കാട്ടാന ശല്യം; തീക്കടി ഊരിന്റെ നെഞ്ചിൽ തീ

Mail This Article
എടക്കര ∙ കാട്ടാനകൾ കാരണം മൂത്തേടം തീക്കടി ഊരിലെ ആദിവാസികളുടെ നെഞ്ചിൽ തീയാണ്. സന്ധ്യയായാൽ വീടുകളുടെ മുറ്റത്ത് ആനകളാണ്. രാത്രി പിന്നെ ഉറക്കമില്ല. ആനകളെത്തുന്നതു കണ്ടാൽ ബഹളംവച്ചും പടക്കം പൊട്ടിച്ചുമെല്ലാം നോക്കുമെങ്കിലും ഇതുകൊണ്ടെന്നും ആനകൾ പോകാറില്ല. ഇടയ്ക്ക് വീടുകളും ആക്രമിക്കുന്നുണ്ട്. സമീപത്തെ ഉച്ചക്കുളം ഊരിലെ വീട്ടമ്മയായ സരോജിനിയെ കഴിഞ്ഞ ദിവസം ആന ആക്രമിച്ച് കൊന്നതോടെ കുടുംബങ്ങൾ കൂടുതൽ ഭീതിയിലാണ്. 26 കുടുംബങ്ങൾ താമസിക്കുന്ന ഊരിന്റെ മൂന്നുവശവും വനമാണ്. ഇവിടേക്ക് ആനകളെത്തുന്നത് പ്രതിരോധിക്കാൻ യാതൊരുവിധ സുരക്ഷ സംവിധാനവുമില്ല.
നേരത്തെ ഉണ്ടായിരുന്ന വൈദ്യുതവേലി തകർന്നിട്ട് വർഷങ്ങളോളമായി. രണ്ട് മാസത്തോളായി ഊരിനു സമീപം കൊമ്പന്റെ സ്ഥിരസാന്നിധ്യമുണ്ട്. ഇത് കാരണം പകലും പുറത്തിറങ്ങാനാവുന്നില്ല. ഈ കൊമ്പനെയിപ്പോൾ നാട്ടുകാർ ‘തീക്കടി രാമൻ’ എന്നാണ് വിളിക്കുന്നത്. ഊരിനു ചുറ്റും വൈദ്യുതി പ്രവഹിക്കുന്ന തൂക്കുവേലി സ്ഥാപിക്കുകയോ അതല്ലെങ്കിൽ വീതിയിൽ കിടങ്ങു കീറി കോൺക്രീറ്റ് ചെയ്യുകയോ വേണം. ആനകളുടെ സാന്നിധ്യം മനസ്സിലാക്കാൻ തെരുവുവിളക്കുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്. എന്നാൽ, വനം വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ നടപടിയെടുക്കുന്നില്ല. തീക്കടി ഊരിനു സമീപത്തെ കർഷകരും ആന ശല്യം മൂലം പൊറുതിമുട്ടിയിട്ടുണ്ട്.