ഷൊർണൂർ – കണ്ണൂർ സ്പെഷൽ എക്സ്പ്രസ്: സമയമാറ്റം പുനഃപരിശോധിക്കണമെന്ന് യാത്രക്കാർ

Mail This Article
തിരൂർ ∙ തിരക്ക് പരിഗണിച്ച് വൈകിട്ട് പാലക്കാട് ഡിവിഷൻ ഓടിക്കുന്ന ഷൊർണൂർ – കണ്ണൂർ സ്പെഷൽ എക്സ്പ്രസിന്റെ സമയം മാറ്റിയത് പുനഃപരിശോധിക്കണമെന്ന് യാത്രക്കാർ. വൈകിട്ട് 3.40ന് ഷൊർണൂരിൽ നിന്നു യാത്ര തുടങ്ങിയിരുന്ന ട്രെയിനിന്റെ പുറപ്പെടൽ സമയം ഒരു കാരണവും കൂടാതെ ഉച്ചയ്ക്കു 3 മണിയിലേക്കു മാറ്റിയെന്നാണ് യാത്രക്കാർ പറയുന്നത്. ഇതു മലബാറിലെ യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. 3 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അധികമാർക്കും ഉപകാരപ്പെടാതെ കോഴിക്കോട് വരെ വെറുതേ പോകുന്ന സ്ഥിതിയാണുള്ളത്.
3.40ന് പുറപ്പെട്ടിരുന്നപ്പോൾ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകൾക്കും പഠനം കഴിഞ്ഞു മടങ്ങിയിരുന്ന വിദ്യാർഥികൾക്കുമെല്ലാം ഏറെ ഉപകാരമായിരുന്നു. നിലവിൽ ഈ വണ്ടി 3.33ന് കുറ്റിപ്പുറത്തും 4 മണിക്ക് തിരൂരിലും 4.16ന് താനൂരിലും 4.24ന് പരപ്പനങ്ങാടിയിലും എത്തുകയാണ്. ഈ സമയത്ത് ജോലി കഴിഞ്ഞു മടങ്ങുന്നവർക്ക് സ്റ്റേഷനുകളിൽ എത്തിച്ചേരാൻ സാധിക്കുന്നില്ല. കോഴിക്കോട് ഭാഗത്തേക്ക് പിന്നീടു വരുന്ന മംഗള എക്സ്പ്രസിലും നേത്രാവതി എക്സ്പ്രസിലും കയറി തിരക്കേറിയ ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്.
ഷൊർണൂരിൽ നിന്ന് പുറപ്പെടൽ സമയം നേരത്തെ ആക്കിയെങ്കിലും കോഴിക്കോട് എത്തുന്ന വണ്ടി പിടിച്ചിട്ട് 5.30ന് മാത്രമാണ് യാത്ര തുടരുന്നത്. ഇത് ഷൊർണൂർ മുതൽ ഫറോക്ക് വരെയുള്ള യാത്രക്കാരോടു റെയിൽവേ ചെയ്യുന്ന ക്രൂരതയാണെന്നും എംപിമാരുടെ ഇടപെടൽ അടിയന്തരമായി ഈ വിഷയത്തിൽ ഉണ്ടാവണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.