ആറുവരിപ്പാതയിലെ നടപ്പാലത്തിനടുത്ത് ലിഫ്റ്റ്, എസ്കലേറ്റർ നിർമാണം: സ്ഥലം വിട്ടുനൽകുമോ?

Mail This Article
തേഞ്ഞിപ്പലം ∙ കോഹിനൂരിൽ എൻഎച്ചിൽ നടപ്പാലം നിർമിക്കുമ്പോൾ സർവീസ് റോഡിന് പടിഞ്ഞാറ് വശത്ത് പടികൾ നിർമിക്കാനും ലിഫ്റ്റ്, എസ്കലേറ്റർ എന്നിവ സ്ഥാപിക്കാനും 5 സെന്റ് സ്ഥലം സൗജന്യമായി ലഭ്യമാക്കാനാകാതെ പ്രതിസന്ധി. കാലിക്കറ്റ് സർവകലാശാല സ്ഥലം അനുവദിക്കുമെന്നോ, ഇല്ലെന്നോ പറഞ്ഞിട്ടില്ല. സ്ഥലം ലഭ്യമാക്കണമെന്ന് ഭരണ– പ്രതിപക്ഷ സംഘടനകളും സന്നദ്ധ കൂട്ടായ്മകളും കത്ത് നൽകിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. തീരുമാനം എടുക്കാൻ സിൻഡിക്കറ്റ് സമിതിയെ നിയോഗിച്ചിട്ട് മൂന്നാഴ്ചയായി. സമിതി ഇന്നോളം ഇക്കാര്യത്തിന് യോഗം ചേർന്നിട്ടുമില്ല. സിൻഡിക്കറ്റിന്റെ അടുത്ത യോഗം അടുത്തയാഴ്ച നടത്താനിടയുണ്ട്. പ്രശ്നം പരിഹരിക്കണമെങ്കിൽ അതിനു മുൻപ് വിഷയം പഠിക്കണം.
സ്ഥലം സൗജന്യമായി നൽകിയെങ്കിലേ എൻഎച്ച് അതോറിറ്റി നടപ്പാലം നിർമിക്കൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോഹിനൂരിൽ കിഴക്ക് ഭാഗത്ത് എൻഎച്ച് അതോറിറ്റിയുടെ സ്ഥലം ബാക്കിയുള്ളതിനാൽ പ്രശ്നമില്ല. പടിഞ്ഞാറ് വശത്ത് യൂണിവേഴ്സിറ്റി കനിഞ്ഞേ മതിയാകൂ. നടപ്പാലം നിർമിച്ചില്ലെങ്കിൽ പൊതുജനങ്ങൾ മാത്രമല്ല യൂണിവേഴ്സിറ്റിയുടെ എൻജിനിയറിങ് കോളജിലേക്കുള്ള വിദ്യാർഥികളിൽ ചിലരും ക്ലേശത്തിലാകും. അതുകൊണ്ട് സ്ഥലം അനുവദിക്കുന്നത് യൂണിവേഴ്സിറ്റിയുടെ കൂടെ ഉത്തരവാദിത്വമാണ്. ക്യാംപസ് കവാടത്തിനടുത്ത് എൻഎച്ചിൽ നടപ്പാലവും സിൻഡിക്കറ്റ് ഉപസമിതിയെ പഠിക്കാൻ ഏൽപിച്ചിട്ടുണ്ട്.