താനൂർ ബോട്ടപകടം: പ്രതികൾ എത്ര ഉന്നതരെങ്കിലും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് കമ്മിഷൻ
Mail This Article
മലപ്പുറം ∙ താനൂർ ബോട്ടപകടത്തിന് ഉത്തരവാദികളായവർ എത്ര ഉന്നതരാണെങ്കിലും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് ജുഡീഷ്യൽ കമ്മിഷൻ. 103 സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും തിരൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഇന്നു തുടങ്ങും. 102 ദിവസം നീളും. അപകടത്തിനിടയാക്കിയ സാഹചര്യവും അതിൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഉള്ള പങ്കുമാണ് ഈ ഘട്ടത്തിൽ അന്വേഷിക്കുന്നത്. ഇത്തരം സംഭവങ്ങൾ തുടർന്നും ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങൾ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നും കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ.മോഹൻ പറഞ്ഞു.
കമ്മിഷൻ പരിഗണിക്കുന്ന 6 വിഷയങ്ങളിൽ പൊതുജനാഭിപ്രായം തേടി നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ കാര്യമായ പ്രതികരണങ്ങൾ ലഭിച്ചില്ല. തുടർന്ന് അന്വേഷണം സംബന്ധിച്ച് നേരിട്ടോ അല്ലാതെയോ ബന്ധമുള്ള 56 സ്ഥാപനങ്ങളോട് അവരുടെ നിലപാട് ആരാഞ്ഞ് കത്തയച്ചു. കഴിഞ്ഞ വർഷം മാർച്ച് 27നായിരുന്നു ആദ്യ വിചാരണ. തുടർന്നാണ് അപകടത്തെപ്പറ്റി നേരിട്ടും അല്ലാതെയും അറിവുള്ള 103 സാക്ഷികളെ തെളിവെടുപ്പിനായി വിചാരണ ചെയ്യാനും ബന്ധമില്ലാത്തവരെ ഒഴിവാക്കാനും തീരുമാനിച്ചതെന്നും കമ്മിഷൻ പറഞ്ഞു.
ഇത്തരം ദുരന്തങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനായി കൊച്ചി വാട്ടർ മെട്രോയിലെ സുരക്ഷാ സംവിധാനങ്ങളടക്കം പരിഗണിക്കുന്നുണ്ടെന്ന് കമ്മിഷൻ അംഗങ്ങളായ കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് റിട്ട. ചീഫ് എൻജിനീയർ എസ്.സുരേഷ്കുമാർ, കൊച്ചി സർവകലാശാല ഡിപ്പാർട്മെന്റ് ഓഫ് ടെക്നോളജി റിട്ട. പ്രഫ. ഡോ. കെ.പി.നാരായണൻ എന്നിവർ പറഞ്ഞു. അതേസമയം പുതിയ നിർദേശങ്ങൾ പരമ്പരാഗത തൊഴിൽ മേഖലയിലുണ്ടാക്കാവുന്ന പ്രതികരണങ്ങളും പ്രായോഗിക പരിഹാരങ്ങളും പരിഗണിച്ചായിരിക്കുമെന്നും ജസ്റ്റിസ് വി.കെ.മോഹൻ പറഞ്ഞു.
തുടർ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
താനൂർ ബോട്ടപകടത്തിൽ പരുക്കേറ്റവരുടെ തുടർ ചികിത്സ സംബന്ധിച്ച തർക്കം തീർപ്പാക്കിയതാണെന്നു ജുഡീഷ്യൽ കമ്മിഷൻ പറഞ്ഞു. അപകടത്തിൽ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നാണു സർക്കാർ അറിയിച്ചത്. എന്നാൽ തുടർ ചികിത്സാ ചെലവ് സംബന്ധിച്ച പരാതി ലഭിച്ചാൽ അനുകൂല നിലപാടെടുക്കുമെന്നാണു സർക്കാർ അറിയിച്ചത്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ സർക്കാരിനെ സമീപിക്കാം. ബിൽ ലഭിച്ചാൽ പണം നൽകാമെന്ന് കലക്ടറുടെ ഉത്തരവുണ്ടെന്നും കമ്മിഷൻ അറിയിച്ചു.