പാതിവിലയുടെ പേരിൽ ഫുൾ തട്ടിപ്പ്: മലപ്പുറം ജില്ലയിൽ പണം പോയത് അഞ്ഞൂറിലേറെ പേർക്ക്
Mail This Article
നിലമ്പൂർ/മാറഞ്ചേരി∙ പാതിവിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിൽ ജില്ലയിൽ പണം നഷ്ടപ്പെട്ടത് അഞ്ഞൂറിലേറെ പേർക്ക്. മാറഞ്ചേരി പഞ്ചായത്തിൽനിന്നു മാത്രം 486 പേർ പകുതി വിലയ്ക്കു സാധനങ്ങൾ ലഭിക്കാൻ നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന പ്രാഥമിക വിവരം. നിലമ്പൂരിലും എടവണ്ണപ്പാറയിലും സമാന പരാതികൾ ഉയർന്നു. നിലമ്പൂരിലും പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലുമായി 20 പരാതികളാണ് ഇതുവരെ ലഭിച്ചത്. മറ്റു പലയിടങ്ങളിലും തട്ടിപ്പിനിരയായവർ സംഘടിച്ചു പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
ചൂഷണം ചെയ്തത് വിശ്വാസ്യത
സാമൂഹിക സേവന മേഖലയിൽ പ്രവർത്തിക്കുന്ന പ്രാദേശിക സന്നദ്ധ സംഘടനകളെ ഒപ്പം ചേർത്താണു നാഷനൽ എൻജിഒ കോൺഫെഡറേഷൻ തട്ടിപ്പിനു കളമൊരുക്കിയത്. സംഘടനകൾ വഴിയാണു പണം സമാഹരിച്ചത്. റജിസ്ട്രേഷനായി 6000 രൂപ വരെ ഫീസും വാങ്ങി.
ഇതിന്റെ വിഹിതം ചിലയിടത്തെങ്കിലും സംഘടനകൾക്കു ലഭിച്ചിട്ടുണ്ടെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. പുറങ്ങ് കേന്ദ്രമായുള്ള ഹരിയാലി, മാറഞ്ചേരി കേന്ദ്രമായുള്ള സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, നിലമ്പൂരിൽ ഓസ്വാൾഡ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സംഘടനകളാണ് പ്രമോട്ടർമാരായി പ്രവർത്തിച്ചത്. ഇവർക്കെതിരെയാണു പണം നഷ്ടപ്പെട്ടവർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഒരു കോടിയോളം രൂപ തട്ടിച്ചെന്നു കാണിച്ചു തൊടുപുഴ ചൂരംകുളങ്ങര അനന്തു കൃഷ്ണനെതിരെ ഓസ്വാൾഡ് ട്രസ്റ്റ് അധ്യക്ഷൻ ബിനോയ് പാട്ടത്തിൽ പൊലീസിൽ പരാതി നൽകി. അതേസമയം ആയിരത്തോളം പേർക്ക് പദ്ധതിപ്രകാരം ലാപ്ടോപ്, ഇലക്ട്രിക് സ്കൂട്ടർ, വീട്ടുപകരണങ്ങൾ എന്നിവ വിതരണം ചെയ്തതായും പണം നഷ്ടപ്പെടാതിരിക്കാൻ ആക്‌ഷൻ കൗൺസിൽ വഴി നിയമനടപടി സ്വീകരിക്കുമെന്നും ഹരിയാലി മേധാവി കെ.എ.ബക്കർ അറിയിച്ചു.
13000 രൂപ മുതൽ 66900 രൂപവരെ
ഇലക്ട്രിക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷീൻ എന്നിവ പാതി വിലയ്ക്കു നൽകുമെന്നായിരുന്നു വാഗ്ദാനം. റജിസ്ട്രേഷൻ ഫീസും പാതി തുകയും നൽകണം. ബാക്കി തുക കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽനിന്നു കണ്ടെത്തുമായിരുന്നു വാഗ്ദാനം. തയ്യൽ മെഷീന് 13000 രൂപ വരെയും ലാപ്ടോപ്പിനു 30,000 മുതൽ 43,000 രൂപ വരെയും ഇലക്ട്രിക് സ്കൂട്ടറിനു 66,900 രൂപ വരെയുമാണു നൽകേണ്ടിയിരുന്നത്.
ആദ്യം പണം നൽകിയവരിൽ ചിലർക്കു സ്കൂട്ടറും തയ്യൽ മെഷീനും ലാപ്ടോപ്പുമൊക്കെ ലഭിച്ചിട്ടുണ്ട്. എന്നാൽ, പണം നൽകി ഒരു വർഷമായിട്ടും ലഭിക്കാത്തവരുണ്ടെന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വാട്സാപ് ഗ്രൂപ്പുകളിലും മറ്റും ചർച്ചകൾ നടക്കുന്നതിനിടെയാണു തട്ടിപ്പുവിവരം പുറത്താകുന്നത്.
എൻജിഒയെയും പറ്റിച്ചു
വ്യക്തികളെ മാത്രമല്ല, സാമൂഹിക സേവന മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും തട്ടിപ്പിൽ പണം നഷ്ടമായി. പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്കു തയ്യൽ മെഷീൻ നൽകുന്നതിനു ജില്ലയിലെ പ്രമുഖ സാമൂഹിക സേവന സംഘടന നാഷനൽ എൻജിഒ കോൺഫെഡറേഷനോടു സഹകരിച്ചിരുന്നു.
തയ്യൽ മെഷീനു വേണ്ട പാതി തുക ഇവർ നൽകുകയായിരുന്നു. വലിയ തുക നഷ്ടപ്പെട്ടതായി കാണിച്ചു സംഘടന നിലമ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലമ്പൂരിലെ പരാതികൾ ഇൻസ്പെക്ടർ സുനിൽ പുളിക്കലാണ് അന്വേഷിക്കുന്നത്. മൊഴി നൽകാൻ പരാതിക്കാരാേട് ഇന്ന് സ്‌റ്റേഷനിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്.