ശുചിമുറി മാലിന്യം ടാങ്കർ ലോറിയിലെത്തിച്ച് തോട്ടിൽ തള്ളി; 4 പേർ പൊലീസ് പിടിയിൽ

Mail This Article
നിലമ്പൂർ∙ വടപുറം പാലപ്പറമ്പിലെ തോട്ടിൽ ശുചിമുറിമാലിന്യം തള്ളിയ സംഭവത്തിൽ 4 പേർ പൊലീസിന്റെ പിടിയിൽ. ടാങ്കർ ലോറി, കാർ എന്നിവ കസ്റ്റഡിയിലെടുത്തു.വാഹനങ്ങളുടെ ഉടമകളായ മഞ്ചേരി രാമൻകുളം സ്വദേശി പൂളക്കുന്നൻ ഷാജഹാൻ (31), പന്നിപ്പാറ പാലപ്പറ്റ പുത്തൻപള്ളിയാളി ഷെരിഫ്, (27) ജീവനക്കാരായ എളംകൂർ മഞ്ഞപ്പറ്റ ചെങ്ങരായി മുഹമ്മദ് നിഷാദ് (24), തേനേമൂച്ചി മുഹമ്മദ് ഷാഹീർ (28) എന്നിവരെയാണ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തത്.
16ന് പുലർച്ചെ 4ന് ആണ് കേസിനിടയാക്കിയ സംഭവം. മാലിന്യം കയറ്റിയ ടാങ്കറിനു പൈലറ്റ് പോകുന്നതാണു കാർ. സുരക്ഷിത സ്ഥാനം കണ്ടെത്തിയാൽ കാറിലുള്ളയാൾ വിവരം നൽകും. പിന്നാലെ ടാങ്കർ എത്തി നിമിഷങ്ങൾ കൊണ്ടു മാലിന്യം തള്ളി കടന്നുകളയും. പുറംതള്ളാൻ മോട്ടർ, വണ്ണമുള്ള കുഴൽ എന്നിവ ലോറിയിൽ സജ്ജമാണ്.

പാലപ്പറമ്പിൽ ശുദ്ധജല വിതരണ പദ്ധതികളുള്ള കുതിരപ്പുഴയുടെ കൈത്തോട്ടിലാണ് തള്ളിയത്.മമ്പാട് പഞ്ചായത്തംഗം സീനാ ചന്ദ്രന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതു നിരീക്ഷിക്കാൻ വടപുറം പാലത്തിന് സമീപം നഗരസഭ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ലോറിയുടെ ദൃശ്യം പതിഞ്ഞതാണു കേസിനു തുമ്പുണ്ടാക്കിയത്.
സമാന കുറ്റകൃത്യത്തിനു പ്രതികൾക്കെതിരെ ചേവായൂർ, ഏലത്തൂർ, അരീക്കോട്, നിലമ്പൂർ, എടവണ്ണ സ്റ്റേഷനുകളിൽ കേസുണ്ട്. പാലപ്പറമ്പിൽ 2 ലോഡ് ഹോട്ടൽ മാലിന്യം തള്ളിയത് പ്രതികളാണെന്നു കണ്ടെത്തി. പ്രമുഖ ഹോട്ടലിന്റെ മാനേജരെ സ്റ്റേഷനിൽ വരുത്തി താക്കീത് ചെയ്തു.എസ്ഐ ഇ.എൻ.രതീഷ്, സിപിഒ പി.അനസ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരാണു കേസ് അന്വേഷിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.