കാര്യസിദ്ധിയുടെ പുണ്യവുമായി കേട്ടകാളി കുടുംബക്ഷേത്രം

Mail This Article
ഊർങ്ങാട്ടിരി ∙ കുരിക്കലമ്പാട് ഓടക്കാളി ഭഗവതി കേട്ടകാളി കുടുംബ ക്ഷേത്രത്തിലെ നാട്ടുത്സവത്തിനു നാളെ തുടക്കമാകും. പഴമക്കാർ വർഷങ്ങളോളം തറ മണ്ഡപത്തിൽ അനുഷ്ഠാനങ്ങൾ ചെയ്തു ധന്യമാക്കിയെന്നാണു വിശ്വാസം. വർഷങ്ങൾക്കു മുൻപുതന്നെ പ്രത്യക്ഷ ഭഗവതി ആരാധന തുടങ്ങിയിരുന്നു. കാര്യസിദ്ധിക്കായി ക്ഷേത്ര ശക്തിയെ സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർ ഭക്തിയോടെ ആരാധിക്കുന്നു. മകര മാസത്തിലെ ആദ്യ ശനിയാഴ്ച കൊടിയേറ്റത്തോടെ ആരംഭിച്ചു രണ്ടാം ശനിയാഴ്ച നടക്കുന്ന ഉത്സവം നാട്ടുത്സവമായാണ് ആഘോഷിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ഉത്സവവും ഇതുതന്നെ.
പുലർച്ചയ്ക്കു ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ഉത്സവ ചടങ്ങുകൾ അടുത്ത ദിവസം പുലർച്ചെയ്ക്ക് ഗുരുതി തർപ്പണത്തോടെയാണ് അവസാനിക്കുക. പ്രസാദവും അന്നദാനവും പ്രധാനമാണ്. ഭക്തർ ആദര പൂർവം പങ്കെടുക്കുന്ന ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലെ പൂജകളും പ്രത്യേകതയുള്ളതാണ്. എല്ലാ ദിവസവും അന്നദാനവും നടക്കുന്നുണ്ട്. കർക്കടക മാസം, മണ്ഡല മാസത്തെ 41 നോമ്പ്, പ്രതിഷ്ഠാദിനം തുടങ്ങിയവയും പ്രധാന ആഘോഷങ്ങളാണ്.
കൊടിയേറ്റം
കൊടിയേറ്റത്തോടെ ആരംഭിക്കുന്ന നോമ്പിന്റെ വിശുദ്ധിയിലാണ് ഉത്സവം. പടിയൻ ചാത്തു കോമരത്തിന്റെ പിൻമുറക്കാരനായി പടിയൻ പരമേശ്വരന്റെ നേതൃത്വത്തിലാണു ചടങ്ങുകൾ നടക്കുക. ക്ഷേത്രാരാധനയുടെ മുഖ്യ കാർമികത്വം വഹിക്കുന്നതും അദ്ദേഹം തന്നെ.
നാട്ടുത്സവം നാളെ
ക്ഷേത്ര കലകളും മേളങ്ങളും ഉൾക്കൊള്ളിച്ചാണ് ഇപ്പോൾ നാട്ടുത്സവം സംഘടിപ്പിക്കുന്നത്. ഗണപതിഹോമം, ഭഗവതിസേവ, ശുദ്ധികലശം, കുടവരവ്, ഉച്ചപൂജ, മഞ്ഞത്താലപ്പൊലി, കൈക്കൊട്ടിക്കളി, വനിതാ ശിങ്കാരിമേളം, തായമ്പക, നാടൻപാട്ട്, എഴുന്നള്ളിപ്പുകൾ, അരിത്താലപ്പൊലി, ഗുരുതിയാട്ടം എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. നാടൻപാട്ട്, തെയ്യക്കാഴ്ച, തംബോല, വനിതാ ശിങ്കാരിമേളം എന്നിവയും നടക്കും. (ഊർങ്ങാട്ടിരി പഞ്ചായത്തിൽ അരീക്കോട്-ഒതായി റോഡിലാണ് കുരിക്കലമ്പാട്.)