റേഷൻ മസ്റ്ററിങ് നടത്താതെ ജില്ലയിൽ 1.65 ലക്ഷം പേർ
Mail This Article
പെരിന്തൽമണ്ണ ∙ ജില്ലയിൽ മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകളുടെ മസ്‌റ്ററിങ് നടത്താതെ ഇനിയും 1.65 ലക്ഷം പേർ. 98% മസ്‌റ്ററിങ് നടന്നത് ജില്ലയിൽ 27 റേഷൻ കടകളിൽ മാത്രമാണ്. ശേഷിച്ചവരെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ഓരോ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലുമുള്ള റേഷനിങ് ഇൻസ്‌പെക്ടർമാർ അടുത്ത ദിവസം മുതൽ വീടുകളിലെത്തി നേരിട്ട് പരിശോധനയും അന്വേഷണവും നടത്തും. സംസ്ഥാനത്ത് 94.3% പേരുടെ മസ്‌റ്റിങ് നടന്ന പത്തനംതിട്ട ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. ഇടുക്കി (94.15), കണ്ണൂർ (91.80), ആലപ്പുഴ (91.76) എന്നീ ജില്ലകൾക്കു പിന്നിലാണ് മലപ്പുറത്തിന്റെ സ്ഥാനം (91.74). എറണാകുളം ജില്ലയാണ് ഏറ്റവും പിന്നിൽ (88.57).
ജില്ലയിൽ 7 താലൂക്ക് സപ്ലൈ ഓഫിസുകൾക്കു കീഴിൽ ഏറ്റവും കൂടുതൽ പേർ മസ്‌റ്ററിങ് നടത്താൻ ശേഷിക്കുന്നത് തിരൂരിലാണ്– 43,016 പേർ. ഏറ്റവും കുറവ് 15,939 പേരുള്ള കൊണ്ടോട്ടിയിൽ. മറ്റിടങ്ങളിലെ കണക്ക് ഇങ്ങനെ: ഏറനാട്–17,368, നിലമ്പൂർ–25,325, പെരിന്തൽമണ്ണ–20,318, പൊന്നാനി–18,055, തിരൂരങ്ങാടി–25,669. മുൻഗണനാ വിഭാഗത്തിൽ (പിഎച്ച്എച്ച്) ആകെയുള്ള 18,07,985 പേരിൽ 16,57,597 പേരും അന്ത്യോദയ (എഎവൈ) വിഭാഗത്തിൽ 1,98,985 പേരിൽ 183691 പേരും ഉൾപ്പെടെ 18,41,288 പേരാണ് ഇന്നലെ വൈകുന്നേരം വരെ മസ്‌റ്ററിങ് നടത്തിയത്. ഏറനാട് 2,69,685 പേരും (93.94 ശതമാനം), കൊണ്ടോട്ടിയിൽ 1,75,330 പേരും (91.66 ശതമാനം), നിലമ്പൂരിൽ 2,91,499 പേരും (92 ശതമാനം), പെരിന്തൽമണ്ണയിൽ 2,39333 പേരും (92.17 ശതമാനം), പൊന്നാനിയിൽ1,86,578 പേരും (91.17 ശതമാനം), തിരൂരിൽ 4,28,710 പേരും (90.88 ശതമാനം), തിരൂരങ്ങാടിയിൽ 2,50,145 പേരും (90.69 ശതമാനം) ഇതിനകം മസ്‌റ്ററിങ് നടത്തി.
98 ശതമാനം മസ്‌റ്ററിങ് നടന്ന കടകൾ ജില്ലയിൽ ഏറനാട്–8, കൊണ്ടോട്ടി–1, നിലമ്പൂർ–1, പെരിന്തൽമണ്ണ –2, പൊന്നാനി–21, തിരൂർ–4, തിരൂരങ്ങാടി–0 എന്നിങ്ങനെയാണ്. മസ്‌റ്ററിങ് നടത്താത്തവരെ കണ്ടെത്തി മസ്‌റ്ററിങ് നടത്താൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ നോട്ടിസ് നൽകും. ഇനിയും മസ്‌റ്ററിങ് നടത്താത്തവരിൽ വലിയൊരു വിഭാഗം ഇതര സംസ്ഥാനങ്ങളിലും മറ്റും പഠിക്കുന്ന വിദ്യാർഥികളും ജോലി ആവശ്യാർഥം വിദേശത്തുള്ളവരുമാണെന്നാണു വിലയിരുത്തൽ. അതേസമയം മസ്‌റ്ററിങ് നടത്താത്ത ഇത്തരക്കാരെ മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കില്ല. എൻആർകെ (നോൺ റെസിഡന്റ് കേരള) വിഭാഗത്തിൽ ഉൾപ്പെടുത്തി ഇവരുടെ അംഗത്വം തൽക്കാലം മരവിപ്പിച്ചു നിർത്താനും നാട്ടിലെത്തുമ്പോൾ മസ്‌റ്ററിങ് നടത്തുന്നതിന് അവസരം നൽകാനുമാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞ സെപ്‌റ്റംബറിലാണ് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം മഞ്ഞ, പിങ്ക് വിഭാഗങ്ങളിലെ മുൻഗണനാ കാർഡ് അംഗങ്ങളെ തിരിച്ചറിയാൻ ഇകെവൈസി മസ്റ്ററിങ് തുടങ്ങിയത്. റേഷൻ കടകളിലെ ഇപോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ചും താലൂക്ക് സപ്ലൈ ഓഫിസുകൾ ഒരുക്കിയ ഐറിസ് സ്‌കാനർ സംവിധാനം വഴിയും നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ച മേരാ ഇകെവൈസി ആപ് വഴി മൊബൈൽ ഫോൺ ഉപയോഗിച്ചും മസ്‌റ്ററിങ്ങിന് സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് ഇതിനായി താലൂക്ക്‌തലത്തിലും പഞ്ചായത്ത് തലത്തിലും മസ്‌റ്ററിങ് ക്യംപുകൾ നടത്തിയിരുന്നു. ഇപ്പോഴും റേഷൻ കടകളിൽ മസ്‌റ്ററിങ് നടത്താൻ സംവിധാനമുണ്ട്.