സി സോൺ കലോത്സവം; കിരീടത്തിനരികെ മമ്പാട് എംഇഎസ് കോളജ്

Mail This Article
കൊണ്ടോട്ടി ∙ ഇഎംഇഎ കോളജ് സി സോൺ കലോത്സവത്തിൽ മമ്പാട് എംഇഎസ് കോളജ് കിരീടത്തിനരികെ. 94 വിഭാഗത്തിൽ ഫലം പ്രഖ്യാപിച്ചപ്പോൾ മമ്പാട് എംഇഎസ് 242 പോയിന്റുമായി ഒന്നാമതാണ്. കാലിക്കറ്റ് സർവകലാശാല (190)യാണു രണ്ടാമത്. 177 പോയിന്റുമായി പിഎസ്എംഒ കോളജ് മൂന്നാം സ്ഥാനത്തുണ്ട്. ആതിഥേയരായ കൊണ്ടോട്ടി ഇഎംഇഎ കോളജിനാണു (99) നാലാം സ്ഥാനം. രാത്രി വൈകിയും മത്സരം തുടരുകയാണ്. 11 മത്സരങ്ങളുടെ ഫലങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ എസ്.തീർഥയും മമ്പാട് എംഇഎസ് കോളജിലെ അനാമിക ശിവദാസും കലാതിലകപ്പട്ടം പങ്കിട്ടു. കൊണ്ടോട്ടി ഇഎംഇഎ കോളജിലെ നവനീതിനെ കലാപ്രതിഭയായും തിരഞ്ഞെടുത്തു. ഇന്റർസോൺ കലോത്സവം ഫെബ്രുവരി 8 മുതൽ 12 വരെ വളാഞ്ചേരി മജ്‌ലിസ് കോളജിൽ നടക്കും. അന്തരിച്ച മുൻ എംഎൽഎ കെ.മുഹമ്മദുണ്ണി ഹാജിയുടെ പേരിലാണ് വിജയികൾക്കുള്ള ട്രോഫികൾ.
അപ്പീലുകൾ 12
സി സോൺ കലോത്സവത്തിലെ വിധിനിർണയത്തിനെതിരെ 12 അപ്പീലുകൾ. ഒപ്പനയിലാണ് കൂടുതൽ (7). മാപ്പിളപ്പാട്ടിലും മാർഗം കളിയിലും രണ്ടു വീതവും തിരുവാതിരയിൽ ഒന്നും അപ്പീലുകൾ ലഭിച്ചു.