പകുതി പോലും പദ്ധതിവിഹിതം ചെലവഴിക്കാതെ തദ്ദേശ സ്ഥാപനങ്ങൾ
Mail This Article
മലപ്പുറം∙ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രം ബാക്കിനിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചതു പദ്ധതിവിഹിതത്തിന്റെ 41.76% മാത്രം. പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തു മൂന്നാം സ്ഥാനത്താണു ജില്ല. ആകെ വിഹിതത്തിന്റെ 43.71% ചെലവഴിച്ച തൃശൂർ ഒന്നാമതും 42.87% ചെലവഴിച്ച ആലപ്പുഴ രണ്ടാമതുമാണ്. ആകെ 844.22 കോടിയാണു തദ്ദേശ സ്ഥാപനങ്ങൾ വഴി ജില്ലയ്ക്കു ലഭിച്ച വിഹിതം.
ജില്ലാ പഞ്ചായത്തിൽ പദ്ധതി നടത്തിപ്പിൽ മലപ്പുറമാണു മുന്നിൽ. വിഹിതത്തിന്റെ 59.20% ജില്ലാ പഞ്ചായത്ത് ചെലവഴിച്ചുകഴിഞ്ഞു. ഇത് ഏകദേശം 62 കോടി രൂപ വരും. രണ്ടാം സ്ഥാനത്തുള്ള കണ്ണൂർ ഇതുവരെ 52.20% ആണു ചെലവഴിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ച നഗരസഭകളിൽ ആദ്യത്തെ പത്തിൽ ജില്ലയിൽനിന്നു 2 നഗരസഭകളുണ്ട്. മഞ്ചേരിയാണു ജില്ലയിൽ ഒന്നാം സ്ഥാനത്ത്. സംസ്ഥാനത്തു മൂന്നാം സ്ഥാനം.
പദ്ധതി നടത്തിപ്പിൽ ഏറ്റവും പിന്നിലുള്ള നഗരസഭകളിൽ 3–ാം സ്ഥാനത്തു പരപ്പനങ്ങാടിയാണ്. 20–ാം സ്ഥാനത്ത് കൊണ്ടോട്ടിയും 28–ാം സ്ഥാനത്തു മലപ്പുറവുമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ച 10 എണ്ണത്തിൽ മലപ്പുറത്തു നിന്ന് ഒന്നു പോലുമില്ല. 52.68% ഫണ്ട് ചെലവഴിച്ച മലപ്പുറമാണ് പതിനൊന്നാമത്. കൊണ്ടോട്ടി (14), കുറ്റിപ്പുറം ( 27) എന്നിവയാണു ആദ്യ 30 സ്ഥാനങ്ങളിലുള്ളത്. ഏറ്റവും പിന്നിലുള്ള ബ്ലോക്ക് പഞ്ചായത്തുകളിൽ 4–ാമത് കാളികാവാണ്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് 29–ാം സ്ഥാനത്താണ്. ഗ്രാമപഞ്ചായത്തിൽ ചെറിയമുണ്ടമാണ് (60%) ജില്ലയിൽ ഒന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് 5–ാം സ്ഥാനം. കീഴാറ്റൂർ ആറാമതും മങ്കട എട്ടാമതുമാണ്.
ജില്ലയിലെ കണക്ക് ഇങ്ങനെ
ഗ്രാമപഞ്ചായത്ത്
∙മുന്നിലുള്ളത്
ചെറിയമുണ്ടം
കീഴാറ്റൂർ
മങ്കട
∙പിന്നിലുള്ളത്
കുറുവ
തൃക്കലങ്ങോട്
പൊന്മുണ്ടം
നഗരസഭ
∙മുന്നിൽ
മഞ്ചേരി
തിരൂർ
നിലമ്പൂർ
∙പിന്നിൽ
പരപ്പനങ്ങാടി
കൊണ്ടോട്ടി
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
∙മുന്നിൽ
മലപ്പുറം
കൊണ്ടോട്ടി
കുറ്റിപ്പുറം
∙പിന്നിൽ
കാളികാവ്
അരീക്കോട്