1930 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നട്ടുവളർത്തിയ നിലമ്പൂർ തേക്കിന് കിട്ടിയത് പൊന്നുംവില

Mail This Article
നിലമ്പൂർ ∙ വനം വകുപ്പിന്റെ ചരിത്രത്താളുകളിൽ ഇടംപിടിച്ച തേക്കിനു പൊന്നുംവില. നിലമ്പൂർ അരുവാക്കോട് വനം വകുപ്പിന്റെ സെൻട്രൽ ഡിപ്പോയിലെ ലേലത്തിൽ 2.14 കോടി രൂപ സർക്കാരിനു വരുമാനം. സമീപകാലത്തു ഡിപ്പോയിൽ ഒറ്റലേലത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന തുകയാണിത്. ബ്രിട്ടിഷ് ഭരണകാലത്ത് 1930ൽ വഴിക്കടവ് നെല്ലിക്കുത്തിൽ നട്ടുവളർത്തിയ തോട്ടത്തിലെ 66 ലോട്ട് തടികളാണ് 30ന് ഓൺലൈനായി ലേലം ചെയ്തത്.
മൊത്തം 120 ഘനമീറ്ററാണ്. അതിൽ 53 ലോട്ടുകളിലെ 96.89 ഘനമീറ്റർ ലേലത്തിൽ വിറ്റുപോയി. ഏറ്റവും ഉയർന്ന വില കിട്ടിയത് ബി കയറ്റുമതി ഇനത്തിൽ ഒരു കഷണത്തിനാണ്. ഘനമീറ്ററിന് 3.99 ലക്ഷം രൂപ. 1.41 ഘനമീറ്ററുള്ള കഷണത്തിന് 7.94 ലക്ഷം രൂപ ആകെ വില വരും. ഏറ്റവും അധികം തടി ലേലത്തിൽ പിടിച്ചത് വടപുറം ടി.എ.ടിംബേഴ്സ് ഉടമ അസ്കറാണ്. 63 ലോട്ടുകളിൽ 43 എണ്ണം അസ്കർ സ്വന്തമാക്കി. 96.89 ഘനമീറ്ററുണ്ട്. 1.75 കോടി രൂപയോളം വില വരും.
1930 തോട്ടത്തിലെ തടികളുടെ അടുത്ത ലേലം 3ന് നടത്തും. 74 ലോട്ടുകളുണ്ട്. ബ്രിട്ടിഷ് പാരമ്പര്യം പേറുന്ന തേക്ക് തോട്ടങ്ങളിൽ അവസാന കണ്ണിയാണു നെല്ലിക്കുത്ത്.