ജില്ലയിലെ ആദ്യ ജെറിയാട്രിക് വാർഡ് നിലമ്പൂരിനു സ്വന്തം

Mail This Article
നിലമ്പൂർ ∙ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആദ്യത്തെ ജെറിയാട്രിക് വാർഡ് നിലമ്പൂരിനു സ്വന്തം. കേന്ദ്ര പതിനഞ്ചാം ധനകാര്യ കമ്മിഷൻ അനുവദിച്ച 1.02 കോടി രൂപ ചെലവഴിച്ച് നിലമ്പൂർ നഗരസഭാ പദ്ധതിയിലാണ് വയോജന സൗഹൃദമായി വാർഡ് നിർമിച്ചത്.ആശുപത്രിയിൽ സമഗ്ര വയോജന പരിചരണ യൂണിറ്റിന്റെ ഭാഗമായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാർഡുകളാണു സജ്ജീകരിച്ചത്. ഓരോന്നിലും 10 കിടക്കകളുണ്ട്. ശീതീകരിച്ച വാർഡുകളിലെ സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളെ കവച്ചുവയ്ക്കുന്നതാണ്.
ഓരോ കിടക്കയും കർട്ടൺ കൊണ്ടു മറച്ചതാണ് - ഓക്സിജൻ നൽകാനും ആവി പിടിക്കാനും എല്ലാ കിടക്കയിലും പ്രത്യേകം സൗകര്യം ഉണ്ട്. തറ തെന്നാത്ത ടൈലുകൾ പാകിയതാണ്. ചുവരുകൾ പെയിന്റിംഗ്, അലങ്കാര സ്റ്റിക്കറുകൾ എന്നിവയാൽ അലങ്കരിച്ചു. മ്യൂസിക് സിസ്റ്റം, പ്രധാന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.
ശുചിമുറികൾ വയോജന, ഭിന്ന ശേഷി സൗഹൃദമാണ്. ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, കാർഡിയാക് ടേബിൾ തുടങ്ങി 21 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വാങ്ങി. ജീവനക്കാരിൽ ഒരു സ്റ്റാഫ് നഴ്സിനെ എൻഎച്ച്എഎമ്മിൽ നിന്നു നിയമിച്ചു. ഡോക്ടർ ഉൾപ്പെടെ മറ്റുള്ളവരെ നിലവിലുള്ളവരിൽ നിന്ന് ക്രമീകരിക്കണം. മന്ത്രി വി.അബ്ദുറഹിമാൻ 27ന് 11ന് വാർഡ് ഉദ്ഘാടനം ചെയ്യും.