ജില്ലയിൽ രണ്ട് അപകടങ്ങളിൽ മൂന്നു മരണം

Mail This Article
കോട്ടയ്ക്കൽ/പാണ്ടിക്കാട് ∙ ജില്ലയിൽ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളിൽ നവവരൻ ഉൾപ്പെടെ 3 പേർ മരിച്ചു. 4 പേർക്ക് പരുക്കേറ്റു. കോട്ടയ്ക്കൽ പുത്തൂർ ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കാവതികളം ആലമ്പാട്ടിൽ അബ്ദുറഹിമാന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് റിഷാദ് (19), മാറാക്കര മരവട്ടം പാട്ടത്തൊടി ഹമീദിന്റെയും മൈമൂനയുടെയും മകൻ ഹംസ (24) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കാവതികളം കരുവക്കോട്ടിൽ സിദ്ദീഖിന്റെ മകൻ സിയാദ്, കോട്ടൂർ കാലൊടി ഉണ്ണീൻകുട്ടിയുടെ മകൻ മുഹമ്മദ് ഇർഷാദ് എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ വൈകിട്ട് മൂന്നോടെയാണ് പുത്തൂരിനും കാവതികളത്തിനും ഇടയിലെ വളവിൽ അപകടം നടന്നത്.
ഇരുവശങ്ങളിൽനിന്നു വന്ന വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകൾ ഓടിച്ചിരുന്ന റിഷാദും ഹംസയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പറയുന്നു. കബറടക്കം പിന്നീട്. ഒരു വർഷം മുൻപ് നിക്കാഹ് കഴിഞ്ഞ് വിദേശത്തേക്കു പോയ ഹംസ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തി ഭാര്യ ഫാത്തിമ ഷഹാനയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. സഹോദരങ്ങൾ: ആഷിഖ്, ഹാദിയ ഫാത്തിമ. റിഷാദിന്റെ സഹോദരങ്ങൾ: ഫിനാസ്, ഷഹാന ഷെറിൻ, ഷിഫ്ന. പാണ്ടിക്കാട് തമ്പാനങ്ങാടിയിലെ വെട്ടിക്കാട്ടിരി എൽപി സ്കൂളിനു മുൻപിൽ നിയന്ത്രണംവിട്ട കാറിടിച്ചാണ് വല്ല്യാത്രപടിയിലെ കാരക്കാടൻ വീട്ടിൽ അബ്ദുൽ കലാം ആസാദ്(58) മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം.
വ്യായാമത്തിനിറങ്ങി വീട്ടിലേക്കു നടന്നുപോവുകയായിരുന്ന ആസാദിനെ നിയന്ത്രണംതെറ്റി വന്ന കാർ പിന്നിൽനിന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്കൂൾ ഗേറ്റിലേക്കു തെറിച്ചുവീണ ആസാദ് തൽക്ഷണം മരിച്ചു. മുന്നോട്ടു പോയ കാർ എതിരെ വന്ന ഓട്ടോയിലും ഇടിച്ചു. മുഖത്ത് പരുക്കേറ്റ ഓട്ടോ ഡ്രൈവർ വള്ളിക്കാപറമ്പ് സ്വദേശി കക്കുഴിയിൽ അൻസാർ (48) കാർ ഓടിച്ചിരുന്ന കൊണ്ടോട്ടി സ്വദേശിയായ യുവാവ് എന്നിവർക്കും പരുക്കേറ്റു. ഇവരെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസാദിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രി വെള്ളുവങ്ങാട് റഹ്മാനിയ ജുമാമസ്ജിദിൽ കബറടക്കി. ഭാര്യ: സലീന. മക്കൾ: ഫാസിൽ, ഫഹദ്. മരുമക്കൾ: ഷിഫാ ഷെറിൻ, ഫർസീന.