ADVERTISEMENT

പെരിന്തൽമണ്ണ ∙ നിലമ്പൂർ– കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ട്രെയിനിൽ 2 സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് 2 ജനറൽ കോച്ചുകൾ കൂട്ട‌ിയ നടപടി റെയിൽവേ മരവിപ്പിച്ചു. 14 കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ ജനറൽ കോച്ചുകളുടെയും സ്ലീപ്പർ കോച്ചുകളുടെയും എണ്ണം വർധിപ്പിക്കണമെന്നത് യാത്രക്കാരുടെ നിരന്തര ആവശ്യമായിരുന്നു. മലയാള മനോരമ സംഘടിപ്പിച്ച നിലമ്പൂരിനു വേണം റൈറ്റ് ട്രാക്ക് വാർത്താ പരമ്പരയിലും തു‌ടർന്നുനടന്ന ആശയക്കൂട്ടായ്മയിലും ഉയർന്നു വന്ന പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ പുതിയ കോച്ചുകൾ അനുവദിക്കാതെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് ജനറൽ കോച്ചുകൾ കൂട്ടിയ നടപടിക്കെതിരെ യാത്രക്കാരിൽ നിന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. 

ഷൊർണൂർ–നിലമ്പൂർ സെക്‌ഷനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക എക്‌സ്പ്രസ് ട്രെയിനായ രാജ്യറാണിയിൽ യാത്ര ചെയ്യുന്നവരിൽ വലിയൊരു പങ്ക് ദീർഘദൂര യാത്രക്കാരും തിരുവനന്തപുരം ആർസിസിയിലേക്കും മെഡിക്കൽ കോളജിലേക്കും ചികിത്സാ ആവശ്യാർഥം പോകുന്നവരും മറ്റുമാണ്. മാത്രമല്ല രാത്രികാല ട്രെയിനാണ് ഇത്. അതുകൊണ്ടു തന്നെ സ്ലീപ്പർ കോച്ചുകളാണ് യാത്രക്കാർക്ക് കൂടുതൽ ആശ്വാസം. 8 സ്ലീപ്പർ കോച്ചുകളുണ്ടായിട്ടും എല്ലാ ദിവസവും ഒട്ടേറെ യാത്രക്കാർ റിസർവേഷൻ ലഭിക്കാതെ വെയ്‌റ്റിങ് ലിസ്‌റ്റിലായിരുന്നു. 

ഇതിനിടെയായിരുന്നു 2 കോച്ചുകൾ വെട്ടിക്കുറച്ചത്. 150 ഓളം പേർക്ക് സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഇതോടെ ഇല്ലാതായി. അവശേഷിച്ച 6 സ്ലീപ്പർ കോച്ചുകളിൽ സ്‌ത്രീകളും അംഗപരിമിതരും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് സംവരണം ചെയ്‌ത സീറ്റുകൾ ഒഴിവാക്കിയാൽ വളരെ കുറച്ച് സീറ്റുകളാണ് റിസർവേഷൻ വിഭാഗത്തിലുള്ളത്.   ഈ കോച്ചുകളാണ് വീണ്ടും പുനഃസ്ഥാപിച്ചത്. 

അതേ സമയം തിക്കിത്തിരക്കിയാണ് പലപ്പോഴും യാത്രക്കാർ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നത്.  ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നത് ഏറെ അത്യാവശ്യമാണ്. രാജ്യറാണി കടന്നു പോകുന്ന ഷൊർണൂർ–നിലമ്പൂർ പാതയിലെ സ്‌റ്റേഷനുകളിലുൾപ്പെടെ നിലവിൽ 18 കോച്ചുകളുള്ള ട്രെയിനുകൾ നിർത്തിയിടാനുള്ള സാഹചര്യമുണ്ട്. മാത്രമല്ല 18 കോച്ചുകളെങ്കിലുമുള്ളവയാണ് മറ്റ് പാതകളിൽ സർവീസ് ന‌ടത്തുന്ന ഭൂരിഭാഗം എക്‌സ്പ്രസ് ട്രെയിനുകളും.

രാജ്യറാണിയിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തിനു നേരേ അധികൃതർ മുഖം തിരിക്കുകയാണ്. മരവിപ്പിച്ച നടപടി ഫെബ്രുവരി 20 മുതലാണ് പ്രാബല്യത്തിൽ വരിക. ഇതോടെ രാജ്യറാണിയിൽ പഴയപടി ഒന്നു വീതം എസി ടൂ ടിയർ–ത്രീ ടിയർ കോച്ചുകളും 8 സ്ലീപ്പർ ക്ലാസ് കോച്ചുകളും 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2 സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ഉണ്ടാവുക.

English Summary:

Indian Railways reinstates two sleeper coaches on the Nilambur-Kochuveli Rajyarani Express. The earlier decision to reduce sleeper coaches and increase general coaches has been reversed following public feedback and pressure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com