താനൂർ ബോട്ടുദുരന്തം: ജുഡീഷ്യൽ കമ്മിഷൻ സാക്ഷിവിസ്താരം തുടങ്ങി
Mail This Article
തിരൂർ∙ താനൂർ ബോട്ടുദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ.മോഹനൻ ജുഡീഷ്യൽ കമ്മിഷൻ സാക്ഷിവിസ്താരം ആരംഭിച്ചു. ഇന്നലെ 3 സാക്ഷികളെയാണു വിസ്തരിച്ചത്. ആദ്യ ദിനം 15 പേരെ വിസ്തരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ 2 പേർ ഹാജരായിരുന്നില്ല. ബാക്കിയുള്ളവരെ വിസ്തരിക്കേണ്ടതില്ലെന്നു കമ്മിഷനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. അപകടത്തിൽ മകളെ നഷ്ടപ്പെട്ട മലപ്പുറം മുണ്ടുപറമ്പിലെ മച്ചിങ്ങൽ നിഹാസ്, വള്ളിക്കുന്ന് സ്വദേശിയായ നുസ്രത്ത്, താനൂർ നഗരസഭാംഗം നിസാമുദ്ദീൻ എന്നിവരെയാണ് ആദ്യദിനം വിസ്തരിച്ചത്.
ബോട്ടിന്റെ ഡ്രൈവർ സവാദ്, ഉടമ നാസർ എന്നിവർ ഹാജരായിരുന്നു. ഇവരെ നിഹാസ് തിരിച്ചറിഞ്ഞു. ബോട്ടിന്റെ സ്രാങ്ക് ദിനേശൻ, ടിക്കറ്റ് നൽകിയ അപ്പു എന്നിവർ വന്നിരുന്നില്ല. ഇവരെ കണ്ടാൽ അറിയാമെന്നും നിഹാസ് കമ്മിഷനെ അറിയിച്ചു. ബോട്ട് യാത്ര തുടങ്ങിയ സമയം മുതൽ അപകടാവസ്ഥയിലാണ് ഓടിയിരുന്നതെന്നു സാക്ഷിവിസ്താരത്തിൽ നിഹാസ് പറഞ്ഞു. ബോട്ടിൽ എത്രയാളുകളെ കയറ്റാൻ സാധിക്കുമെന്ന വിവരവും റജിസ്ട്രേഷൻ കടലാസുകളും എഴുതിവച്ചിട്ടുണ്ടായിരുന്നില്ല. കൂടുതൽ പേരെ കയറ്റിയെന്നും താഴത്തേ നിലയിൽ ഡിജെ പാർട്ടി നടത്തിയിരുന്നെന്നും നിഹാസ് വിസ്താരത്തിൽ പറഞ്ഞു.
പെരുന്നാളിന്റെ ഭാഗമായി ബോട്ട് സവാരി നിർത്തിവയ്പ്പിച്ചതായിരുന്നെന്നും ആവശ്യമായ രേഖകളുമായി ഹാജരായാലേ തുടരാൻ അനുവദിക്കൂ എന്നു താനൂർ പൊലീസ് ബോട്ട് സവാരി നടത്തുന്നവരെ അറിയിച്ചിരുന്നതായും താനൂർ നഗരസഭാംഗം നിസാമുദ്ദീൻ ഒട്ടുംപുറം കമ്മിഷനെ അറിയിച്ചു. എന്നാൽ ഒരാൾ മാത്രമാണു രേഖകൾ എത്തിച്ചതെന്നാണു തനിക്കു ലഭിച്ച വിവരം. പൊലീസ്, പോർട്ട് അധികൃതർ, ഡിടിപിസി എന്നിവർ അപകടത്തിനു മുൻപായി പരിശോധന നടത്തിയതായി അറിയില്ല.
റവന്യു വകുപ്പിന്റെ കീഴിലുള്ള പുഴയോരത്തെ പുറമ്പോക്കിൽ ബോട്ട് ജെട്ടി കെട്ടിയതിൽ റവന്യു വകുപ്പ് അന്വേഷണം നടത്തിയതായും അറിയില്ലെന്നു നിസാമുദ്ദീൻ പറഞ്ഞു. സ്രാങ്കിനു ലൈസൻസ് ഇല്ലായിരുന്നുവെന്നു പിന്നീടു മനസ്സിലാക്കിയതായും നിസാമുദ്ദീൻ കമ്മിഷനെ അറിയിച്ചു. സംഭവവുമായി നേരിട്ടും അല്ലാതെയും അറിവുള്ള 103 പേരെയാണു കമ്മിഷൻ വിസ്തരിക്കുന്നത്. 16 മുതൽ 30 വരെയുള്ള സാക്ഷികളെ ഇന്നു വിസ്തരിക്കും. സാക്ഷിവിസ്താരം പൂർത്തിയായി 3 മാസത്തിനുള്ളിൽ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും.