സ്പിരിറ്റ് വേട്ടയിൽ പൊലീസിന് സഹായികളായി നാട്ടുകാർ

Mail This Article
തിരൂരങ്ങാടി ∙ സമീപകാലത്തെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയിൽ പൊലീസിന് സഹായികളായി നാട്ടുകാർ. നെല്ലിലെ പതിരും സോപ്പ് പൊടിയും പ്ലാസ്റ്റിക് ചാക്കിലാക്കി മുകളിലിട്ട് അതിന്റെ മറവിൽ സ്പിരിറ്റ് കടത്തിയ സംഘം കിലോമീറ്ററുകൾ താണ്ടി കൊളപ്പുറത്തെത്തിയപ്പോഴാണ് പിടിയിലാകുന്നത്. ലോറിയുടെ പിറകുവശം ടാർപായ കൊണ്ട് മറച്ച നിലയിലായിരുന്നു. ടാർപായ നീക്കിയാൽ തന്നെ പ്ലാസ്റ്റിക് കന്നാസുകൾ കാണാമായിരുന്നു. എന്നാൽ കർണാടകയിൽ നിന്നു കൊളപ്പുറത്ത് എത്തുന്നതു വരെ ചെക്ക് പോസ്റ്റിലോ മറ്റു പരിശോധന സ്ഥലത്തോ ഇവർ പിടിക്കപ്പെട്ടില്ല. കൊളപ്പുറത്ത് ലോറി നിർത്തിയിട്ട് വിശ്രമിക്കുമ്പോഴാണ് രാവിലെ പാലക്കാട് എസ്പിയുടെ ഡാൻസാഫ് സംഘം ഇവരെ പിടികൂടി തിരൂരങ്ങാടി പൊലീസിനു കൈമാറുന്നത്.
2,00,000ത്തോളം ലീറ്റർ സ്പിരിറ്റ് 626 കന്നാസുകളിലായാണു കൊണ്ടു വന്നത്. ഇവ പരിശോധിക്കുന്നതിന്റെ ഭാഗമായി കന്നാസുകൾ ലോറിയിൽ നിന്നിറക്കാനും പരിശോധിക്കാനും നാട്ടുകാരായ യുവാക്കളാണു സഹായിച്ചത്. ലോറിയിൽ നിന്ന് മുഴുവൻ കന്നാസുകളും ഇറക്കിവച്ചപ്പോഴേക്കും വൈകുന്നേരമായി. തുടർന്ന് സ്പിരിറ്റ് സാംപിൾ ശേഖരിച്ച് കന്നാസുകൾ സീൽ ചെയ്തു. ഇൻസ്പെക്ടർ ബി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി സ്റ്റേഷനിലെ പൊലീസിനു പുറമേ പരപ്പനങ്ങാടി സ്റ്റേഷനിലെ പൊലീസുകാരെയും ഉപയോഗപ്പെടുത്തിയാണ് നടപടികൾ ചെയ്തു കൊണ്ടിരിക്കുന്നത്. അർധരാത്രിയിലും ഇതു തുടർന്നു കൊണ്ടിരിക്കുകയാണ്. നടപടികൾ പൂർത്തിയാകാൻ പുലർച്ചെയാകുമെന്നാണു പൊലീസ് പറയുന്നത്.