ഇന്ത്യയാകെ ഓടി, ഒത്താൽ അതിർത്തിയും കടക്കാൻ മലപ്പുറത്തുനിന്ന് ഒരു ഓട്ടോ പുറപ്പെടുന്നു...

Mail This Article
മലപ്പുറം∙ ഓട്ടോയിൽ 150 ദിവസം നീളുന്ന യാത്രയ്ക്കൊരുങ്ങുകയാണു മലപ്പുറം ആലത്തൂർപ്പടി വടക്കേപ്പുറം സ്വദേശി സി.കെ.മുഹമ്മദ് സൽമാനും (30) 2 സുഹൃത്തുക്കളും. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും ഒപ്പം നേപ്പാളും ഭൂട്ടാനും കൂടിയാണു ലക്ഷ്യം. ഈ സ്വപ്നയാത്ര യാഥാർഥ്യമാക്കാൻ നടത്തിയത് 8 മാസം നീണ്ട ‘ഗവേഷണവും’ തയാറെടുപ്പും. 9ന് രാവിലെ 10ന് മേൽമുറി എംഎംഇടി എച്ച്എസ്എസിനു മുന്നിൽ യാത്ര ഫ്ലാഗ്ഓഫ് ചെയ്യും.
ടൈൽസ് കരാർ ജോലികൾ ചെയ്യുന്ന സൽമാനൊപ്പം, സൗദിയിൽനിന്ന് അവധിക്കു നാട്ടിലെത്തിയ കൊണ്ടോട്ടി കാളോത്ത് സ്വദേശി സി.പി.ജവാദ് (25), കോട്ടയം മുണ്ടക്കയം സ്വദേശി റിട്ട.സിഐ എം.എം.മുരളീധരൻ (63) എന്നിവരാണ് ഉള്ളത്. യാത്രാപ്രിയം കൂട്ടുകാരാക്കിയവർ. സോളർ സംവിധാനവും പുഷ്ബാക്ക് സീറ്റും പ്രൈവറ്റ് ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്. ടെന്റ് അടിച്ചു രാത്രി തങ്ങുമ്പോൾ ലൈറ്റ്, ഫാൻ, സിസിടിവി എന്നിവയ്ക്കായാണു സോളർ സംവിധാനം. പാചകത്തിനായി ഗ്യാസ് സിലിണ്ടർ അടക്കം കരുതി.
ചെലവു കുറച്ചൊരു യാത്ര.ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂ, മതനിരപേക്ഷ ഇന്ത്യയ്ക്കായി പ്രവർത്തിക്കൂ എന്നീ സന്ദേശങ്ങളെഴുതിയ ഓട്ടോയിൽ യാത്രയുടെ റൂട്ട് മാപ്പും വരച്ചിട്ടിട്ടുണ്ട്. മലപ്പുറത്തുനിന്നു തിരുവനന്തപുരം, കന്യാകുമാരി, ചെന്നൈ വഴി കിഴക്കു വശത്തുകൂടി പോയി മടക്കയാത്രയിൽ മറുവശത്തെ സംസ്ഥാനങ്ങളിലൂടെ തിരിച്ചെത്താനാണു ലക്ഷ്യം. നേപ്പാളിൽ ഒരു മാസം തങ്ങാനുദ്ദേശിക്കുന്നതിനാൽ എവറസ്റ്റ് ബേസ് ക്യാംപ് അടക്കം ബക്കറ്റ് ലിസ്റ്റിലുണ്ട്. നാട്ടിലെയും വിവിധ സംസ്ഥാനങ്ങളിലെയും സുഹൃത്തുക്കളാണു സ്പോൺസർമാർ.