ബോട്ട് മറിച്ചുവിൽക്കാൻ ഇടപെട്ടത് മന്ത്രി?; പരാതികൾ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് ആരോപണം

Mail This Article
പൊന്നാനി ∙ മൂന്നു കോടി രൂപയിലധികം ചെലവഴിച്ച് സർക്കാർ സബ്സിഡിയോടെ വാങ്ങിയ 2 ആഴക്കടൽ മീൻപിടിത്ത ബോട്ടുകൾ മന്ത്രിയുടെ ഇടനിലയിൽ മറിച്ചുവിൽക്കാൻ നീക്കം നടന്നതായി വിവരം. വൻ കടബാധ്യതയിലേക്കു നീങ്ങിയ താനൂരിലെ സൊസൈറ്റികളെ രക്ഷിക്കാനായാണ് മന്ത്രി വി.അബ്ദുറഹിമാൻ ഇടപെട്ടതെന്നാണ് അറിയുന്നത്. ഒന്നോ രണ്ടോ തവണ മീൻപിടിത്തത്തിനിറങ്ങിയതോടെ ബോട്ടുകൾ പ്രായോഗികമല്ലെന്ന് മത്സ്യത്തൊഴിലാളികൾക്ക് ബോധ്യമായി.
ഇതോടെ 50% സർക്കാർ സബ്സിഡിയോടെ വാങ്ങിയ ബോട്ട് സൊസൈറ്റിക്കാർക്ക് ബാധ്യതയായി മാറുകയായിരുന്നു. പരാതികളും പ്രശ്നങ്ങളും പരമാവധി മൂടിവച്ച് ഒതുക്കിത്തീർക്കാനാണ് മന്ത്രിയും വകുപ്പും ശ്രമിച്ചതെന്നാണ് ആരോപണം. ജില്ലയിൽ മാത്രം സർക്കാരിന് ഒന്നര കോടിയുടെ നഷ്ടമുണ്ടായി. ബാക്കി ഒന്നര കോടി സൊസൈറ്റികളുടെ തലയിലുമായി. മത്സ്യത്തൊഴിലാളികളെ പെരുവഴിയിലിറക്കി നേട്ടം കൊയ്തവർ ഇൗ പദ്ധതിക്കു പിറകിലുണ്ട്.
കോടികൾ പോയത് എവിടേക്ക്?
സർക്കാരിനും മത്സ്യത്തൊഴിലാളികൾക്കും കോടികളുടെ ബാധ്യതയുണ്ടാക്കി നേട്ടം കൊയ്തവരെക്കുറിച്ച് ഇതുവരെ അന്വേഷണം നടന്നിട്ടില്ല. ബോട്ടുകളുടെ നിർമാണത്തിന്റെ ഭാഗമായി എൻജിൻ, ഫ്രീസർ, ജനറേറ്റർ തുടങ്ങിയവ വിവിധ കമ്പനികളിൽ നിന്നാണ് വാങ്ങിയത്. ആദ്യ യാത്രയിൽതന്നെ ഇതെല്ലാം തകരാറിലായി. ഇതുമായി ബന്ധപ്പെട്ട് കമ്പനികളിൽനിന്ന് വിശദീകരണം തേടാനോ നടപടി സ്വീകരിക്കാനോ തയാറായിട്ടില്ല. ഇവരെ വിളിച്ചു ചേർത്ത് രഹസ്യമായി തട്ടിക്കൂട്ട് അറ്റകുറ്റപ്പണികൾ നടത്തി കേടുപാടുകൾ ആരുമറിയാതെ പരിഹരിക്കാനാണ് നീക്കം നടത്തിയത്. പദ്ധതിയുടെ ഭാഗമായി വൻ ഇടപാടുകൾ ഇത്തരം കമ്പനികളുമായി നടന്നുവെന്നാണ് ആരോപണം.
പിന്നിൽ ആര്?
സംസ്ഥാനത്തെ മീൻപിടിത്ത രീതി അനുസരിച്ചുള്ള ബോട്ടല്ല തയാറാക്കപ്പെട്ടത്. വൻ പദ്ധതി നടപ്പാക്കുന്നതിന് മുൻപ് പഠനമോ മത്സ്യത്തൊഴിലാളികളുടെ സാഹചര്യങ്ങളോ കണക്കിലെടുത്തില്ല. കോടികളുടെ ഇടപാടുകൾ മാത്രമാണ് പദ്ധതിക്ക് ആധാരമായത്. ഇൗ ഒരൊറ്റ കാരണം കൊണ്ടാണ് ആദ്യ യാത്രയിൽതന്നെ പദ്ധതി പൊളിഞ്ഞത്. എൻജിനും ഫ്രീസറും ജനറേറ്ററും ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ നൽകിയ കമ്പനികൾ പ്രതികരിച്ചിട്ടില്ല. ബാധ്യതയെല്ലാം ഏറ്റെടുത്ത മത്സ്യത്തൊഴിലാളികൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. വായ്പ നൽകിയ ബാങ്കുകൾ ജപ്തി ഭീഷണികൾ മുഴക്കിത്തുടങ്ങി. പരിഹാരമാർഗം കാണാതെ സർക്കാരും മൗനത്തിലാണ്.