ഗേറ്റ് വീണ് പിഞ്ചുകുഞ്ഞ് മരിച്ച സംഭവം: നിർമാണത്തകരാർ കാരണമെന്ന് പരാതി

Mail This Article
നിലമ്പൂർ∙ ഉന്തി നീക്കുന്ന (സ്ലൈഡിങ് ) ഗേറ്റ് ദേഹത്തേക്ക് വീണു പിഞ്ചുകുഞ്ഞ് മരിക്കാനിടയായതിനു കാരണം ഗേറ്റിന്റെ നിർമാണത്തകരാറെന്നു പരാതി. 18 അടിയോളം നീളമുള്ളതാണ് ഗേറ്റ്. മറിഞ്ഞു വീഴാതിരിക്കാൻ ആവശ്യമായ സ്റ്റോപ്പർ സംവിധാനം ഗേറ്റിൽ ഘടിപ്പിച്ചിരുന്നില്ല.നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ 19ന് വൈകിട്ട് 5ന് ആണ് അപകടം: വണ്ടൂർ ഏറാംതൊടിക സമീറിന്റെ മകൾ അയിറ ബിന്ദ് സമീറാണ് (3) മരിച്ചത്. 200 കിലോഗ്രാമോളം ഭാരമുള്ള ഗേറ്റാണു കുഞ്ഞിന്റെ മേലെ വീണത്. കുടുംബം ഇവിടെ താമസം തുടങ്ങിയിട്ട് 6 മാസമായി.
അഞ്ചരയടിയോളം ഉയരമുള്ള ഗേറ്റ് വീഴാതിരിക്കാൻ തൂണിൽ മാത്രമാണ് സ്റ്റോപ്പർ വച്ചത്. ഗേറ്റിന്റെ പാളത്തിൽ അഗ്രഭാഗത്ത് കൂടുതൽ മുന്നോട്ട് നീങ്ങാതിരിക്കാൻ ചെറിയ സ്റ്റാേപ്പർ വച്ചിട്ടുണ്ട്. മറിയാതിരിക്കാൻ മുകൾ ഭാഗത്തു വച്ചില്ല. ഒന്നര മാസം മുൻപ് ഗേറ്റ് മറിഞ്ഞു വീണതായി അയിറയുടെ ബന്ധുക്കൾ പറഞ്ഞു. നിർമാണത്തിലെ പിഴവ് സമീർ ബന്ധപ്പെട്ടവരെ അറിയിച്ചു. പരിഹരിക്കാമെന്ന് മറുപടി കിട്ടിയെന്നു ബന്ധുക്കൾ പറഞ്ഞു.മൂത്ത സഹോദരങ്ങളുമൊത്തു മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം.
ഭാരമേറിയ ഗേറ്റ് കുഞ്ഞിന്റെ ദേഹത്തേക്കു വീണപ്പോൾ അഗ്രഭാഗം ഇടിച്ച് നെറ്റിയിൽ ഒന്നര ഇഞ്ച് ആഴത്തിൽ മുറിവുണ്ടായി. കോൺക്രീറ്റ് കട്ടയിലിടിച്ചു തലയുടെ പിൻഭാഗത്തും പരുക്കേറ്റു. രക്തം വാർന്ന നിലയിൽ അയിറയെ സമീറുംഅടുത്ത ക്വാർട്ടേഴ്സുകളിലുള്ളവരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വല്ലപ്പുഴ ജുമാ മസ്ജിദിൽ കബറടക്കി. സമാന രീതിയിൽ അടുത്തിടെ ഗേറ്റ് വീണു യുവാവിന്റെ കാലിനു ഗുരുതര പരുക്കേറ്റിരുന്നു.