‘തൈരുവണ്ടി’യുടെ സമയം മാറ്റി, ദുരിതത്തിലായി യാത്രക്കാർ; രാത്രിയിലേക്കു മാറ്റിയ ട്രെയിൻ ഇപ്പോൾ ആളില്ലാതെ ഓടുന്നു

Mail This Article
തിരൂർ ∙ അര നൂറ്റാണ്ട് മുൻപാണ് ഷൊർണൂരിൽ നിന്നു കോഴിക്കോട്ടേക്ക് ‘തൈരുവണ്ടി’ ഓട്ടം തുടങ്ങിയത്. ഷൊർണൂർ – കോഴിക്കോട് പാസഞ്ചർ (06455) ട്രെയിനിനു യാത്രക്കാരിട്ട ഓമനപ്പേരാണിത്. മറ്റൊരു ട്രെയിനിനും ഇങ്ങനെയൊരു വിളിപ്പേരുണ്ടാകില്ല. പാലക്കാടൻ ഗ്രാമങ്ങളിൽ ഉണ്ടാക്കുന്ന തൈര് മലബാറിലെ വിവിധയിടങ്ങളിൽ എത്തിക്കാൻ ഈ വണ്ടിയിലാണ് കയറ്റി അയച്ചിരുന്നത്. വീപ്പയിലാക്കിയ തൈരും അതിന്റെ ഗന്ധവും തന്നെയാണ് പേരിനു കാരണവും.
വൈകിട്ട് 5.45നു ഷൊർണൂരിൽ നിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനു ശേഷം തിരൂരിലെത്തുമ്പോഴേക്ക് ഏറെക്കുറെ വണ്ടി നിറഞ്ഞിട്ടുണ്ടാകും. പരിചയക്കാരും സുഹൃത്തുക്കളുമൊക്കെയായി മാറിയ സ്ഥിര യാത്രക്കാർ. എല്ലാവരെയും തൈരുവണ്ടി ലക്ഷ്യസ്ഥാനത്തെത്തിക്കും. ഇതിങ്ങനെ തുടർന്നു കൊണ്ടിരിക്കുമ്പോഴാണ് 2023 ഒക്ടോബറിൽ യാതൊരു കാരണവുമില്ലാതെ റെയിൽവേ ഈ വണ്ടിയുടെ സമയക്രമം മാറ്റിയത്. വൈകിട്ട് 5.45ന് ഷൊർണൂരിൽ നിന്നു പുറപ്പെട്ടിരുന്ന തൈരുവണ്ടി രാത്രി 8.45നു പുറപ്പെടുന്ന വിധമാക്കി. ഇതോടെ യാത്രക്കാർ പ്രയാസത്തിലായി.
തൈരുവണ്ടിയിലെ തിരക്കു കണ്ടാണ് തൃശൂർ – കോഴിക്കോട് പാസഞ്ചർ റെയിൽവേ തുടങ്ങിയത്. വൈകിട്ട് 5.35ന് തൃശൂരിൽ നിന്നു പുറപ്പെട്ട് 6.40ന് ഷൊർണൂരിലെത്തി, രാത്രി 8.23ന് തിരൂരിലും 9.50ന് കോഴിക്കോടും എത്തിയിരുന്ന പാസഞ്ചർ തൈരു വണ്ടി കിട്ടാത്തവർക്ക് അനുഗ്രഹമായിരുന്നു. എന്നാൽ ഈ വണ്ടി പെട്ടെന്നൊരു ദിവസം മുതൽ ഷൊർണൂർ വരെ മാത്രമാക്കി ചുരുക്കി.
അവിടെ നിന്ന് കോഴിക്കോട് വരെയുള്ള ഓട്ടം ഒരു കാരണവുമില്ലാതെ റദ്ദാക്കുകയായിരുന്നു. ഇതോടെ വൈകിട്ട് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്ര കഠിനമായി. ഇതിനിടെ വന്ദേഭാരത് രണ്ടെണ്ണം വന്നു. പല ട്രെയിനുകൾക്കും തിരൂരിൽ സ്റ്റോപ് കിട്ടി. എന്നാൽ ഇതുകൊണ്ടൊന്നും സാധാരണ യാത്രക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരമായില്ല.
രാത്രിയിലേക്കു മാറ്റിയ തൈരുവണ്ടി ഇപ്പോൾ ആളില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. തിരൂരിൽ ഈ വണ്ടിയെത്തുന്നത് രാത്രി 9.43നാണ്. ഇതിലെങ്ങാൻ കയറിയാൽ ഭയന്നു വേണം യാത്ര ചെയ്യാൻ. എത്ര കഷ്ടപ്പെട്ടാലും ഈ വണ്ടിയിൽ വീട്ടിലേക്കില്ലെന്നാണ് വനിതാ യാത്രക്കാർ പറയുന്നത്.
പ്രതിഷേധം ശക്തമായപ്പോഴാണ് ഷൊർണൂർ – കണ്ണൂർ സ്പെഷൽ ട്രെയിൻ റെയിൽവേ ഓടിച്ചത്. 3.45നാണ് ഈ വണ്ടി ഷൊർണൂരിൽ നിന്നെടുത്തിരുന്നത്. ഇത് കുറേയൊക്കെ അനുഗ്രഹമായിരുന്നു. എന്നാൽ യാതൊരു കാരണവുമില്ലാതെ ഈ വണ്ടിയുടെ പുറപ്പെടൽ സമയം 3 മണിയിലേക്കു മാറ്റി. ഇതോടെ യാത്രക്കാർ വീണ്ടും കുഴങ്ങി. പിന്നെയുള്ള ഒരാശ്രയമാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ്. ഈ വണ്ടി രാത്രി 9 മണിക്കാണ് തിരൂരിലെത്തേണ്ടത്. എന്നാൽ വൈകിയോടുന്നതിനാൽ ഇതും ഒരു ഉപകാരത്തിലും പെടുന്നില്ല.
നിലവിൽ വൈകിട്ട് ജോലിയെല്ലാം കഴിഞ്ഞ് കോഴിക്കോട് ഭാഗത്തേക്ക് പോകാനുള്ള യാത്രക്കാർ 4 മണിയാകുമ്പോഴേക്ക് തിരൂരിലെത്തണം. സ്പെഷൽ ഷൊർണൂർ – കണ്ണൂർ സ്പെഷൽ പാസഞ്ചർ കിട്ടിയാൽ ഭാഗ്യം. ഇല്ലെങ്കിൽ കുത്തിനിറച്ചു വരുന്ന മംഗളയിലോ, നേത്രാവതിയിലോ ശ്വാസം മുട്ടി യാത്ര ചെയ്യണം. കോയമ്പത്തൂരിൽ നിന്നു കണ്ണൂരിലേക്കുള്ള എക്സ്പ്രസാണ് പിന്നെയുള്ളത്. 5.20ന് തിരൂർ വിടുന്ന ഈ വണ്ടി പോയാൽ പിന്നെ ഏറെ വൈകി വരുന്ന എക്സിക്യൂട്ടീവ് മാത്രമാണുള്ളത്.