നിർമാണം നടക്കുന്ന ആറുവരിപ്പാതയിലെ വയഡക്റ്റിൽ കയറി ഫോട്ടോ എടുക്കാൻ തിരക്ക്; പ്രവേശനം തടഞ്ഞു

Mail This Article
വളാഞ്ചേരി ∙ ആറുവരിപ്പാത ബൈപാസിലെ വയഡക്റ്റിലേക്കുള്ള സന്ദർശകരുടെ വരവിനു വിലക്ക്. നിർമാണ ജോലികൾക്ക് സന്ദർശകരുടെ തിരക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് പാലത്തിനു മുകളിലേക്കുള്ള പ്രവേശനം നിർമാണ കമ്പനി അധികൃതർ താൽക്കാലികമായി നിർത്തലാക്കിയത്. വയഡക്റ്റിന്റെ ഇരുഭാഗവും അടച്ചു. വട്ടപ്പാറ മേൽഭാഗത്തു നിന്നു തുടങ്ങി മൂച്ചിക്കൽ ഓണിയിൽ പാലത്തിനു സമീപം അവസാനിക്കുന്ന ബൈപാസ് പണി മുക്കാൽ ഭാഗവും ഇതിനകം പൂർത്തിയായിട്ടുണ്ട്. വയൽപരപ്പിൽ മണ്ണിട്ടുയർത്തുന്ന ജോലി തുടരുകയാണ്.
കാട്ടിപ്പരുത്തി വയലിലൂടെ കടന്നു പോകുന്ന വയഡക്റ്റിൽ കയറി കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കാനും പ്രഭാത നടത്തത്തിനും ഒട്ടേറെപ്പേർ എത്തിയിരുന്നു. വാഹനങ്ങളും പാലത്തിനു മുകളിൽ കയറിയിറങ്ങിയിരുന്നു. ഇതു പാലംപണിയെ ബാധിച്ചതാണു പ്രവേശനം തടയാൻ കാരണം. വടക്കുംമുറി ഭാഗമാണ് അടച്ചത്. മാർച്ചോടെ ദേശീയപാതയുടെ ജില്ലയിലെ നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്. വട്ടപ്പാറ മുതൽ മൂച്ചിക്കൽ വരെയുള്ള ബൈപാസിനു 4 കിലോമീറ്ററാണ് നീളം. ഇതിൽ പകുതി ഭാഗവും വയഡക്റ്റ് ആണ്. പാലത്തിനു മുകളിൽ നിന്നുള്ള വയൽപരപ്പിന്റെ വിദൂരക്കാഴ്ചയാണു സന്ദർശകരുടെ തിരക്കേറാൻ കാരണം.