച്ചു പറയുന്നത് ഒഴിവാക്കണം എല്ലാവർക്കും എന്തെങ്കിലും കൂടുതലോ കുറവോ ഉണ്ടാകും എന്നതു മനസ്സിലാക്കണം.
അതാണ് ജീവിതം. നമ്മുടെ ശരീരം മാറും, മനസ്സ് മാറും, സ്വഭാവം മാറും. മറ്റുള്ളവരെക്കുറിച്ചു കമന്റ് പറയുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.നിങ്ങൾ ഒരു സ്ത്രീയെ അവരുടെ ബാഹ്യരൂപം കൊണ്ടാണ് വിലയിരുത്തുന്നതെങ്കിൽ അവരെയല്ല, നിങ്ങൾ നിങ്ങളെത്തന്നെയാണു നിർവചിക്കുന്നതെന്ന അമേരിക്കൻ പ്രഭാഷകൻ ഡോ.സ്റ്റീവ് മാറാബോലിയുടെ വാക്യങ്ങൾ ഉദ്ധരിച്ചാണ് ജാമ്യം അനുവദിച്ച ഉത്തരവ് ആരംഭിക്കുന്നത്. ബോബിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നു കോടതി വിലയിരുത്തി.

നവവധു മരിച്ച നിലയിൽ; നിറത്തിന്റെ പേരിൽ അവഹേളനമെന്ന് പരാതി
കൊണ്ടോട്ടി ∙ നിറത്തിന്റെ പേരിൽ ഭർത്താവിൽനിന്നു അവഹേളനം നേരിട്ടതായി പരാതിപ്പെട്ട നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ മാനസിക പീഡനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകൾ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. കൊണ്ടോട്ടി ഗവ. കോളജിൽ ബിഎസ്‌സി ഒന്നാം വർഷ വിദ്യാർഥിയാണ്. 2024 മേയ് 27ന് മൊറയൂർ പൂന്തലപ്പറമ്പ് സ്വദേശിയുമായി നിക്കാഹ് കഴിഞ്ഞിരുന്നു. വിദേശത്തേക്കു പോയ ഭർത്താവ് ഫോണിൽ വിളിച്ചു നിറത്തിന്റെ പേരിൽ മാനസിക പീഡനം നടത്തിയതായി ഷഹാന പറഞ്ഞിരുന്നതായി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കബറടക്കം ഇന്ന് എട്ടിന് കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഹെൽപ്‌ലൈൻ: 1056, 0471 2552056).