ആശങ്കയുടെ 21 മണിക്കൂറുകൾ: കിണറ്റിൽ വീണ കാട്ടാനയെ കിണറിന്റെ അരികിടിച്ച് കരകയറ്റി

Mail This Article
അരീക്കോട് ∙ വെറ്റിലപ്പാറ കൂരങ്കല്ലിൽ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടാനയെ നീണ്ട 21 മണിക്കൂർ നേരത്തെ കഠിനപരിശ്രമത്തിനു ശേഷം പുറത്തെത്തിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കിണറിന്റെ അരികിടിച്ചാണു കരകയറ്റിയത്. അധികം വൈകാതെ ആന കാടുകയറി.

കിണറ്റിൽ വച്ചുതന്നെ മയക്കുവെടി വച്ചു ലോറിയിൽ ആനയെ ഉൾവനത്തിൽ കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ടു ജനപ്രതിനിധികളുൾപ്പെടെയുള്ള നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന്, ആന കിണറ്റിൽ വീണു 17 മണിക്കൂറിലേറെ കഴിഞ്ഞാണു കിണറിന്റെ അരിക് ഇടിച്ചു തുടങ്ങാനായത്. അസിസ്റ്റന്റ് കലക്ടറും ഡിഎഫ്ഒയുമുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നാണു നാട്ടുകാരുടെ പ്രതിഷേധം തണുത്തത്.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിന്റെ പുരയിടത്തിലെ കിണറ്റിൽ ഏകദേശം 2 വയസ്സ് പ്രായമായ കാട്ടാന വീണത്. രാത്രി 10 മണിയോടെ പ്രദേശത്ത് ഇറങ്ങിയ ആനക്കൂട്ടത്തെ ഓടിക്കാനായി സണ്ണിയും സമീപവാസികളും ശ്രമം തുടങ്ങിയിരുന്നു. ഇതിനിടെ കൊമ്പൻ തിരിഞ്ഞു സണ്ണിയെ ആക്രമിക്കാൻ വന്നപ്പോഴാണു കിണറ്റിൽ വീണതെന്നു നാട്ടുകാർ പറയുന്നു. ആഴ്ചകളായി പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാണ്. കിണറ്റിൽ വീണ കൊമ്പൻ ഉൾപ്പെടെ പലതവണ പ്രദേശത്തു ഭീതി സൃഷ്ടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി.കാർത്തിക്കിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. കിണറിന്റെ അരിക് ഇടിച്ച് ആനയെ കരയ്ക്കെത്തിച്ച ശേഷം മയക്കുവെടി വയ്ക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തെ ആദ്യം നാട്ടുകാർ ശക്തമായി എതിർത്തു. മണ്ണുമാന്തിയന്ത്രം തടയലുൾപ്പെടെയുള്ള പ്രതിഷേധങ്ങളുണ്ടായി. കരയ്ക്കെത്തിച്ച ആനയെ തിരികെ അവിടെത്തന്നെ തുറന്നുവിടാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.
ഏറെനേരം സംഘർഷാവസ്ഥ തുടർന്നു. ഇതിനിടെ ആനയുടെ ആരോഗ്യസ്ഥിതി മോശമായതായി ഡിഎഫ്ഒ അറിയിച്ചു. അസിസ്റ്റന്റ് കലക്ടർ വി.എം.ആര്യയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ, തഹസിൽദാർ, ഡിവൈഎസ്പി തുടങ്ങിയവർ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പള്ളി വികാരി തുടങ്ങിയവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് അന്തരീക്ഷം ശാന്തമായത്.
ചർച്ചയിലെ ധാരണപ്രകാരം ഇന്നു രാവിലെ 9നു നാട്ടുകാരുടെ പ്രതിനിധികൾ കലക്ടറുമായി മലപ്പുറത്തു ചർച്ച നടത്തും. ഊർങ്ങാട്ടിരിയിൽ ഏഴര കിലോമീറ്റർ ദൂരത്തിൽ സോളർ തൂക്കുവേലി സ്ഥാപിക്കും. സണ്ണിയുടെ കിണർ നന്നാക്കുന്നതിനു 1.50 ലക്ഷം രൂപ അനുവദിക്കും. വന്യജീവി ശല്യം കാരണമുള്ള കൃഷിനാശം വിലയിരുത്തുന്നതിന് ഇന്നു കലക്ടറുമായി നടക്കുന്ന ചർച്ചയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
ആന വീണതോടെ വെള്ളംകുടിമുട്ടി സണ്ണിയും കുടുംബവും
അരീക്കോട് ∙ ആന കിണറ്റിൽ വീണതോടെ വെറ്റിലപ്പാറ അട്ടാറുമാക്കൽ സണ്ണി സേവ്യറും കുടുംബവും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇവർ സ്ഥിരമായി കുടിവെള്ളത്തിനും മറ്റു വീട്ടാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന കിണറ്റിലാണു കാട്ടാന വീണത്. ‘ഇന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെള്ളം എത്തിച്ചുതന്നു.
തൽക്കാലം സഹായിക്കാമെന്ന് അയൽവാസികളും പറഞ്ഞിട്ടുണ്ട്. എന്നാൽ, കിണർ പൊളിച്ചാൽ എന്തു ചെയ്യുമെന്ന് ആശങ്കയുണ്ട്’ – ജെസിബി എത്തിച്ചപ്പോൾ ഉൾപ്പെടെ വൈകാരികമായാണു സണ്ണി പ്രതികരിച്ചത്. തന്റെ പുരയിടത്തിൽ ജെസിബി കയറ്റില്ല എന്നായിരുന്നു സണ്ണിയുടെ നിലപാട്. സണ്ണിയും ഭാര്യ ഷീനയും അമ്മയും രണ്ടു പെൺമക്കളുമാണ് വീട്ടിലുള്ളത്.
ആനയെ വീണിടത്തുതന്നെ മണ്ണിട്ട് മൂടണം: അൻവർ
അരീക്കോട് ∙ കിണറ്റിൽ വീണ ആനയെ ആ കിണറ്റിൽ തന്നെ മണ്ണിട്ടു മൂടണമെന്ന വിവാദ പ്രസ്താവനയുമായി നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവർ. വെറ്റിലപ്പാറയിൽ ആന കിണറ്റിൽ വീണ സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അൻവർ. വിദേശ രാജ്യങ്ങളിൽ ചെയ്യുന്നത് പോലെ വെടിവച്ചു കൊല്ലേണ്ടതിനെ വെടിവച്ചു കൊല്ലണം. അതിരപ്പിള്ളിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുഴുവൻ ഒരാനയുടെ മുറിവുണക്കാൻ നടക്കുകയാണ്. മനുഷ്യനെ ചവിട്ടിക്കൊന്നാൽ 5 ലക്ഷം തന്നിട്ട് ഇവർ പോകും. കേരളത്തിലെ ഒരു ഫോറസ്റ്റ് ഓഫിസും പ്രവർത്തിക്കാൻ ജനം അനുവദിക്കരുതെന്നും പി.വി.അൻവർ പറഞ്ഞു.
സംഘർഷാവസ്ഥ ലഘൂകരിക്കാനായത് ജനപ്രതിനിധികളുടെ ഇടപെടൽ മൂലം
ഊർങ്ങാട്ടിരി∙ ഓടക്കയം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സ്ഥലത്തു രൂപപ്പെട്ട സംഘർഷാവസ്ഥ ലഘൂകരിച്ചതു ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സമയോചിത ഇടപെടൽ. ആനയെ കിണറ്റിൽ നിന്നു രക്ഷിക്കുന്നതിനെച്ചൊല്ലി നാട്ടുകാരും വനംവകുപ്പും തമ്മിൽ നിലനിന്ന തർക്കം ഇന്നലെ രാത്രി 7 മണിവരെ നീണ്ടു. അപ്പോഴേക്കും ആന കിണറ്റിൽ വീണിട്ടു 17 മണിക്കൂറുകൾ പിന്നിട്ടിരുന്നു.
ആനയുടെ ആരോഗ്യസ്ഥിതി മോശമായെന്ന ഡിഎഫ്ഒയുടെ അറിയിപ്പും ആശങ്ക പരത്തി. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് കൃഷി നാശമുൾപ്പെടെയുള്ള പ്രശ്നങ്ങളിൽ കടുത്ത പ്രതിഷേധത്തിലായിരുന്ന നാട്ടുകാർ നിലപാടിൽ ഉറച്ചുനിന്നതോടെ സംഘർഷാവസ്ഥ കൈവിട്ടു പോകുമെന്ന സ്ഥിതിയിലെത്തി. ഇതിനിടെയാണ്, ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇടപെട്ട് അസിസ്റ്റന്റ് കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സംഘർഷാവസ്ഥ ലഘൂകരിച്ചത്.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കാർഷിക മേഖലയായ ഇവിടെ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതു നിത്യ സംഭവമാണ്. ഇതിനെതിരെ നാട്ടുകാർക്കിടയിൽ പുകഞ്ഞിരുന്ന പ്രതിഷേധമാണു ഇന്നലെ ആന കിണറ്റിൽ വീണതോടെ അണപൊട്ടിയത്. ആനയെ പുറത്തെത്തിച്ച ശേഷം മയക്കുവെടി വയ്ക്കാമെന്ന വനം വകുപ്പിന്റെ നിർദേശത്തെ നാട്ടുകാർ ശക്തമായി എതിർത്തു. നാട്ടിലേക്കു വീണ്ടും ഇറങ്ങാവുന്ന രീതിയിൽ ആനയെ തുറന്നുവിടാനാണു വനം വകുപ്പിന്റെ ശ്രമമെന്നായിരുന്നു ആരോപണം. കിണറ്റിനുള്ളിൽ മയക്കുവെടിവച്ചു വീഴ്ത്തി ലോറിയിലോ മറ്റോ ഉൾവനത്തിലേക്കു വിടണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അധികൃതർ വിശദീകരിച്ചെങ്കിലും ജനം പ്രതിഷേധത്തിൽ നിന്നു പിന്മാറിയില്ല. ഇതിനിടെ പ്രതിഷേധം പലപ്പോഴും സംഘർഷത്തിലേക്കു നീങ്ങി. ജനം കൂട്ടംകൂടുന്നതു വിലക്കിയെങ്കിലും പ്രതിഷേധം തുടർന്നു. ആനയുടെ ആരോഗ്യനില വഷളാകുന്ന ആശങ്ക വനംവകുപ്പ് അറിയിച്ചതിനു പിന്നാലെയാണു ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടന്നത്. ഇതിൽ തീരുമാനമായതോടെ രാത്രി എട്ടരയോടെ മണ്ണു മന്ത്രി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം പൊളിക്കുന്ന ജോലി തുടങ്ങി.