താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ട സംഭവം; കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം

Mail This Article
അങ്ങാടിപ്പുറം∙ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടതിനെ തുടർന്നു പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധ സമരം സംഘർഷാവസ്ഥയിലായി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഡേകെയർ ഡ്രൈവർ ഫൈസൽ എം.വലമ്പൂരിനെ ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്യാൻ ഇന്നലെ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അങ്ങാടിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ഉപരോധ സമരം സംഘടിപ്പിച്ചു. സമരത്തിനിടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. കഴിഞ്ഞ നവംബറിൽ നടന്ന കേരളോത്സവ മത്സരങ്ങൾക്കിടെ രണ്ടു ക്ലബ്ബുകൾ തമ്മിലുള്ള തർക്കം ഉണ്ടാവുകയും അതു സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കേരളോത്സവത്തിൽ ഉദ്ഘാടകനായിരുന്ന പരിയാപുരം വാർഡംഗം അനിൽ പുലിപ്ര സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് സംഭവത്തിലുൾപ്പെട്ട ഫൈസലിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ഇതോടൊപ്പം 2 ക്ലബ്ബുകൾക്കും നോട്ടിസ് നൽകിയിരുന്നു. ഫൈസൽ പ്രതിനിധീകരിക്കുന്ന ക്ലബ് മറുപടി നൽകുകയും ആ മറുപടി ഡിസംബർ 11ന് സെക്രട്ടറി ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തതായി കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ 2 പ്രതിപക്ഷാംഗങ്ങൾ ഉൾപ്പെടെ അഞ്ചംഗ സമിതിയെ പഞ്ചായത്ത്ചുമതലപ്പെടുത്തിയിരുന്നു വെന്ന് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ പറഞ്ഞു.
ഈ സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവത്തിനു ശേഷം ചേർന്ന 2 ഭരണസമിതി യോഗങ്ങളിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഇന്നലെ നടപ്പാക്കിയത് ഗൂഡാലോചനയാണെന്നാണു കോൺഗ്രസിന്റെ ആക്ഷേപം. നടപടിക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുമെന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. പുതിയ സംഭവത്തോടെ അങ്ങാടിപ്പുറത്ത് യുഡിഎഫിനുള്ളിൽ നിലനിൽക്കുന്ന പടലപ്പിണക്കങ്ങൾ കൂടുതൽ രൂക്ഷമായി. ഉപരോധസമരം ജില്ലാ കോൺഗ്രസ് നിർവാഹകസമിതി അംഗം കെ.എസ്.അനീഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജബ്ബാർ ആധ്യക്ഷ്യം വഹിച്ചു. കേശവദാസ്, പി.ടി.മാത്യു, വിപിൻ പുഴയ്ക്കൽ, സുഹൈൽബാബു, ലിജോ പരിയാപുരം, മുജീബ്, സെയ്‌തലവി മാമ്പള്ളി, സി.പി.മനാഫ്, മുസ്‌തഫ പുത്തനങ്ങാടി എന്നിവർ നേതൃത്വം നൽകി. അതേ സമയം സസ്പെൻഡ് ചെയ്യപ്പെട്ട ഫൈസൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തിലാണ്. ഇന്നലെ നടന്ന ഉപരോധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ്കേസെടുത്തിട്ടുണ്ട്. അതേസമയം ആരോപണ വിധേയനായ താൽക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്ന് പൂർണമായി ഒഴിവാക്കാതെ താൽക്കാലിക സസ്പെൻഷൻ നടപടി ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ച് ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണു തങ്ങളുടെ നിലപാടെന്നു പ്രതിപക്ഷ നേതാവ് കെ.ടി.നാരായണനും പരാതി നൽകിയ വാർഡംഗം അനിൽ പുലിപ്രയും പറഞ്ഞു.`