അമ്മയും 2 പെൺമക്കളും ഒന്നിക്കുന്ന അപൂർവ കളിയരങ്ങിനു ഗുരുവായൂർ സാക്ഷിയാകുന്നു

Mail This Article
കോട്ടയ്ക്കൽ∙ അമ്മയും 2 പെൺമക്കളും ഒന്നിക്കുന്ന അപൂർവ കളിയരങ്ങിനു ഗുരുവായൂർ സാക്ഷിയാകുന്നു. മൈത്രീനഗർ വൃന്ദ മധു ദുര്യോധനവധത്തിലെ പാഞ്ചാലിയാകുമ്പോൾ മക്കളായ കൃഷ്ണേന്ദു ശ്രീകൃഷ്ണന്റെയും കീർത്തന ദുര്യോധനന്റെയും വേഷമാണു കെട്ടുന്നത്. വൃന്ദയുടെയും കൃഷ്ണേന്ദുവിന്റെയും അരങ്ങേറ്റമാണ്.
കീർത്തന 8 വർഷമായി രംഗത്തുണ്ട്. കോട്ടയ്ക്കൽ ഹരിദാസനാണു ഗുരു. 25ന് രാത്രി 8.45ന് ആണു കളി. പ്രമുഖ കഥകളി സംഗീതജ്ഞൻ കോട്ടയ്ക്കൽ മധുവിന്റെ ഭാര്യയ്ക്കും മക്കൾക്കും കഥകളിയോടു വർഷങ്ങളായുള്ള ഇഷ്ടമാണ്. ഉറക്കമിളച്ചു കളി കാണുന്നതിനിടെ മൂവരുടെയും മനസ്സിൽ നാമ്പിട്ട മോഹമാണു വേഷങ്ങൾ ചെയ്യണമെന്നത്. ആദ്യം പഠിച്ചതു കീർത്തനയാണ്. ദുര്യോധനവധത്തിലെ കൃഷ്ണനായി കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രത്തിൽ വച്ചായിരുന്നു അരങ്ങേറ്റം.
പിന്നീട്, കോങ്ങാട്, ഗുരുവായൂർ തുടങ്ങിയ അരങ്ങുകളിലെത്തി. പ്രഹ്ലാദചരിതത്തിലെ പ്രഹ്ലാദനും ഉഷാചിത്രലേഖയിലെ അനിരുദ്ധനും രുക്മിണീ സ്വയംവരത്തിലെ കുചേലനുമെല്ലാം ഈ കൈകളിൽ ഭദ്രമായിരുന്നു. ഗവ.രാജാസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായ കീർത്തന (17) കഥകളി സംഗീതം അഭ്യസിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈയിനത്തിൽ എ ഗ്രേഡ് നേടി.
ഗുരുവായൂരിൽ അമ്മയ്ക്കും ചേച്ചിക്കുമൊപ്പം കെട്ടുന്നത് ഏറെ ശ്രമകരമായി ചെയ്യേണ്ട കത്തിവേഷമാണ് എന്നത് ഈ കുട്ടി കലാകാരിക്കു മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. മുതിർന്ന കലാകാരൻമാരാണ് പൊതുവേ ഇത്തരം വേഷങ്ങൾ ചെയ്യാറുള്ളത്.ബിഎഡ് യോഗ്യതയുള്ള വൃന്ദയും (48), തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജിൽനിന്ന് എംഎ കഴിഞ്ഞ കൃഷ്ണേന്ദുവും (26) പരിശീലനത്തിനു മുടക്കം വരുത്തിയില്ല. 3 വർഷമായി അരങ്ങേറ്റത്തിനുള്ള തയാറെടുപ്പിലായിരുന്നു. പൂർണിമ രാംകുമാർ, കോട്ടയ്ക്കൽ ശ്രീയേഷ് എന്നിവരും ഇവർക്കൊപ്പം അരങ്ങിലെത്തുന്നുണ്ട്.