പുലി ഭീഷണിയിൽ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ പരിസരം

Mail This Article
പട്ടിക്കാട്∙ പുലി ഭീഷണിയിൽ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ പരിസരവാസികൾ. വ്യാഴം രാത്രി പതിനൊന്നരയോടെയാണ് റെയിൽപാതയുടെ പടിഞ്ഞാറ് നിന്ന് കിഴക്കു ഭാഗത്തേക്ക് പുലി നടന്ന് നീങ്ങുന്നതായി റെയിൽവേ സ്‌റ്റേഷൻ ജീവനക്കാരൻ സലീം ചുങ്കത്ത് കണ്ടത്. ഈ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാരിൽ ചിലർ മുൻപ് പറഞ്ഞിരുന്നു. റെയിൽപാതയ്‌ക്ക് സമീപമുള്ള ആയപ്പള്ളി കുളത്തിൽ വെള്ളം കുടിച്ച് നീങ്ങുന്ന പുലിയെ കണ്ടവരുമുണ്ടത്രേ.
ചേരിയംമലയുടെ ചെരിവിൽ നിന്ന് മുള്ള്യാകുർശി ഭാഗത്ത് വളർത്തു മൃഗങ്ങളെ പിടിച്ച പുലിയെ 6 വർഷം മുൻപ് വനംവകുപ്പ് അധികൃതർ കൂടു വച്ച് പിടിച്ചിരുന്നു. 8 മാസം മുൻപ് മുള്ള്യാകുർശി നിരന്നപറമ്പിൽ പുലി വലിയ തോതിൽ വളർത്തു മൃഗങ്ങളെ പിടികൂടിയിരുന്നു. അന്ന് വനംവകുപ്പ് കൂടും നിരീക്ഷണ ക്യാമറയും സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. അവിടെ നിന്ന് രണ്ടര കിലോമീറ്റർ വടക്കു വശത്താണ് ഇപ്പോൾ പുലിയെ കണ്ട റെയിൽവേ സ്‌റ്റേഷൻ പരിസരം. കരുവാരക്കുണ്ട് റേഞ്ച് ഡപ്യൂട്ടി ഓഫിസർ സ്ഥലത്തെത്തുകയും പുലിയുടേതായി കരുതുന്ന ചവിട്ടുപാടുകൾ പരിശോധിക്കുകയും ചെയ്‌തു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് തുടർനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.