എട്ടു ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങളുമായി 3 പേർ പിടിയിൽ

Mail This Article
കൊളത്തൂർ∙ 8 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ലഹരി ഉൽപന്നങ്ങളുമായി 3 പേർ കൊളത്തൂർ പൊലീസിന്റെ പിടിയിലായി. പടപ്പറമ്പ് സ്വദേശി അബൂ സ്വാലിഹ്(38), വടക്കേമണ്ണ സ്വദേശി മൊയ്തീൻ (52), കോഡൂർ സ്വദേശി ശിഹാബുദ്ദീൻ (40) എന്നിവരാണ് പിടിയിലായത്.
15 ചാക്കുകളിലായി സൂക്ഷിച്ച പതിനയ്യായിരത്തോളം പാക്കറ്റുകളാണ് പിടിച്ചെടുത്തത്. കൊളത്തൂർ സിഐ സംഗീത് പുനത്തിലിന്റെ നിർദേശപ്രകാരം കൊളത്തൂർ പൊലീസ് കഴിഞ്ഞദിവസം കടുങ്ങപുരം സ്കൂൾ പടിയിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘത്തിലെ അബൂസ്വാലിഹ് പിടിയിലായത്. ലഹരി ഉൽപന്നങ്ങളുടെ പാക്കറ്റുകൾ ഇരുചക്രവാഹനത്തിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലാകുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ലഹരി ഉൽപന്ന ശേഖരം കണ്ടെത്തിയതും മറ്റ് 2 പേർ പിടിയിലായതും. ചട്ടിപ്പറമ്പ്-മലപ്പുറം റോഡിൽ ചാഞ്ഞാലിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക ക്കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പ്രബേഷൻ എസ്‌ഐ അശ്വതി, എസ്ഐമാരായ രാജേഷ്, രാജൻ, എഎസ്‌ഐ ജോർജ് സെബാസ്‌റ്റ്യൻ, എസ്‌സിപിഒ ജയൻ, വിബിൻ, സിപിഒ അഭിജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.